22 ലക്ഷം നൽകി വാങ്ങിയത് മോഷണംപോയ സ്വന്തം കാർ! ‍ഞെട്ടി ഉടമ

എഐ നിർമിത പ്രതീകാത്മക ചിത്രം
എഐ നിർമിത പ്രതീകാത്മക ചിത്രം

ഒരു വാഹനം സ്വന്തമാക്കുക എന്നത് നമുക്കെല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അത് പഴയതാകട്ടെ പുതിയതാകട്ടെ. ആ​ഗ്രഹിച്ചു വാങ്ങിയ ഈ ഇഷ്ട വാഹനം മോഷണം പോകുന്നതാകട്ടെ നെഞ്ച് തകർക്കുന്നതുമാണ്. എന്നാൽ മോഷണംപോയ വാഹനമാണെന്ന് തിരിച്ചറിയാതെ അതേ വാഹനം വീണ്ടും പണം നൽകി അതിന്റെ ഉടമ  മറ്റൊളാളുടെ കൈയ്യിൽനിന്ന് വാങ്ങിയാലോ! കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നുണ്ടല്ലേ. എന്നാൽ ഇം​ഗ്ലണ്ടിൽ യഥാർഥത്തിൽ നടന്ന സംഭവമാണിത്. ബിബിസിയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.  

വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹള്ളിലെ 36 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഇവാൻ വാലന്റൈനാണ് കഥയിലെ താരം. ഇവാന്റെ കറുപ്പ് നിറത്തിലുള്ള ഹോണ്ട സിവിക് കാർ ഫെബ്രുവരിയിൽ അദ്ദേഹത്തിൻ്റെ ഡ്രൈവ്‌വേയിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവം പോലീസിൽ അറിയിച്ചെങ്കിലും കാർ തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച മറുപടി. 

ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചതിനെ തുടർന്ന്, വാലന്റൈൻ ആ തുക ഉപയോഗിച്ച് പകരം മറ്റൊരു വാഹനം വാങ്ങാൻ തീരുമാനിച്ചു. മോഷ്ടിച്ച തന്റെ പ്രിയപ്പെട്ട കാറിനോടുള്ള ഇഷ്ടം കാരണം കറുപ്പ് നിറത്തിലുള്ള മറ്റൊരു ഹോണ്ട സിവിക് അദ്ദേഹം കണ്ടെത്തി. 20,000 പൗണ്ടിന് (22 ലക്ഷം രൂപ) ആ വാഹനം ഇവാൻ വാങ്ങി. ഇനിയാണ് കഥയിലെ വമ്പൻ ട്വിസ്റ്റ്. വാഹനത്തിന്റെ പല പ്രത്യേകതകളും അദ്ദേഹത്തിൽ സംശയമുണ്ടാക്കി. 

മോഷണംപോയ വാഹനത്തിനുള്ളിൽ താൻ മുൻപ് വെച്ചിരുന്ന പല വസ്തുക്കളും ഇതിൽ അദ്ദേഹം കണ്ടെത്തി. നിറം, രജിസ്റ്റർ ചെയ്ത വർഷം, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എല്ലാം മോഷണംപോയ സിവിക്കിന് സമാനം.  കാറിലെ നാവിഗേഷൻ സിസ്റ്റത്തിൻ്റെ ഹിസ്റ്ററിയിൽ തൻ്റെയും മാതാപിതാക്കളുടെയും വിലാസങ്ങൾ കണ്ടെത്തിയതോടെ ഇവാൻ്റെ സംശയങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. അതെ, ഇത് എന്റെ പഴയ സിവിക്ക് തന്നെ. മുൻപ് മോഷ്ടിക്കപ്പെട്ട സ്വന്തം കാർ തന്നെയാണ് താൻ തിരികെ വാങ്ങിയതെന്ന സത്യം അദ്ദേഹം മനസ്സിലാക്കി. 

ഒരു നിമിഷം ഞാൻ വിജയിച്ചെന്ന തോന്നൽ എനിക്കുണ്ടായി. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു വീരോചിതമായ നിമിഷമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. മോഷണംപോയ കാർ ഞാൻ തിരികെ കൊണ്ടുവന്നതല്ല. യഥാർത്ഥത്തിൽ 
ഇതൊരു വിഡ്ഢിത്തമാണ്, ഇവാൻ ബിബിസിയോട് പറഞ്ഞു. 
 

Content Highlights: Man Buys Car For 20 Lakh Turned Out To Be His Stolen Honda Civic