6e,9e മോഡലുകള്‍ തുടക്കം മാത്രം; ഇന്‍ഗ്ലോയിലൂടെ ഇ.വി. ശ്രേണി പിടിക്കാന്‍ മഹീന്ദ്ര, അടുത്തത് XEV 7e

മഹീന്ദ്രയുടെ എക്‌സ്.യു.വി.700-യുടെ ഇലക്ട്രിക് പതിപ്പ് എക്‌സ്.ഇ.വി.7ഇ | Photo: RushLane
മഹീന്ദ്രയുടെ എക്‌സ്.യു.വി.700-യുടെ ഇലക്ട്രിക് പതിപ്പ് എക്‌സ്.ഇ.വി.7ഇ | Photo: RushLane

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കക്കാരെന്ന് അവകാശപ്പെടാവുന്ന വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. E2O, ഇ-വെറിറ്റോ എന്നീ മോഡലുകളിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് ഈ വാഹനങ്ങളെല്ലാം പിന്‍വലിച്ച് എക്‌സ്.യു.വി.400 എന്ന ഒരൊറ്റ മോഡലിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാല്‍, വലിയൊരു കുതിച്ച് ചാട്ടത്തിന് മുന്നോടിയായിരുന്നു ഈ പിന്‍വലിയല്‍ എന്നാണ് മഹീന്ദ്രയുടെ പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര പുറത്തിറക്കിയ ബി.ഇ.6ഇ, എക്‌സ്.ഇ.വി.9ഇ എന്നീ മോഡലുകള്‍ക്ക് പുറമെ കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്.യു.വി. 700-യെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലും അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന. എക്‌സ്.ഇ.വി. 7ഇ എന്ന പേരിലാണ് ഈ വാഹനം ഒരുങ്ങുന്നതെന്നാണ് വിവരം. അടുത്തിടെ എത്തിയ രണ്ട് മോഡലുകള്‍ക്കൊപ്പം ഈ പേരിനും മഹീന്ദ്ര പകര്‍പ്പവകാശം സ്വന്തമാക്കിയിരുന്നു. 

എക്‌സ്.ഇ.വി. 7ഇ കണ്‍സെപ്റ്റ് മോഡല്‍ മഹീന്ദ്ര മുമ്പുതന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 6ഇ, 9ഇ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും 7ഇ-യും ഒരുങ്ങുന്നത്. എന്നാല്‍,  മൂന്നുനിര സീറ്റുകളുള്ള ഫുള്‍ സൈസ് എസ്.യു.വി. ആയിരിക്കും 7ഇ എന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി പാക്ക്, പവര്‍ ട്രെയിന്‍ തുടങ്ങിയവ 6ഇ, 9ഇ മോഡലുകളില്‍ നിന്ന് കടംകൊണ്ടതാണെങ്കിലും ഡിസൈനില്‍ ഐസ് എന്‍ജിന്‍ എക്‌സ്.യു.വിക്ക് സമാനമായിരിക്കും എക്‌സ്.ഇ.വി. 7ഇ.

ബമ്പറിലും ബോണറ്റിലുമായി നല്‍കിയിട്ടുള്ള ഡി.ആര്‍.എല്ലും പൊസിഷന്‍ ലൈറ്റും, ബൈ-ബീം പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ക്ലോസ്ഡ് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ബ്ലാക്ക് പ്ലാസ്റ്റിക്കും ചേര്‍ന്ന് അലങ്കരിക്കുന്ന ബമ്പര്‍, മഹീന്ദ്രയുടെ പുതിയ ഇന്‍ഫിനിറ്റി ലോഗോ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍. ഇലക്ട്രിക് സ്‌പെക് വീലുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റൂഫ് ലൈന്‍, സിലിവേറ്റ് എന്നിവ റെഗുലര്‍ മോഡലിന് സമാനമാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

9ഇ മോഡലുമായി അകത്തളത്തിലെ ഫീച്ചറുകളും ഡിസൈനും മറ്റും പങ്കിട്ടായിരിക്കും 7ഇ-യും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് സ്‌ക്രീനുകള്‍ സ്ഥാനം പിടിച്ചിട്ടുള്ള ഡാഷ്‌ബോര്‍ഡ്, ഇല്ലുമിനേറ്റഡ് ലോഗോ നല്‍കിയിട്ടുള്ള ടൂ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഗ്ലാസ് റൂഫ്, വെന്റിലേറ്റ്-മെമ്മറി ഫങ്ഷനുകള്‍ നല്‍കിയിട്ടുള്ള സീറ്റുകള്‍, ഉയര്‍ന്ന സ്റ്റോറേജ് സ്‌പേസ് തുടങ്ങി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര 7ഇ-യിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിക്കുന്നതിനാല്‍ മെക്കാനിക്കല്‍ ഫീച്ചറുകളും 6ഇ,9ഇ മോഡലുകള്‍ക്ക് സമാനമായിരിക്കും. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് അടുത്തിടെ പുറത്തിങ്ങിയ രണ്ട് മോഡലുകളിലും നല്‍കിയിട്ടുള്ളത്. റിയര്‍ വീല്‍ ഡ്രൈവ് മോഡലായ ഈ വാഹനങ്ങളില്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓട്ടോ പാര്‍ക്ക്, ലെവല്‍ 2 അഡാസ് എന്നിവയും 7ഇ-യില്‍ നല്‍കിയേക്കും.

Image Source

Content Highlights: Mahindras upcoming XEV 7e electric SUV based on the XUV700.