ഗരുഡ്! പുതുതലമുറ നെക്സോൺ വരവിന് ഒരുങ്ങുന്നു, പ്രതീക്ഷിക്കുന്നത് വൻ മാറ്റങ്ങൾ

ജനപ്രിയ കോംപാക്ട് എസ്.യു.വി.യായ നെക്സോണിന്റെ പുതിയ തലമുറ മോഡൽ 2027-ൽ എത്തും. 'ഗരുഡ്' എന്ന കോഡ് നാമത്തിലൊരുങ്ങുന്ന രണ്ടാം തലമുറ നെക്സോണിന്റെ പണിപ്പുരയിലാണ് ടാറ്റയെന്നാണ് റിപ്പോർട്ട്. നിലവിലുള്ള എക്സ് വൺ പ്ലാറ്റ് ഫോമിൽ വലിയ മാറ്റങ്ങൾ വരുത്തിയാകും ഈ വാഹനത്തിന്റെ നിർമാണം.
നിലവിൽ വിപണിയിലുള്ള ഒന്നാം തലമുറ നെക്സോൺ 2017-ൽ ആണ് പുറത്തിറങ്ങിയത്. ഈ മോഡലിന് രണ്ട് പ്രധാന ഫെയ്സ് ലിഫ്റ്റുകളും കമ്പനി നൽകിയിരുന്നു. 2020ലും 2023ലും ആയിരുന്നു അത്. 2027-ൽ രണ്ടാം തലമുറ എത്തുന്നതോടെ ആദ്യ തലമുറ നെക്സോൺ ഒരു പതിറ്റാണ്ട് തികയ്ക്കും.
എന്തെല്ലാം മാറ്റങ്ങൾ
ഇന്റീരിയർ ഡിസൈനിൽ ഉൾപ്പടെ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പെട്രോൾ, സി.എൻ.ജി പവർട്രെയിനുകൾ വരും തലമുറയിലും ഉണ്ടാകും. എന്നാൽ വിൽപനയിൽ ഇടിവ് നേരിടുന്ന ഡീസൽ എഞ്ചിൻ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
കൂടാതെ, സെലക്ടീവ് കാതലറ്റിക് റിഡക്ഷൻ (എസ്‍.സി.ആർ) സിസ്റ്റം ഉപയോഗിക്കാതെ തന്നെ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏക എൻജിനാണ് നെക്സോണിലെ 1.5 ഡീസൽ എൻജിൻ. എന്നാൽ ബി.എസ്.7 മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരുമ്പോൾ ഈ എൻജിനിൽ വരുത്തേണ്ട മാറ്റങ്ങൾ വലിയ ചെലവേറിയതാകും. നെക്സോണിന്റെ ഇലക്രിക് മോഡലിലും തലമുറ മാറ്റം പ്രതീക്ഷിക്കാം.
പവർട്രെയിനുകളും കരുത്തും
120 പി.എസ്. പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 115 പി.എസ്. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് നെക്സോണിന് കരുത്ത് പകരുന്നത്. 7സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, 6സ്പീഡ് മാനുവല്‍, 6സ്പീഡ് എ.എം.ടി, 5സ്പീഡ് മാനുവല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
മീഡിയം റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഇ.വി. എത്തുന്നത്. 30 കിലോവാട്ട് ബാറ്ററിയുള്ള മീഡിയം റേഞ്ച് 325 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. അതേസമയം, 40.5 കിലോവാട്ട് ബാറ്ററിയുള്ള ലോങ്ങ് റേഞ്ച് മോഡല്‍ 465 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. മീഡിയം റേഞ്ച് പതിപ്പില്‍ 129 ബി.എച്ച്.പി. പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ലോങ്ങ് റേഞ്ച് പതിപ്പില്‍ 145 ബി.എച്ച്.പി. പവര്‍ നല്‍കുന്ന മോട്ടോറുമാണുള്ളത്.
മെക്കാനിക്കലായി മറ്റ് സി.എന്‍.ജി. വാഹനങ്ങളില്‍ വ്യത്യസ്തമാണ് നെക്‌സോണ്‍. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമായി എത്തിയ ആദ്യ സി.എന്‍.ജി. എസ്.യു.വി. എന്ന ഖ്യാതിയും ഈ വാഹനത്തിന് സ്വന്തമാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിൽ പ്രവര്‍ത്തിക്കുന്നത്. 99 ബി.എച്ച്.പി. പവറും 170 എന്‍.എം.ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 6സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Next gen Tata Nexon launch