ഗ്രാന്റ് വിത്താര മുതല്‍ സിയാസ് വരെ തിരിച്ച് വിളിച്ച് മാരുതി; ഹൈറൈഡറിനെ ടൊയോട്ടയും

.
.

ഗ്രാന്റ് വിത്താര, സിയാസ്, ബ്രെസ, എര്‍ട്ടിഗ, എക്‌സ്.എല്‍.6 തുടങ്ങി മാരുതിയുടെ നിരവധി വാഹനങ്ങളാണ് അടുത്തിടെ പുതിയ ഭാവത്തില്‍ നിരത്തുകളില്‍ എത്തിയത്. പുതുതലമുറ ഫീച്ചറുകള്‍ക്കൊപ്പം സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ഈ വാഹനങ്ങളുടെ വരവ്. എന്നാല്‍, അടിസ്ഥാന സുരക്ഷാ സംവിധാനമായ സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട തകരാര്‍ സംശയിച്ച് ഏതാനും വാഹനങ്ങള്‍ തിരിച്ച് വിളിക്കുകയാണ് മാരുതി സുസുക്കി.

സീറ്റ് ബെല്‍റ്റ് ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്റര്‍ അസംബ്ലിയില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മാരുതിയുടെ വാഹനങ്ങള്‍ പരിശോധനയ്ക്കും സര്‍വീസിനായും തിരിച്ച് വിളിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാരുതിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ഗ്രാന്റ് വിത്താര, ബ്രെസ തുടങ്ങിയ എസ്.യു.വികളും എര്‍ട്ടിഗ, എക്‌സ്.എല്‍6 തുടങ്ങിയ എം.പി.വികളും സിയാസ് സെഡാനുമാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. 

2022 നവംബര്‍ രണ്ട് മുതല്‍ 28 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 9125 കാറുകളിലാണ് ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടാകുമെന്ന് മാരുതി വിലയിരുത്തിയിരിക്കുന്നത്. മുന്‍നിര സീറ്റുകളിലെ ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്റര്‍ അസംബ്ലിയിലെ പാര്‍ട്‌സുകളിലാണ് വീഴ്ച സംഭവിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സീറ്റ് ബെല്‍റ്റ് വേര്‍പ്പെടുന്നതിന് കാരണമായേക്കുമെന്നും നിര്‍മാതാക്കള്‍ വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിക്കുന്നതിനും ആവശ്യമായാല്‍ മാറുന്നതിനുമായാണ് തിരിച്ച് വിളിച്ചത്. 

ഈ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയ ഉപയോക്താക്കളെ മാരുതി സുസുക്കി ഡീലര്‍ഷിപ്പ് അധികൃതര്‍ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് വാഹനം  മാരുതിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച ആവശ്യമായ പരിശോധന നടത്താനുള്ള സൗകര്യം മാരുതി ഉറപ്പാക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തുന്നപക്ഷം ഇത് സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം, മാരുതി സുസുക്കി ഗ്രാന്റ് വിത്താരയുടെ ടൊയോട്ട പതിപ്പായ അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡറിലും ഈ തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത് പരിശോധിക്കുന്നതിനായി ഹൈറൈഡര്‍ മോഡലും ടൊയോട്ട തിരിച്ച് വിളിക്കുന്നുണ്ട്. മാരുതി അറിയിച്ചിട്ടുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള 994 യൂണിറ്റ് ഹൈറൈഡറാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെയും പരിശോധനയും സര്‍വീസും തീര്‍ത്തും സൗജന്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Maruti recall grand vitara, brezza, ertiga and xl6 for service, Toyota recall hyryder