ലുക്ക് ഗംഭീരം, ഫീച്ചറുകളില്‍ കേമം, ഇനി അറിയേണ്ടത് വില; പുതിയ ഡിസയറിന്റെ ബുക്കിങ് തുറന്ന് മാരുതി

മാരുതി സുസുക്കി പുറത്തുവിട്ട ഡിസയറിന്റെ ടീസര്‍ ചിത്രം | Photo: Maruti Suzuki
മാരുതി സുസുക്കി പുറത്തുവിട്ട ഡിസയറിന്റെ ടീസര്‍ ചിത്രം | Photo: Maruti Suzuki

മാരുതി സുസുക്കിയുടെ ടോപ്പ്‌സെല്ലിങ് കോംപാക്ട് സെഡാന്‍ മോഡലായ ഡിസയറിന്റെ പുതിയ മോഡല്‍ നവംബര്‍ 11-നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഡിസൈനില്‍ വലിയ അഴിച്ചുപണി വരുത്തിയും ഫീച്ചറുകളില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നല്‍കിയുമാണ് പുതിയ ഡിസയര്‍ നിരത്തുകളില്‍ എത്തിനൊരുങ്ങുന്നത്. അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡിസയറിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായി നിര്‍മാതാക്കളായ മാരുതി സുസുക്കി അറിയിച്ചു. 

മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെയും മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയുമാണ് ബുക്കിങ് സ്വീകരിക്കുന്നത്. 11,000 രൂപ അഡ്വാന്‍സ് തുകയാണ് ബുക്കിങ്ങിനായി ഈടാക്കുകയെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതിയ ഡിസയറിന്റെ വില നവംബര്‍ 11-ാം തീയതിയാണ് പ്രഖ്യാപിക്കുന്നതെങ്കിലും വാഹനത്തിന്റെ ഡിസൈനും ഫീച്ചറുമെല്ലാം നവംബര്‍ അഞ്ചിന് ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും മാരുതി സുസുക്കി അറിയിച്ചിരുന്നു.

നിലവില്‍ വിപണിയിലുള്ള ഡിസയറിനെ അപേക്ഷിച്ച് രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പിന്റെ വരവ്. മറ്റ് കോംപാക്ട് സെഡാന്‍ മോഡലുകളെ അപേക്ഷിച്ച് മുന്‍ഭാഗം അല്‍പ്പം ബോക്സിയായാണ് തീര്‍ത്തിരിക്കുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ഫിനീഷിങ്ങില്‍ എല്‍.ഇ,ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലാമ്പ്, താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, ഇതില്‍ നല്‍കിയിരിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് തുടങ്ങിയവയാണ് മുന്നിലെ പ്രധാന മാറ്റങ്ങള്‍. 

ഒമ്പത് ഇഞ്ച് വലിപ്പത്തില്‍ ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് പുതിയ ഡിസയറില്‍ നല്‍കിയിട്ടുള്ളത്. എ.സി. വെന്റുകളുടെ രൂപത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് അനലോഗ് ഡയലുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍. സ്റ്റിയറിങ് വീലിന്റെ ഡിസൈനിലും ചെറിയ മിനുക്കുപണികള്‍ വരുത്തിയിട്ടുണ്ട്. ബേജ് ഫിനീഷിങ്ങിലുള്ള ഫാബ്രിക് സീറ്റുകളാണ് ഇതില്‍ നല്‍കുന്നത്. കാര്യമായ സ്‌റ്റോറേജ് സ്‌പേസും ഉറപ്പാക്കിയാണ് അകത്തളം തീര്‍ത്തിരിക്കുന്നത്. 

ഇസഡ് സീരീസ് എന്‍ജിനിലേക്കുള്ള മാറ്റമാണ് മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമ. മാരുതി ആദ്യമായി സ്വിഫ്റ്റില്‍ പരീക്ഷിച്ച എന്‍ജിനാണിത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്.

Content Highlights: New Maruti Suzuki Dzire Bookings Open-Launch on November 11