ചിത്രം വ്യക്തമായി; കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലില്‍ ഹ്യുണ്ടായിയുടെ പുതിയ വെര്‍ണ

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹ്യുണ്ടായി വെര്‍ണയുടെ ചിത്രം | Photo: Cafe.naver
നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹ്യുണ്ടായി വെര്‍ണയുടെ ചിത്രം | Photo: Cafe.naver

ഓരോ മുഖംമിനുക്കലിലും അദ്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുന്ന വാഹനമാണ് ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ മോഡലായ വെര്‍ണ. 2021-ല്‍ ഏറ്റവുമൊടുവിലെ മുഖംമിനുക്കലിന് വിധേയമായ ഈ വാഹനത്തില്‍ വീണ്ടുമൊരു അഴിച്ചുപണി നടത്തിയിരിക്കുകയാണ് ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ ആഗോള ബ്രാന്റുകളിലൊന്നായ വെര്‍ണ, ഏതാനും വിദേശ രാജ്യങ്ങളില്‍ ആക്‌സെന്റ് എന്ന പേരിലാണ് വിപണിയില്‍ എത്തുന്നത്. മുഖംമിനുക്കിയ വെര്‍ണ വിപണിയില്‍ എത്താനൊരുങ്ങുന്നതിനിടെ ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

മാര്‍ച്ച് 21-നാണ് വെര്‍ണയുടെ മുഖംമിനുക്കിയ പതിപ്പ് വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ചും മെക്കാനിക്കല്‍ സവിശേഷതയും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കെച്ചിലെ ഡിസൈനിനോട് സാമ്യമുള്ള വാഹനത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഹ്യുണ്ടായി ആക്‌സെന്റ് എന്ന പേരാണ് ചിത്രത്തിലെ വാഹനത്തിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നത്. 

ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ശൈലിയാണ് എല്ലാ കാലത്തും ഹ്യുണ്ടായി വെര്‍ണയുടെ മുഖമുദ്ര. ഇത്തവണയും ഈ ഖ്യാതി നഷ്ടപ്പെടാതെയാണ് വെര്‍ണ ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും ഒഴിവാക്കി ബമ്പറിനൊപ്പം നല്‍കിയിട്ടുള്ള വലിയ എയര്‍ഡാമാണ് ഗ്രില്ലിന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ബമ്പറില്‍ ഒളിപ്പിച്ചുവെച്ച രീതിയിലാണ് ഹെഡ്‌ലാമ്പ് നല്‍കിയിട്ടുള്ളത്. ബോണറ്റിന് താഴെയായി നീളത്തില്‍ ഒരു ലൈറ്റ് സ്ട്രിപ്പും ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. ബോണറ്റില്‍ ത്രി ഡി ലോഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്.

വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നുമുള്ള ഡിസൈനിലും ഒരു പ്രീമിയം ടച്ച് തോന്നിപ്പിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. അലുമിനിയം ഡോര്‍ ഹാന്‍ഡില്‍ ഷാര്‍പ്പ് ആയിട്ടുള്ള ക്യാറക്ടര്‍, ഷോള്‍ഡര്‍ ലൈനുകള്‍, ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് വശങ്ങളിലുള്ളത്. പിന്‍ഭാഗവും ഏറെ സ്റ്റൈലിഷാണ്. ഹാച്ച്‌ഡോറിലൂടെ നീളുന്ന ലൈറ്റ് സ്ട്രിപ്പുകള്‍ വശങ്ങളിലായി ടെയ്ല്‍ലാമ്പ് എന്നിവയെല്ലാം എല്‍.ഇ.ഡിയിലാണ്. ലൈറ്റിന് മുകളിലായാണ് ബാഡ്ജിങ്ങും നല്‍കിയിട്ടുള്ളത്. 

ഇന്റീരിയറിലും കാര്യമായ അഴിച്ചുപണി വരുത്തിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ രണ്ടും നല്‍കിയിട്ടുള്ള ഡ്യുവല്‍ സ്‌ക്രീന്‍, കണക്ടിവിറ്റി സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആഡംബര ഭാവമുള്ള ലെതര്‍ സീറ്റുകള്‍, സ്‌പോര്‍ട്ടി സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തിലെ ഹൈലൈറ്റ്. കൂടുതല്‍ ഫീച്ചറുകളും മറ്റും വാഹനത്തിന്റെ അവതരണ വേളയില്‍ മാത്രമായിരിക്കും വെളിപ്പെടുത്തുകയെന്നാണ് വിവരം.

ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കിയായിരിക്കും ഇത്തവണ വെര്‍ണ എത്തുകയെന്നാണ് വിവരം. ഇതിനൊപ്പം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും വെര്‍ണയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുന്നത്. 115 പി.എസ്. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍.എ. എന്‍ജിനും, 160 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ഐ.വി.ടി, ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Image: Cafe.naver

Content Highlights: New hyundai verna clear image leaked in online, Hyundai Verna, Hyundai Cars