ബോംബാക്രമണത്തിനും തകരാത്ത സുരക്ഷ; അംബാനിയുടെ യാത്രയ്ക്ക് ബെന്‍സ് എസ് 680 ഗാര്‍ഡ്

മെഴ്‌സിഡീസ് എസ്680 ഗാര്‍ഡ്, മുകേഷ് അംബാനി | Photo: Team BHP, ANI
മെഴ്‌സിഡീസ് എസ്680 ഗാര്‍ഡ്, മുകേഷ് അംബാനി | Photo: Team BHP, ANI

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നരില്‍ ഒരാളുമായ അംബാനിയുടെ ഗ്യാരേജില്‍ തന്നെയായിരിക്കും ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങളും ഉള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടുമിക്ക ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. എന്നാല്‍, ആഡംബരത്തിനൊപ്പം അതിസുരക്ഷയും ഉറപ്പാക്കുന്ന വാഹനങ്ങളിലാണ് അദ്ദേഹത്തിന്റെ യാത്രകള്‍. ഇതിനായി ഏറ്റവുമൊടുവില്‍ അംബാനി സ്വന്തമാക്കിയ വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സ് എസ് 680 ഗാര്‍ഡ്.

അടുത്തിടെയാണ് അബാനിയുടെ വാഹന വ്യൂഹത്തിലേക്ക് എസ് 680 ഗാര്‍ഡ് എത്തുന്നത്. ബാലിസ്റ്റിക് സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കുന്ന വി.പി.എ.എം. വി.ആര്‍.10 അംഗീകാരം നേടിയിട്ടുള്ള വാഹനമാണിതെന്നതാണ് ഏറ്റവും വലിയ സവിശേഷത. ബുള്ളറ്റ് പ്രൂഫ്‌ സംവിധാനത്തിന് പുറമെ, സ്‌ഫോടനത്തില്‍ നിന്ന് പോലും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളുമായാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. 

കാഴ്ചയില്‍ റെഗുലര്‍ എസ് ക്ലാസിനെ പോലെ തന്നെയാണ് എസ് 680 ഗാര്‍ഡും. എന്നാല്‍, റെഗുലര്‍ എസ് ക്ലാസിനെക്കാള്‍ രണ്ട് ടണ്‍ അധികഭാരമാണ് ഈ വാഹനത്തിനുള്ളത്. വാഹനത്തിന്റെ ബോഡി ഷെല്ലില്‍ ഉള്‍പ്പെടെ പ്രൊട്ടക്ടീവ് മെറ്റീരിയലുകള്‍ ഉപയോഗിച്ചിട്ടുള്ളതിനാലാണ് ഭാര കൂടുതല്‍ സംഭവിച്ചിരിക്കുന്നത്. ബുള്ളറ്റ് ആന്‍ഡ് ബ്ലാസ്റ്റ് പ്രൂഫ്, നാല് ഇഞ്ച് വരെ കട്ടിയുള്ള മള്‍ട്ടി ലെയര്‍ ഗ്ലാസ്, ഓരോ ഡോറുകള്‍ക്കും 250 കിലോഗ്രാം വരെ ഭാരം എന്നിവയാണ് ഈ വാഹനത്തിനുള്ളത്. 

80 കിലോമീറ്റര്‍ വരെ വേഗത്തില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ ടയര്‍ പഞ്ചറായാലും 30 കിലോമീറ്റര്‍ ദൂരം ആ അവസ്ഥയില്‍ സഞ്ചരിക്കാനുള്ള സംവിധാനവുമുണ്ട്. ഓണ്‍ ബോര്‍ഡ് ഇന്റര്‍കോം, ഫയര്‍ എസ്റ്റിഗ്യൂഷര്‍, കംപ്രസ്ഡ് ഫ്രഷ് എയര്‍ടാങ്ക് എന്നിവയും ഈ വാഹനത്തിനുണ്ട്. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 10 കോടി രൂപയ്ക്ക് മുകളില്‍ വിലയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 4.2 ടണ്‍ ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷയ്ക്ക് പുറമെ, ഫീച്ചര്‍ സമ്പന്നവും കരുത്തനുമാണ് ബെന്‍സ് എസ്600 ഗാര്‍ഡ്. 6.0 ലിറ്റര്‍ വി-12 ബൈ-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനത്തിന് 613 പി.എസ്. പവറും 830 എന്‍.എം ടോര്‍ക്കുമേകാനാകും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുമ്പ് മെഴ്‌സിഡീസിന്റെ എസ് 600 ഗാര്‍ഡ് എന്ന വാഹനം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സമാന സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള മോഡലാണിതും.

Content Highlights: Mukesh Ambani add Mercedes Benz S680 Guard, Mukesh Ambani, Mercedes Benz S680 Guard