മഹീന്ദ്രയുടെ ഡിഫൻഡർ! ഇതാണോ ന്യൂജെൻ ബൊലേറോ, വീഡിയോ കണ്ട് ഞെട്ടി വാഹനപ്രേമികൾ

എഐ വീഡിയോയിൽനിന്ന്
എഐ വീഡിയോയിൽനിന്ന്

ഹീന്ദ്ര പുതിയ തലമുറ ബോലേറോയുടെ പണിപ്പുരയിലാണെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. പരീക്ഷണ ഓട്ടത്തിനിടെ ചോർന്ന ചില ചിത്രങ്ങൾ അല്ലാതെ ഈ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതിവരെ ലഭ്യമായിരുന്നില്ല. എന്നാൽ ഡിഫൻഡർ ലുക്കിലുള്ള പുതിയ മഹീന്ദ്ര ബൊലേറോയുടെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. കരുത്തുറ്റ സ്റ്റൈലിഷ് ബോക്സി ഡിസൈനായിരുന്നു വാഹനത്തിന്റെ പ്രത്യേകത. 

എന്നാൽ ഈ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്ന സ്പൈ ഷോട്ടുകളെ അടിസ്ഥാനമാക്കി, ന്യൂ ജെൻ മഹീന്ദ്ര ബോലേറോ എങ്ങനെയായിരിക്കാം എന്ന് കാണിക്കുന്ന ചില എഐ-ജനറേറ്റ് വീഡിയോകളും ചിത്രങ്ങളുമാണ്. എഐ നിർമിതമാണെന്ന് മനസ്സിലാകാതെ നിരവധിപേരാണ് വാഹനത്തിന്റെ പുത്തൻ ഡിസൈനിനെ പുകഴ്ത്തി സാമൂഹികമാധ്യമങ്ങളിലെത്തിയത്. ലാൻഡ് റോവർ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ പ്രാഡോ എന്നിവയോടെല്ലാം താരതമ്യവുമുണ്ടായി. അതേസമയം, എഐ-ജനറേറ്റ് ചെയ്ത ചിത്രങ്ങളാണെങ്കിലും വരാനിരിക്കുന്ന ബോലേറോയിൽ നമുക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് ഒരു ധാരണ ഇവ നൽകുന്നുണ്ട്.  

പരീക്ഷണ ഓട്ടത്തിനിടെയെടുത്ത ആദ്യ സ്പൈ ഷോട്ടുകൾ ജൂൺ നാലിനായിരുന്നു പുറത്തുവന്നത്. അതിൽ വാഹനത്തിന്റെ പിന്നിൽ സ്പെയർ വീൽ ഉണ്ടായിരുന്നില്ല. പിന്നീടു വന്ന പുതിയ സ്പൈ ഷോട്ടുകളിൽ ടെസ്റ്റ് മ്യൂൾ മോഡലിൽ സ്പെയർ വീലുകൾ കാണാമായിരുന്നു. ഈ ടെസ്റ്റ് മ്യൂളുകളിൽ താൽക്കാലിക ഹാലോജൻ ടെയിൽ ലൈറ്റുകളാണ് ഉള്ളത്. 

പ്രൊഡക്ഷൻ-സ്പെക് പതിപ്പിൽ ആകർഷകമായ എൽഇഡി സജ്ജീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രത്യേക ടെസ്റ്റ് മ്യൂളിൽ പിന്നിൽ ഇൻഡിപെൻഡൻ്റ് സസ്പെൻഷൻ ഉള്ളതായും തോന്നുന്നു. ബൊലേറോ നിയോ മോഡലിന്റെ പുത്തൻ പതിപ്പാണിതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ നിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനികവും പ്രീമിയവുമാണ് പുത്തൻ പതിപ്പെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 

ബോലേറോ നിയോയ്ക്കും സ്കോർപിയോ ക്ലാസിക്കിനും നൽകുന്ന അതേ 2.2 ലിറ്റർ ഡീസൽ എൻജിൻ ഇതിന് കരുത്ത് നൽകിയേക്കാം. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭിച്ചേക്കാം. XUV 3XO, ഥാർ റോക്സ് എന്നിവയിലേതുപോലെ ലെവൽ-2 ആഡാസ് പോലും ഇതിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ബോലേറോയുടെ രൂപകൽപ്പനയിലും പ്രീമിയം ഭാവങ്ങളിലും ഇത്ര വലിയ മാറ്റം കൊണ്ടുവരുന്നത്. ടെസ്റ്റ് മ്യൂളുകൾ പൂർണമായി മറച്ചുവെച്ചിരുന്നുവെങ്കിലും, അവയിൽ വാഹനത്തിന്റെ പ്രീമിയം ഭാവം നമുക്ക് കാണാൻ കഴിയും. 

ഥാർ റോക്സ്, സ്കോർപിയോ എൻ എന്നിവയുടേതിന് സമാനമായ തന്ത്രമാകും ബൊലേറോയുടെ കാര്യത്തിലും കമ്പനി പിന്തുടരാൻ സാധ്യത. അതായത്, നിലവിൽ സ്റ്റാൻഡേർഡ് ബോലേറോ, ബോലേറോ നിയോ, ബോലേറോ നിയോ പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഈ ബൊലേറോ ശ്രേണിക്കൊപ്പം ന്യൂ ജെൻ മഹീന്ദ്ര ബൊലേറോയും  വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Content Highlights: New Mahindra Bolero AI Renders