മാരുതി ആള്‍ട്ടോ മൂന്നാം തലമുറയിലേക്ക്; കിടിലന്‍ ലുക്കിലും ഫീച്ചറിലും പുതിയ ആള്‍ട്ടോ

മാരുതി ആള്‍ട്ടോയുടെ പുതിയ മോഡല്‍ | Photo: Team BHP
മാരുതി ആള്‍ട്ടോയുടെ പുതിയ മോഡല്‍ | Photo: Team BHP

ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിക്ക് ഇത് മാറ്റത്തിന്റെ കാലമാണ്. സെലേറിയോയില്‍ തുടങ്ങിയ മുഖം മിനുക്കല്‍ ബലേനൊയും എക്‌സ്.എല്‍.6-ഉം കഴിഞ്ഞ് ബ്രെസയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെ മാരുതി ഇതുവരെ കൈവെച്ചിട്ടില്ലാത്ത മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കുള്ള ചുവടുവയ്പ്പും നാളെ നടക്കും. വാഹനങ്ങളില്‍ വരുത്തുന്ന മുഖം മിനുക്കലില്‍ അടുത്തത് മാരുതിയുടെ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലായ ആള്‍ട്ടോ 800-ല്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.

അതേസമയം, ആള്‍ട്ടോയില്‍ കേവലം മുഖംമിനുക്കല്‍ മാത്രമല്ല, തലമുറ മാറ്റമാണ് വരുത്തുന്നതെന്നും വിവരമുണ്ട്. ഇങ്ങനെയായാല്‍ ആള്‍ട്ടോയുടെ ഇന്ത്യയിലെ മൂന്നാം തലമുറ മോഡലായിരിക്കും ഈ വാഹനം. വരവിന് മുന്നോടിയായുള്ള പരസ്യ ചിത്രീകരണത്തിനിടെയാണ് പുതിയ മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. വരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പുതിയ ആള്‍ട്ടോ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ പ്ലാറ്റ്‌ഫോം, കൂടുതല്‍ കരുത്തുറ്റ എന്‍ജിന്‍, പൂര്‍ണമായും അഴിച്ചുപണിത ഡിസൈന്‍, പുതുതലമുറ ഫീച്ചറുകള്‍, മുന്‍ മോഡലിനെക്കാള്‍ വലിപ്പം തുടങ്ങി നിരവധി മാറ്റങ്ങളുമായായിരിക്കും പുതിയ ആള്‍ട്ടോ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതിയുടെ മറ്റ് മോഡലുകളായ സെലേറിയോ, വാഗണ്‍ആര്‍, പുതിയ എസ്-പ്രെസോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമായിരിക്കും പുതിയ ആള്‍ട്ടോയിക്കും അടിസ്ഥാനമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ വലിപ്പത്തില്‍ കാര്യമായ മാറ്റമുണ്ടാകും.

പഴയ 796 സി.സി. എന്‍ജിന് പകരം എസ്-പ്രെസോയില്‍ നല്‍കിയ 1.0 ലിറ്റര്‍ കെ10സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ പുതിയ ആള്‍ട്ടോയില്‍ സ്ഥാനം പിടിച്ചേക്കും. 67 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അതേസമയം, 796 സി.സി. എന്‍ജിന്‍ പൂര്‍ണമായും ഒഴിവാക്കാതെ താഴ്ന്ന വേരിയന്റില്‍ ഈ എന്‍ജിനും നല്‍കിയേക്കും. ഇത്തവണത്തെ വരവില്‍ ആള്‍ട്ടോയുടെ സി.എന്‍.ജി. വകഭേദവും വിപണിയില്‍ എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഡിസൈനില്‍ കാര്യമായ അഴിച്ച് പണി വരുത്തിയാണ് ആള്‍ട്ടോയുടെ പുതുമുറ എത്തുക. മാരുതിയുടെ സിഗ്നേച്ചറായ ടോള്‍ ബോയി ഡിസൈനിലായിരിക്കും പുതിയ ആള്‍ട്ടോ എത്തുക. സെലേറിയോയില്‍ നിന്നുള്ള ഡിസൈന്‍ എലമെന്റുകള്‍ ആള്‍ട്ടോയിലും നല്‍കിയായിരിക്കും മുഖഭാവം അലങ്കരിക്കുക. പുതിയ ഗ്രില്ല്, മുന്‍ മോഡലിലേതിനെക്കാള്‍ വലിപ്പമുള്ള ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍, വലിയ ടെയ്ല്‍ഗേറ്റ്, പൂര്‍ണമായും മാറ്റം വരുത്തിയിട്ടുള്ള റിയര്‍ ബമ്പര്‍ എന്നിവ ഈ വാഹനത്തിലെ പുതുമകളാകും.

ഫീച്ചറുകള്‍ നല്‍കുന്നതില്‍ വലിയ മുന്നേറ്റമായിരിക്കും ആള്‍ട്ടോയിലുണ്ടാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പൂര്‍ണമായും പുതുക്കി പണിയുന്ന ഡാഷ്‌ബോര്‍ഡ്, മുന്‍ മോഡലില്‍ നിന്ന് മാറിയ സെന്റര്‍ കണ്‍സോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി തുടങ്ങിയ പുതുതലമുറ ഫീച്ചറുകളായിരിക്കും മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോയില്‍ ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Autocar, Photo: Team BHP

Content Highlights: Maruti third generation alto all set to launch, Image spied in TVC Shoot, Maruti Suzuki Alto