ഇന്ത്യൻ വാഹന വിപണിയിലെ അട്ടിമറി, കോംപാക്ട് എസ്‌യുവിയുടെ മേധാവിത്വം തട്ടിയെടുത്ത് മറ്റൊരു വാഹനശ്രേണി

ഇന്ത്യൻ വാഹന വിപണിയിലെ ഹാച്ച്ബാക്ക്-സെഡാൻ കുതിപ്പിന് കടിഞ്ഞാണിട്ടാണ് കോംപാക്ട് എസ്‌യുവി ശ്രേണിയുടെ ഉദയം. പിന്നീട് ഇങ്ങോട്ട് ഉപയോക്താക്കളുടെ ആദ്യ വാഹന ചോയിസ് ആയി മാറാനും ഈ ശ്രേണിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, കോംപാക്ട് എസ്‌യുവി ശ്രേണിയുടെ പ്രതാപകാലത്തിന് മങ്ങലേൽക്കുന്ന സൂചനകളാണ് 2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ റിപ്പോർട്ടുകൾ നൽകുന്നത്.
വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ കോംപാക്ട് എസ്‌യുവി ശ്രേണിയെ മറികടന്നത് മിഡ് സൈസ് എസ്‌യുവി സെഗ്മെന്റ് ആണെന്നതാണ് ശ്രദ്ധേയം. ആഭ്യന്തര യാത്ര വാഹന വിൽപ്പനയിൽ 18.2 ശതമാനം വിപണി വിഹിതമാണ് മിഡ്‌സൈസ് എസ്‌യുവി ശ്രേണി സ്വന്തമാക്കിയിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇത് 12.4 ശതമാനവും 2026-ൽ 15 ശതമാനവുമായിരുന്നു മിഡ്‌സൈസ് എസ്‌യുവികളുടെ വിപണി വിഹിതം.
കോംപാക്ട് എസ്‌യുവികൾക്ക് ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വിപണി വിഹിതം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. 14.6 ശതമാനമാണ് കോംപാക്ട് എസ്‌യുവിയുടെ വിപണി വിഹിതം. 2026 സാമ്പത്തിക വർഷം ഇത് 16.2 ശതമാനമായിരുന്നു. 2025-ൽ 15.3 ശതമാനവും വിപണി വിഹിതം കോംപാക്ട് എസ്‌യുവി ശ്രേണിക്കായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം രണ്ട് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ഉപയോക്താക്കൾ വാഹനങ്ങളിലെ സ്‌പേസ്, ഫീച്ചറുകൾ, കംഫർട്ട് എന്നിവയ്ക്ക് പ്രധാന്യം നൽകുന്നതിന്റെ തെളിവാണ് മിഡ്‌സൈസ് എസ്‌യുവി ശ്രേണി കൈവരിച്ച ഈ കുതിപ്പെന്നാണ് വിലയിരുത്തലുകൾ. നാല് മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവികളെയാണ് കോംപാക്ട് എസ്‌യുവികൾ എന്ന് വിശേഷിപ്പിക്കുന്നത്. നാല് മീറ്ററിന് മുകളിൽ നീളമുള്ളവയെയാണ് മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ ശ്രേണിയിലേക്ക് വാഹന നിർമാതാക്കൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതും, വിശാലമായ വാഹനനിര ഉള്ളതുമാണ് മിഡ്‌സൈസ് എസ്‌യുവിയുടെ കുതിപ്പ് ആക്കം കൂട്ടുന്നത്. ഈ ശ്രേണിയിലേക്ക് ഇനി വരാനിരിക്കുന്നത് ഹ്യുണ്ടായിയുടെ പുതിയൊരു പതിപ്പാണ്. ഈ വരുന്ന ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും ഈ എസ്‌യുവി വിപണിയിൽ എത്തുക. നിലവിൽ മിഡ്‌സൈസ് എസ്‌യുവികളിലെ മാർക്കറ്റ് ലീഡറായ ക്രെറ്റയ്ക്ക് പുറമെയാണ് പുതിയ മോഡൽ എത്തുന്നത്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര, വിക്ടോറിസ്, ടാറ്റ സിയേറ, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടൊയോട്ട അർബൺ ക്രൂയിസർ, റെനോ ഡസ്റ്റർ, നിസാൻ ടെക്ടൺ തുടങ്ങി നിരവധി വാഹനങ്ങളാണ് ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ എത്തിയിട്ടുള്ളത്.
Content Highlights: Midsize SUVs captured 18.2% market share in Q1 FY 2027, surpassing compact SUVs., Compact SUV market share dropped to 14.6% from 16.2% in FY 2026., Consumer preference for space, features, and comfort drives midsize SUV growth., Popular models include Hyundai Creta, Kia Seltos, Maruti Grand Vitara, and Tata Sierra.