Swift @ 20, നിരത്തിൽ 30 ലക്ഷം കാറുകൾ, ഇന്ത്യയിൽ മാരുതി സുസുക്കിയുടെ ആഘോഷം

photo:marutisuzuki
photo:marutisuzuki

ന്നും ഇന്നും എന്നും ഇന്ത്യക്കാരുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡൽ ഏതെന്ന് ചോദിച്ചാൽ ഒറ്റപ്പേരേയുള്ളൂ, മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ വാഹനം രാജ്യത്തുണ്ടാക്കിയ ഓളം അത്രത്തോളമുണ്ട്. ഇന്ത്യൻ മണ്ണിൽ സ്വിഫ്റ്റ് എത്തിയിട്ട് 20 വർഷം പൂർത്തിയാവുകയാണ്. ഈ കാലയളവിനുള്ളിൽ വിറ്റഴിച്ചതോ 30 ലക്ഷത്തിലധികം യൂണിറ്റുകൾ. ഈ സുപ്രധാന നാഴികക്കല്ല് ആഘോഷമാക്കുകയാണ് കമ്പനി. 

നിലവിൽ, സ്വിഫ്റ്റിന് അതിന്റെ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ഏകദേശം 31 ശതമാനം വിപണി വിഹിതമുണ്ട്. കൂടാതെ, മാരുതി സുസുക്കിയുടെ ഇന്ത്യയിലെ വിൽപ്പനയുടെ ഏകദേശം 10 ശതമാനം ഈ ഹാച്ച്ബാക്ക് സംഭാവന ചെയ്യുന്നു. 

സ്വിഫ്റ്റിന്റെ ഓരോ തലമുറയും രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും മികച്ച മാറ്റങ്ങളുമായാണ് വന്നത്.  ആദ്യ തലമുറ സ്വിഫ്റ്റ് 2005-ലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഈ മോഡൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ഒരു പുതിയ ഡിസൈൻ സമീപനം തന്നെയായിരുന്നു. പിന്നീട് 2011-ൽ രണ്ടാം തലമുറ മോഡൽ എത്തി. കൂടുതൽ ലുക്ക് സമ്മാനിക്കുന്ന ഡിസൈൻ രീതി ആയിരുന്നു ഇത്. 

മൂന്നാം തലമുറ മോഡൽ അവരിപ്പിച്ചത് 2018-ൽ ആയിരുന്നു. ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പെടുത്തിയായിരുന്നു ആ വരവ്. നിലവിലെ നാലാം തലമുറ സ്വിഫ്റ്റ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അരങ്ങേറിയത്. മികച്ച ഇന്ധനക്ഷമതയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു Z-സീരീസ് എൻജിനുമായിട്ടായിരുന്നു ഈ മോഡൽ എത്തിയത്. 

നാലാം തലമുറ സ്വിഫ്റ്റ്: സവിശേഷതകൾ

വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കർ ആർക്കാമിസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, സുസുക്കി കണക്ട് വഴിയുള്ള 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, റിയർ എസി വെന്റുകൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.

360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, റിയർ പാർക്കിങ് സെൻസറുകളുള്ള റിയർവ്യൂ ക്യാമറ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്.

1.2 ലിറ്റർ 3-സിലിണ്ടർ എൻജിനാണ് സ്വിഫ്റ്റിന് കരുത്തേകുന്നത്. പഴയ 1.2 ലിറ്റർ 4-സിലിണ്ടർ കെ-സീരീസ് യൂണിറ്റിന് പകരമാണിത്. 81 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളാണുള്ളത്. ഈ എഞ്ചിൻ സിഎൻജി പതിപ്പിലും ലഭ്യമാണ്. ഇത് 69 ബിഎച്ച്പി കരുത്തും 102 എൻഎം ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ സ്വിഫ്റ്റ് സിഎൻജി ലഭ്യമാകൂ.

Content Highlights: Maruti Suzuki Swift completes 20 years in India