നാല് വേരിയന്റ്, ആറ് നിറങ്ങള്‍; പുതിയ ഹ്യുണ്ടായി വെര്‍ണയുടെ വരവ് മാസാണ്

ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസുമെല്ലാം പുതുക്കിയിറക്കി. എന്നാല്‍പ്പിന്നെ ഹ്യുണ്ടായിക്ക് പിന്നില്‍ നില്‍ക്കാന്‍ കഴിയുമോ. പുതിയ വെര്‍ണയുമായി ഹ്യുണ്ടായിയും കളത്തിലിറങ്ങുകയാണ്. പുതിയ എന്‍ജിനും പുത്തന്‍ ലുക്കുമായാണ് വെര്‍ണ വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് മിഡ്‌സൈസ് സെഡാന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന വെര്‍ണയില്‍ 45 കണക്ടഡ് ഫീച്ചറുകളുണ്ട്.
എസ്, എസ് പ്ലസ്, എസ്എക്‌സ്, എസ്എക്‌സ് ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് വെര്‍ണ എത്തുന്നത്. എസ് വേരിയന്റില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് നല്‍കുന്നത്. എസ് പ്ലസ് വേരിയന്റില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമായിരിക്കും നല്‍കുക. സ്റ്റാറി നൈറ്റ്, ഫാന്റം ബ്ലാക്ക്, ടൈറ്റാന്‍ ഗ്രേ, പോളാര്‍ വൈറ്റ്, ഫയറി റെഡ്, ടൈഫൂണ്‍ സില്‍വര്‍ എന്നീ നിറങ്ങളിലായിരിക്കും വെര്‍ണ എത്തുന്നത്.
ബി.എസ്. 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും ഒരു ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്‍ജിനുമായിട്ടായിരിക്കും പുതിയ വെര്‍ണ എത്തുന്നത്. ഹ്യുണ്ടായിയുടെ പ്രശസ്തമായ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് പുതിയ വെര്‍ണ എത്തുന്നത്.
7 സ്പീഡ് ഡി.സി.ടി. ട്രാന്‍സ്മിഷന്‍ ഒരു ലിറ്ററിലും 6 സ്പീഡ് ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ 1.5 ലിറ്റര്‍ പെട്രോളിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 1.5 ലീറ്റര്‍ ഡീസലിലും കരുത്തുപകരും. ഇവകൂടാതെ 1.5 ലിറ്റര്‍ പെട്രോള്‍ -ഡീസല്‍ പതിപ്പുകള്‍ക്ക് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്.
ചെറുപ്പക്കാരെയടക്കം കൈയിലെടുക്കാനുള്ള നമ്പറുകളുമായിട്ടാണ് ഇത്തവണ വെര്‍ണ വരുന്നത്. സൗന്ദര്യം, ആഡംബരം, സാങ്കേതികത്വം, യുവത്വം എന്നിവയാണ് പുതിയ വെര്‍ണയ്ക്ക് കമ്പനി നല്‍കുന്ന പര്യായങ്ങള്‍. ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ട്വിന്‍ ടിപ് മഫ്ളര്‍ ഡിസൈന്‍, സ്മാര്‍ട്ട് ട്രങ്ക്, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, വയര്‍ലൈന്‍ ഫോണ്‍ ചാര്‍ജര്‍, ഇക്കോ കോട്ടിങ്, റിയര്‍ യു.എസ്.ബി. ചാര്‍ജര്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായിട്ടാണ് പുതിയ വെര്‍ണ എത്തുക.
ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ബ്ലാക്ക് ക്രോമില്‍ പൂര്‍ത്തിയാക്കിയ കാസ്‌കേഡിങ് ഗ്രില്‍, ചുവന്ന ആക്‌സന്റുകളും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുമുള്ള കറുത്ത ഇന്റീരിയറുകള്‍ എന്നിവ ടര്‍ബോ വേരിയന്റിലെ മറ്റ് മാറ്റങ്ങളാണ്.
എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂ ലിങ്ക് ഇന്റര്‍നെറ്റ് കണക്ട്, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 4.2 ഇഞ്ച് കളര്‍ ടി.എഫ്.ടി സ്‌ക്രീന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ് എന്നിവയും പുതിയ വെര്‍ണയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: New Generation Hyundai Verna Have Four Variants, Six Colour Options
Content Highlights: