എട്ട് തലമുറകൾ പിന്നിട്ടു, ഇനി ഒമ്പതാം തലമുറയുടെ തേരോട്ടം; പുതിയ ഹൈലെക്‌സ് അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്‌സിന്റെ ഒമ്പതാം തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയിട്ടുള്ള രൂപമാറ്റത്തിനൊപ്പം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന 31.99 ലക്ഷം രൂപയിലാണ്. 36.69 ലക്ഷം രൂപയാണ് ഉയർന്ന വകഭേദത്തിന്റെ വില.
ടൊയോട്ടയുടെ ഐഎംവി ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്‌ഫോമിൽ ഡബ്ബിൾ ക്യാബ് ബോഡി സ്‌റ്റൈലിലാണ് ഹൈലെക്‌സ് ഒരുങ്ങിയിരിക്കുന്നത്. GX 4x2 ഓട്ടോമാറ്റിക്, GX 4x4 ഓട്ടോമാറ്റിക്, VX 4x4 ഓട്ടോമാറ്റിക് എന്നിവയാണ് ഹൈലെക്‌സിന്റെ വേരിയന്റുകൾ. ഈ വാഹനങ്ങൾക്ക് യഥാക്രമം 31.99 ലക്ഷം രൂപ, 33.69 ലക്ഷം രൂപ, 36.69 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇസുസു വി-ക്രോസുമായാണ് ഹൈലെക്‌സ് മത്സരിക്കുന്നത്.
മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ബോൾഡ് ആയിട്ടുള്ള ഡിസൈനാണ് പുതിയ ഹൈലെക്‌സിൽ വരുത്തിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ബ്ലാക്ക് സ്ട്രിപ്പിൽ ബന്ധിപ്പിച്ചിരിക്കുന്ന വീതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പ്, മുന്നിൽ തന്നെ നൽകിയിട്ടുള്ള ഇൻഗ്ലാസ് ടൊയോട്ട ബാഡ്ജിങ്, മസ്‌കുലർ ബമ്പർ, സിൽവർ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, എൽഇഡി ഫോഗ്ലാമ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുന്നിൽ വരുത്തിയിട്ടുള്ള പുതുമകൾ.
വശങ്ങളുടെ ഡിസൈനിൽ മുൻ മോഡലുകളുടെ തുടർച്ച കാണാനാകും. വീതിയുള്ള വീൽ ആർച്ച്. ഡോറിൽ നൽകിയിട്ടുള്ള ഹൈലെക്‌സ് ബാഡ്ജിങ്, 17 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷ് അലോയി വീൽ, ഫുട്ട് സ്റ്റെപ്പ് എന്നിവയാണ് വശങ്ങൾക്ക് അഴകേകുന്നത്. ഹാച്ച്‌ഡോറിലും വലിയ അക്ഷരത്തിൽ ടൊയോട്ട ബാഡ്ജിങ് നൽകുന്നുണ്ട്. പുതുമയുള്ള ഡിസൈനിലാണ് ടെയ്ൽലാമ്പ് ഒരുക്കിയിരിക്കുന്നത്. ഡോർ ഹാൻഡിലിലാണ് ഹൈലെക്‌സ് ബാഡ്ജിങ് പതിപ്പിച്ചിരിക്കുന്നത്. മസ്‌കുലർ ഭാവമാണ് പിന്നിലെ ബമ്പറിന്.
ലൈഫ് സ്റ്റൈൽ പിക്ക്അപ്പിനെക്കാൾ ഉപരി ഒരു പ്രീമിയം എസ്‌യുവികളിൽ നൽകുന്ന ഫീച്ചറുകളാണ് ഹൈലെക്‌സിൽ നൽകിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എട്ട് സ്പീക്കറുകൾ നൽകിയിട്ടുള്ള മ്യൂസിക് സിസ്റ്റം, 360 വ്യൂ ക്യാമറ എന്നിങ്ങനെ നീളം അകത്തളത്തിലെ ഫീച്ചറുകൾ.
കൂടുതൽ കരുത്തോടെയാണ് ഒമ്പതാം തലമുറ ഹൈലെക്‌സ് എത്തിയിരിക്കുന്നത്. 2.8 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിനാണ് ഇതിൽ നൽകിയിരിക്കുന്നത്. 204 എച്ച്പി പവറും 500 എൻഎം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. മാനുവൽ ട്രാൻസ്മിഷൻ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 4x2 പതിപ്പ് ഈ വരവിലെ കൂട്ടിച്ചേർക്കലാണ്.
Content Highlights: 9th Generation Toyota Hilux launched with bold exterior design updates., Available in three variants: GX 4x2 AT, GX 4x4 AT, and VX 4x4 AT., Powered by a 2.8L diesel engine producing 204HP and 500Nm torque., Features 12.3-inch infotainment system, 360-degree camera, and dual-zone climate control., Pricing starts at ₹31.99 Lakh (ex-showroom).