ആംബുലന്‍സ്, പാസഞ്ചര്‍ വാന്‍, കാര്‍ഗോ; പല ഭാവത്തില്‍ 10 ലക്ഷം തികച്ച് മാരുതി ഇക്കോ

മാരുതി ഓമ്‌നി എന്ന വാന്‍ ഒരുകാലത്ത് ആഡംബരത്തിന്റെ പോലും പ്രതീകമായിരുന്നു. ഇപ്പോള്‍ നിരത്തുകളില്‍ ഇല്ലെങ്കിലും ഈ വാഹനത്തിന്റെ റോള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്ന വാഹനമാണ് മാരുതി സുസുക്കിയുടെ തന്നെ മറ്റൊരു വാന്‍ മോഡലായ ഇക്കോ. ആംബുലന്‍സ്, പാസഞ്ചര്‍ വാന്‍, കാര്‍ഗോ വാന്‍ തുടങ്ങി പല ഭാവങ്ങളില്‍ നിരത്തുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ മറ്റൊരു വാനും സ്വന്തമാക്കിയിട്ടില്ലാത്ത നേട്ടത്തിന്റെ നിറവിലാണ്.
2010 മുതല്‍ നിരത്തുകളില്‍ എത്തിത്തുടങ്ങിയ ഈ വാഹനം കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്. നിരത്തുകളില്‍ എത്തിയ ആദ്യ കാലങ്ങളില്‍ വേണ്ടത്ര സ്വീകാര്യത ഈ വാഹനത്തിന് ലഭിച്ചിരുന്നില്ല. 2010-ല്‍ എത്തിയ ഈ വാഹനം ആദ്യ അഞ്ച് ലക്ഷം യൂണിറ്റ് വിറ്റഴിച്ചത് എട്ട് വര്‍ഷം കൊണ്ടാണെന്നത് ഇതിന്റെ തെളിവാണ്. എന്നാല്‍, പിന്നീട് ഇക്കോയുടെ കാലമായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ അഞ്ച് ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയും ഈ വാഹനം നേടി.
സ്ഥലസൗകര്യം, ആകര്‍ഷകമായ ഡിസൈന്‍, മികച്ച കരുത്ത്, കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകള്‍ കൊണ്ടാണ് ഇക്കോ ജനപ്രിയമായത്. സ്വന്തമായ ഉപയോഗങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ ഇക്കോ എത്തുന്നുണ്ട്. 5 സീറ്റ്, 7 സീറ്റ് പാസഞ്ചര്‍, കാര്‍ഗോ, ആംബുലന്‍സ്, ടൂര്‍ എന്നിങ്ങനെ 13 വേരിയന്റുകളിലാണ് ഇക്കോ
വാന്‍ മാരുതി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 94 ശതമാനം വിപണി വിഹിതവും ഇക്കോയുടെ കൈയില്‍ ഭദ്രമാണെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 10 വാഹനങ്ങളില്‍ പലതവണ ഇക്കോയും സ്ഥാനം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പല ഉപയോഗങ്ങള്‍ക്കായി 13 വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.21 ലക്ഷം രൂപ മുതല്‍ 8.24 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
1.2 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഗ്രീന്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക എന്ന മാരുതിയുടെ ഉദ്യമത്തിന്റെ ഭാഗമായി സി.എന്‍.ജിയിലും ഇക്കോ എത്തുന്നുണ്ട്. പെട്രോളില്‍ 80.76 പി.എസ്. പവറും 104 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജിയില്‍ ഇത് 71 പി.എസ്. പവറും 95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: Maruti Suzuki Eeco has achieved 10 lakh units sales milestone in India