മാരുതി എക്‌സ്-പ്രെസോയിക്ക് ഒരു വയസ്; നിരത്തില്‍ ഒടിക്കളിക്കുന്നത് 75,000 യൂണിറ്റുകള്‍

മിനി എസ്.യു.വി എന്ന ലേബലില്‍ മാരുതി സുസുക്കി ഇന്ത്യന്‍ നിരത്തിലെത്തിച്ച എസ്-പ്രെസോ എന്ന വാഹനത്തിന്റെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുന്നു. 2019 സെപ്റ്റംബര്‍ 30-ന് അവതരിപ്പിച്ച ഈ വാഹനം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 75,000-ത്തില്‍ അധികം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്. എ-2 സെഗ്മെന്റ് വാഹനങ്ങളില്‍ ഒമ്പത് ശതമാനം മാര്‍ക്കറ്റ് വിഹിതം ഈ കുഞ്ഞന്റെ കൈകളില്‍ ഭദ്രമാണ്.
ഈ വാഹനത്തിന്റെ പുതുമയുള്ള രൂപവും, എന്‍ജിന്റെ കരുത്തും, ഇന്ധനക്ഷമതയുമാണ് ജനപ്രീതി നേടി നല്‍കിയതെന്നാണ് നിര്‍മാതാക്കളായ മാരുതി വിശ്വസിക്കുന്നത്. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള എസ്-പ്രെസോയിക്ക് 4.32 ലക്ഷം രൂപ മുതല്‍ 5.13 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ചെറിയ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചതും എസ്-പ്രെസോയെ ജനകീയമാക്കുന്നു.
മാരുതിയുടെ പുതുതലമുറ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാണ് എസ്-പ്രെസോയും എത്തുന്നത്. 3565 എംഎം നീളവും 1530 എംഎം വീതിയും 1564 എംഎം ഉയരവുമാണ് ഈ കുഞ്ഞന്‍ എസ്.യു.വിയുടെ അളവുകള്‍. ഇതിനൊപ്പം 2380 എംഎം വീല്‍ബേസും 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ കെ10ബി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 68 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവലും എ.എം.ടിയുമാണ് എസ്-പ്രെസോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 21.4 കിലോമീറ്ററാണ് മാരുതി ഈ വാഹനത്തിന് ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.
എസ്-പ്രെസോയെ മോടിപിടിപ്പിക്കുന്നതിനായി ഹാലജന്‍ ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള ഗ്രില്ല്, മികച്ച ഡിസൈനിലുള്ള ബംമ്പറുകള്‍, ബോഡി ക്ലാഡിങ്ങ് എന്നിവ നല്‍കുന്നുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുള്ളതാണ് അകത്തളത്തിലെ ആകര്‍ഷണം. എ.ബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എയര്‍ബാഗ്, സെന്‍സറുകള്‍ എന്നിവ എസ്-പ്രെസോയില്‍ സുരക്ഷ ഉറപ്പാക്കും.
Content Highlights: Maruti S-Presso Celebrates One Year On Indian Road; Sold More Than 75,000 Units
Content Highlights: