ആറാം വാർഷികത്തിന്റെ സന്തോഷം; ZS EVക്ക് വമ്പൻ ഓഫറുമായി എംജി, കുറച്ചത് 4.44 ലക്ഷം രൂപ

ZS EVയുടെ എല്ലാ വേരിയന്റുകളുടെയും വില ഗണ്യമായി കുറച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. ഇന്ത്യൻ വിപണിയിൽ ആറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നിർമാതാക്കൾ പരിമിതമായ കാലയളവിലേക്ക് വാഹനത്തിന്റെ വില കുറച്ചിരിക്കുന്നത്. രാജ്യത്ത് എംജിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനവും രണ്ടാമത്തെ പാസഞ്ചർ വാഹനവുമാണ് ZS EV.
ഏറ്റവും ഉയർന്ന സ്പെസിഫിക്കേഷനുള്ള എസൻസ് (Essence) വേരിയന്റിനാണ് ഏറ്റവും വലിയ വിലക്കുറവ് ലഭിച്ചത്. 4.44 ലക്ഷം രൂപയാണ് കുറഞ്ഞത്. എൻട്രി ലെവൽ എക്സിക്യൂട്ടീവ് (Executive) വേരിയന്റിന് 16.75 ലക്ഷം രൂപയാണ് ഇപ്പോൾ വില. ഇത് മുൻപത്തെ വിലയായ 16.88 ലക്ഷം രൂപയിൽനിന്ന് 13,000 രൂപ കുറവാണ്. എക്സൈറ്റ് പ്രോയ്ക്ക് (Excite Pro) 48,000 രൂപയുടെ വിലക്കുറവാണുള്ളത്. ഇതോടെ ഇതിന്റെ വില 18.97 ലക്ഷം രൂപയിൽ നിന്ന് 18.49 ലക്ഷം രൂപയായി കുറഞ്ഞു.
എക്സ്ക്ലൂസീവ് പ്ലസിന് (Exclusive Plus) 4.15 ലക്ഷം രൂപയുടെ വലിയ കുറവ് ലഭിച്ചു. മുൻപ് 23,64,800 ലക്ഷം രൂപ ആയിരുന്നുവെങ്കിൽ ഇപ്പോഴിത് 19,49,800 ലക്ഷമായി. ഏറ്റവും വലിയ വിലക്കുറവ് ലഭിച്ച ടോപ്-എൻഡ് എസൻസ് (Essence) വേരിയന്റിന്റെ ഇപ്പോഴത്തെ വില 20.49 ലക്ഷം രൂപയാണ്. മുൻപിത് 24,93,800 ലക്ഷമായിരുന്നു.
174 ബിഎച്ച്പി പവറും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ZS EVക്ക് കരുത്ത് നൽകുന്നത്. 50.3 kWh ബാറ്ററി പായ്ക്കാണുള്ളത്.ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ചും കമ്പനി അവകാശപ്പെടുന്നു.
ലെവൽ 2 അഡാസ്, 360-ഡിഗ്രി ക്യാമറകൾ, ലെതർ സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടോടുകൂടിയ 10.11 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, ഡ്യുവൽ-പേൻ സൺറൂഫ് തുടങ്ങി നിരവധി സംവിധാനങ്ങൾ ZS EVയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡ്‌സർ ഇവി, കോമറ്റ് ഇവി എന്നിവയാണ് ഇന്ത്യൻ വിപണിയിലുള്ള എംജിയുടെ മറ്റു രണ്ടു മേഡലുകൾ.
Content Highlights: MG ZS EV Discounts Up To Rs 4.44 Lakh 6th Anniversary Offer