കോംപാക്ട് സെഡാന്‍ ശ്രേണിയിലെ പുതിയ പോരാളി; മൂന്നാം തലമുറ അമേസ് അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ ശക്തമായ മത്സരത്തിന് കളമൊരുക്കി മൂന്നാം തലമുറ ഹോണ്ട അമേസ് അവതരിപ്പിച്ചു. മുന്‍തലമുറ മോഡലില്‍ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങളോടെ V,VX,ZX വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 7.99 ലക്ഷം രൂപ മുതല്‍ 10.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
തലമുറ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്ന ഡിസൈന്‍ സവിശേഷതകളാണ് പുതിയ അമേസില്‍ വരുത്തിയിരിക്കുന്നത്. ഒരുപരിധി വരെ മിനി സിറ്റി എന്ന് വിശേഷണം ഇണങ്ങുന്ന രൂപമാണ് മൂന്നാം തലമുറ അമേസില്‍ നല്‍കിയിരിക്കുന്നത്. എലിവേറ്റ് എസ്.യു.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. അപ്പ്‌റൈറ്റ് പൊസിഷനില്‍ ഹണി കോമ്പ് പാറ്റേണിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുകളാണ് അമേസില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എലിവേറ്റില്‍ നല്‍കിയിരിക്കുന്നതിന് സമാനമായാണ് ഡി.ആര്‍.എല്ലും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വളരെ ലളിതമായ രൂപകല്‍പ്പനയിലാണ് ബമ്പര്‍ തീര്‍ത്തിരിക്കുന്നത്. ഇതിന്റെ രണ്ട് വശങ്ങളിലുമായി എല്‍.ഇ.ഡി. ഫോഗ്‌ലാമ്പും നല്‍കിയിരിക്കുന്നു. വശങ്ങള്‍ ഏറെകുറെ രണ്ടാം തലമുറ മോഡലിന് സമാനമാണ്. പുതുമയുള്ള അലോയി വീല്‍, ഡോറിലേക്ക് സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിറര്‍ എന്നിവയാണ് വശങ്ങളില്‍ വരുത്തിയിട്ടുള്ള പുതുമ. പൂര്‍ണമായും സിറ്റിക്ക് സമാനമായാണ് പിന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എലിവേറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ അമേസിന്റെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. വിശാലമായ ഡാഷ്‌ബോര്‍ഡില്‍ ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ശ്രദ്ധേയം. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റിയറിങ് വീല്‍, എന്നിവ എലിവേറ്റില്‍ നിന്ന് കടംകൊണ്ടതാണ്. എന്നാല്‍, ഗിയര്‍ ലിവര്‍, സെന്റര്‍ കണ്‍സോള്‍, ഡാഷ്‌ബോര്‍ഡിന് താഴെയായി നല്‍കിയിട്ടുള്ള ഡിസൈന്‍ എന്നിവ അമേസിന്റെ മാത്രം ഡിസൈന്‍ സവിശേഷതയാണ്.
സുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കിയാണ് മൂന്നാം തലമുറ അമേസ് എത്തിയിരിക്കുന്നത്. ക്യാമറയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഡാസ് സംവിധാനമാണ് ഇതില്‍ പ്രധാനം. ആറ് എയര്‍ബാഗ്, ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ്, എ.ബി.എസ്-ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളാണ് ഈ വരവില്‍ അമേസില്‍ നല്‍കിയിട്ടുള്ളവ.
ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും മെക്കാനിക്കലായുള്ള പുതുക്കത്തിന് ഹോണ്ട മുതിര്‍ന്നിട്ടില്ല. 90 ബി.എച്ച്.പി. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൂന്നാം തലമുറ അമേസിന്റെയും ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളായിരിക്കും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. ഓട്ടോമാറ്റികിന് 19.46 കിലോമീറ്ററും മാനുവൽ മോഡലിന് 18.65 കിലോമീറ്റർ ഇന്ധനക്ഷമതയും ഈ വരവിലെ മറ്റൊരു സവിശേഷതയാണ്. മാനുവൽ മോഡലിൽ V വേരിയന്റിന് 7.99 ലക്ഷം, VX-ന് 9.09 ലക്ഷം, ZX 9.69 ലക്ഷം എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. ഓട്ടോമാറ്റികിന് യഥാക്രമം 9.19 ലക്ഷം, 9.99 ലക്ഷം, 10.89 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
Content Highlights: New Honda Amaze Launched in india