അകത്തളം സ്വിഫ്റ്റിലേത് പോലെ, അവതരണത്തിന് ദിവസങ്ങള്‍ മുമ്പ് ഡിസയറിന്റെ ഇന്റീരിയര്‍ ചിത്രം പുറത്ത്

മാരുതി സുസുക്കി ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന കോംപാക്ട് സെഡാന്‍ മോഡലായ ഡിസയറിന്റെ ഏറ്റവും പുതിയ മോഡലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുന്‍തലമുറ മോഡലുകളില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ ഡിസയറിന്റെ ഇന്റീരിയര്‍ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ഡിസയറിന്റെ മുന്‍ മോഡലിനെ അപേക്ഷിച്ച് മാറ്റമുണ്ടെങ്കില്‍ പുതുതലമുറ സ്വിഫ്റ്റിന് സമാനമായാണ് പുതിയ ഡിസയറിന്റെ അകത്തളത്തിന്റെ രൂപകല്‍പ്പന. എക്സ്റ്റീരിയര്‍ സ്റ്റൈലിഷാക്കുന്നതിനായി വരുത്തിയിട്ടുള്ള ഡിസൈന്‍ ഗിമിക്‌സുകള്‍ ഒന്നും ഇന്റീരിയറില്‍ നല്‍കിയിട്ടില്ല. ബ്ലാക്ക് ആന്‍ഡ് ബേജ് ഫിനീഷിങ്ങിലുള്ള പ്ലാസ്റ്റിക് മെറ്റീരിയലിനൊപ്പം ഫോക്‌സ് വുഡന്‍ പാനലുകളും നല്‍കി മൂന്ന് നിറങ്ങളിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്.
ഒമ്പത് ഇഞ്ച് വലിപ്പത്തില്‍ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് പുതിയ ഡിസയറില്‍ നല്‍കിയിട്ടുള്ളത്. എ.സി. വെന്റുകളുടെ രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് അനലോഗ് ഡയലുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍. സ്റ്റിയറിങ് വീലിന്റെ ഡിസൈനിലും ചെറിയ മിനുക്കുപണികള്‍ വരുത്തിയിട്ടുണ്ട്. ബേജ് ഫിനീഷിങ്ങിലുള്ള ഫാബ്രിക് സീറ്റുകളാണ് ഇതില്‍ നല്‍കുന്നത്. സ്റ്റോറേജ് സ്‌പേസിലും കുറവ് വരുത്തിയിട്ടില്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
പുതിയ ഡിസയറിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പുറത്തുവന്നിരുന്നു. അല്‍പ്പം ബോക്സിയായാണ് ഡിസയര്‍ തീര്‍ത്തിരിക്കുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ഫിനീഷിങ്ങില്‍ എല്‍.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാമ്പ്, താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, ഇതില്‍ നല്‍കിയിരിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിങ്ങനെ നീളുന്ന മുന്‍വശത്തുള്ള പുതുമകള്‍.
വശകാഴ്ചയില്‍ മാത്രമാണ് ഡിസയറിന്റെ മുന്‍ മോഡലുമായി ഏതാനും സാമ്യം തോന്നുന്നത്. അലോയി വീല്‍, ഫ്ളാറ്റ് ഡോര്‍ എന്നിവ മാറ്റത്തിന്റെ തെളിവാണ്. പിന്‍ഭാഗത്തും വലിയ മാറ്റങ്ങളാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് യൂണിറ്റാണ് ഡിസയറില്‍ നല്‍കിയിരിക്കുന്നത്. ലൈറ്റുകളുടെ ഡിസൈനിലുമുണ്ട് വലിയ മാറ്റം. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച് ഒരു ക്രോമിയം സ്ട്രിപ്പ് പിന്നിലുമുണ്ട്. ലളിതമായാണ് പിന്നിലെ ബമ്പറിന്റെ രൂപകല്‍പ്പന.
മെക്കാനിക്കലായി നിലവില്‍ വിപണിയില്‍ എത്തിയിട്ടുള്ള സ്വിഫിറ്റിന്റെ പിന്തുടര്‍ച്ചക്കാരനായിരിക്കും ഡിസയര്‍ എന്നാണ് വിലയിരുത്തലുകള്‍. പുതിയ ഇസഡ് സീരീസ് എന്‍ജിനായിരിക്കും ഡിസയറിലും നല്‍കുക. ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്.
Content Highlights: New Maruti Suzuki Dzire Interior Revealed by leaked image