നെക്‌സോൺ ഇവിയുമായി കൊമ്പുകോർക്കാനൊരു എതിരാളി; XUV 3XO EV അവതരിപ്പിച്ച് മഹീന്ദ്ര, വില 13.89 ലക്ഷം

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് പുതിയൊരു മോഡൽ കൂടി അവതരിപ്പിച്ചു. കോംപാക്ട് എസ്‌യുവി ശ്രേണിയിൽ മഹീന്ദ്ര എത്തിച്ചിട്ടുള്ള XUV 3XO-യുടെ ഇലക്ട്രിക് പതിപ്പാണ് മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ XUV 400 ഇലക്ട്രിക്കിൽ നിന്നുള്ള ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും നൽകിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ടാറ്റ നെക്‌സോൺ ഇലക്ട്രിക്കുമായായിരിക്കും ഈ വാഹനം വിപണിയിൽ ഏറ്റുമുട്ടുക.
മഹീന്ദ്രയുടെ ഐസ് എൻജിൻ XUV 3XO-യെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് പതിപ്പും എത്തിയിരിക്കുന്നത്. എ.എക്‌സ്5, എ.എക്‌സ്7എൽ എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് എസ്‌യുവിക്ക് യഥാക്രമം 13.89 ലക്ഷവും 14.96 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 7.2 കിലോവാട്ട് എ.സി. ചാർജർ ലഭിക്കുന്നതിനായി 50,000 രൂപ അധികമായി നൽകണം. ഫെബ്രുവരി 23 മുതൽ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
എക്‌സ്‌യുവി 400 നൽകിയിരുന്ന 39.4 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കും 150 എച്ച്പി പവറും 310 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് XUV 3XO-യിലും കരുത്തേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 285 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചാണ് നിർമാതാക്കൾ ഈ വാഹനത്തിന് ഉറപ്പുനൽകുന്നത്. 8.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കരുത്തും ഈ ഇലക്ട്രിക് വാഹനത്തിനുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാം.
മഹീന്ദ്ര അടുത്തിടെ എത്തിച്ച XUV 3XO റേവ് എക്‌സിനോട് സമാനമായ ഡിസൈനിലാണ് ഇലക്ട്രിക് പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ബോഡി കളർ ട്രീറ്റ്‌മെന്റ്, ഗ്രില്ല് എന്നിവ ആ വാഹനത്തിൽ നിന്ന് കടംകൊണ്ടതാണെങ്കിലും ബമ്പറിന്റെ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. അലോയി വീലുകൾ, ഹെഡ്‌ലൈറ്റ്, ഡിആർഎൽ, ടെയ്ൽ ലൈറ്റുകൾ, ബോഡി ക്ലാഡിങ്, തുടങ്ങിവയെല്ലാം റെഗുലർ 3XO-യിൽ നിന്നുള്ളവയാണ്. ഗ്രില്ലിൽ നൽകിയിട്ടുള്ള ലോഗോയും സ്ട്രിപ്പും ബ്രോൺസ് നിറത്തിലാണ്.
ഇന്റീരിയറിലെ ഫീച്ചറുകളും ഐസ് പതിപ്പിന് സമാനമാണ്. 10.25 ഇഞ്ച് വലിപ്പത്തിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഒരുക്കിയിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ വിത്ത് ഓൺ ബോർഡ് നാവിഗേഷൻ, എൽഇഡി ലൈറ്റിങ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഹർമൻ കാർഡോൺ മ്യൂസിക് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകൾ.
Content Highlights: Mahindra unveils the all-new XUV 3XO EV, challenging the Tata Nexon EV. Discover specs, price, range, and features of this exciting new electric SUV.