ടൊയോട്ടയുടെ 'ഫ്രോങ്‌സ്' വരുന്നു; അര്‍ബണ്‍ ക്രൂയിസര്‍ ടൈസോര്‍, ഉത്സവ സീസണിലെത്തിയേക്കും

മാരുതി സുസുക്കി ഫ്രോങ്ങ്‌സ് | Photo: Maruti Suzuki
മാരുതി സുസുക്കി ഫ്രോങ്ങ്‌സ് | Photo: Maruti Suzuki

കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച് റൂമിയോണ്‍ ആയത്. ടൊയോട്ടയുടെ എം.പി.വി. ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് റൂമിയോണ്‍ എത്തിച്ചിരിക്കുന്നതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്‌സിന്റെ റീബാഡ്ജിങ്ങ് പതിപ്പ് എത്തിക്കാനുള്ള നീക്കത്തിലാണ് ടൊയോട്ട എന്നാണ് സൂചന. 

ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍ ടൈസോര്‍ എന്ന പേരിലായിരിക്കും ഫോങ്‌സിന്റെ റീബാഡ്ജിങ്ങ് പതിപ്പ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം അര്‍ബണ്‍ ക്രൂയിസറിനും പകരക്കാരനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ബ്രെസയുടെ റീബാഡ്ജിങ്ങ് പതിപ്പായി എത്തിയെങ്കിലും 2022 നവംബര്‍ മാസത്തോടെ അര്‍ബണ്‍ ക്രൂയിസര്‍ ടൊയോട്ട പിന്‍വലിച്ചിരുന്നു. ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ ഭാഗമായി അര്‍ബണ്‍ ക്രൂയിസര്‍ ടൈസര്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാരുതി സുസുക്കി ആയിരിക്കും വാഹനം നിര്‍മിച്ച് നല്‍കുകയെന്നാണ് വിവരം. അതേസമയം, ഡിസൈനിലും ഫീച്ചറുകളിലും നേരിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. റൂമിയോണില്‍ നല്‍കിയിട്ടുള്ളത് പോലെ ഗ്രില്ല്, ബമ്പര്‍ തുടങ്ങിയവയില്‍ കാര്യമായ മാറ്റം വരുത്തിയായിരിക്കും ടൈസോര്‍ എത്തുക. ഹെഡ്‌ലാമ്പ് നിലവിലെ മോഡല്‍ തുടരുമെങ്കിലും ഫോഗ്‌ലാമ്പ്, അലോയി വീലുകള്‍ എന്നിവയില്‍ കാര്യമായ മാറ്റം വരുത്തിയായിരിക്കും ഒരുങ്ങുക.

ഇന്റീരിയറിലെ ഡിസൈനിങ്ങും ഫീച്ചറുകളും ഫ്രോങ്‌സിലേത് തന്നെയായിരിക്കും ടൈസോറിലും നല്‍കുന്നത്. ബലേനൊയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഫ്രോങ്‌സില്‍ നിരവധി ഫീച്ചറുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് ഫ്രോങ്‌സിലെ ഹൈലൈറ്റ്. ഇത് ടൈസോറിലും നല്‍കും.

മെക്കാനിക്കല്‍ ഫീച്ചറും ഫ്രോങ്‌സ് ടൈസോറുമായി പങ്കിടും. 89.7 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിന്‍, 100 പി.എസ്. പവറും 147.6 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഫ്രോങ്‌സിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.ജി.എസ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Content Highlights: Maruti Suzuki Fronx rebadging Toyota urban cruiser Taisor, Toyota-Maruti suzuki