സെവൻ സീറ്റ് എസ്‌യുവികളിലെ വൈദ്യുതി വിസ്മയം... മഹീന്ദ്ര എക്സ്.ഇ.വി. 9 എസ്

#സി. സജിത്
മഹീന്ദ്ര എക്‌സ്ഇവി 9 എസ് | Photo: Mahindra
മഹീന്ദ്ര എക്‌സ്ഇവി 9 എസ് | Photo: Mahindra

വൈദ്യുതവാഹന ശ്രേണിയിലേക്ക് മഹീന്ദ്ര അവതരിപ്പിച്ച സെവൻ സീറ്ററാണ് എക്‌സ്.ഇ.വി. 9 എസ്. തങ്ങളുടെ ഇൻഗ്ലോ പ്ലാറ്റ്്ഫോമിൽ നിർമിച്ച ഈ ഏഴ് സീറ്റർ ഇതേ ഗണത്തിലെ എക്സ്.ഇ.വി. 9ഇ യോട് ചേർന്നുനിൽക്കുന്നു. ഫൈവ് സീറ്ററായ 9 ഇ-യുടെ എല്ലാ ഗുണഗണങ്ങളും പിൻപറ്റിയാണ് 9 എസും വരുന്നത്.

എക്സ്റ്റീരിയറിൽ തങ്ങളുടെ പുതിയ വാഹനങ്ങളുടെ രൂപംതന്നെ 9 എസും പിൻതുടരുന്നുണ്ട്. മുൻവശത്ത് എൽ.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകളും ബൈ-എൽ.ഇ.ഡി. ഹെഡ്ലാമ്പുകളും. ഗ്രില്ലെന്ന സങ്കല്പം മായുന്നയിടത്ത് മഹീന്ദ്ര ഇ.വി. ലോഗോ സ്ഥാനംപിടിക്കുന്നു. 18-ഇഞ്ച് വീലുകളും ഡ്യുവൽ ടോൺ ഫിനിഷിലുള്ള ഒ.ആർ.എമ്മുകളും ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും പുതിയ ഫ്‌ലാഷ് ഡോർ ഹാൻഡിലുകൾ രൂപഭംഗി കൂട്ടുന്നുണ്ട്. പനോരമിക് സൺറൂഫ്. ലളിതവും ആകർഷകവുമായ പിൻഭാഗത്ത് റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകൾ വന്നു.

അകത്ത് ഡാഷ്ബോർഡിൽ മൂന്ന് സ്‌ക്രീനുകളുണ്ട്. ഇതിൽ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു പ്രത്യേക പാസഞ്ചർ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്നു. മുൻ വാഹനങ്ങളിൽ കണ്ടപോലെ പാസഞ്ചർ സ്‌ക്രീൻ യാത്രക്കാരന് മാത്രമായി ഒതുക്കിയിരിക്കുന്നു. ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ്വീലിൽ കൺട്രോളുകൾ വരുന്നു. കൂടാതെ, റീജനറേറ്റീവ് ബ്രേക്കിങ്ങിനായുള്ള ബട്ടണുകളും ഉണ്ട്.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ. ഫ്രണ്ട്, രണ്ടാംനിര സീറ്റുകൾക്ക് വെന്റിലേഷൻ ഫങ്ഷനുകളുമുണ്ട്. രണ്ടാമത്തെ നിരയിൽ മടക്കാവുന്ന ആംറെസ്റ്റും മൂന്ന് ഹെഡ്റെസ്റ്റുകളും ഉണ്ട്. കൂടുതൽ ലെഗ്റൂമിനായി ഫ്രണ്ട് പാസഞ്ചർ സീറ്റ് ക്രമീകരിക്കുന്നതിന് 'ബോസ് മോഡ്' ബട്ടൺ സഹായിക്കുന്നു. 16-സ്പീക്കറുകളുള്ള ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റവും ഡോൾബി ആറ്റ്മോസ് സാങ്കേതികവിദ്യയും യാത്ര സമ്പൂർണമാക്കുന്നു. ലെവൽ 2പ്ലസ് അഡാസും വരുന്നുണ്ട്. അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ, നാല് ക്യാമറകൾ എന്നിവയുമായാണ് അഡാസ് പ്രവർത്തിക്കുന്നത്.

380 എൻ.എം. ടോർക്ക് നൽകുന്ന കരുത്തുറ്റ മോട്ടോറാണ് പിൻബലം. 59 കിലോവാട്ട് ബാറ്ററി പായ്ക്ക് പതിപ്പിന് 231 എച്ച്.പി. പവറും 79 കിലോവാട്ട് ബാറ്ററിക്ക് 286 എച്ച്.പി. പവറുമാണുള്ളത്. നാല് ഡ്രൈവിങ് മോഡുകൾ വരുന്നുണ്ട്. സ്‌നോ, എവരിഡേ, സ്‌പോർട്ട്, റേസ്.

സസ്പെൻഷനാണ് എടുത്തുപറയേണ്ടത്. കുഴികൾ കണ്ടെത്തുന്ന ഇന്റലിജന്റ് സെമി-ആക്ടീവ് ഡാംപറുകൾ അതിനനുസരിച്ച് സസ്‌പെൻഷൻ ക്രമീകരിക്കുന്നു. 15 മില്ലീസെക്കൻഡ് മാത്രമേ ഇതിനു വേണ്ടുവെന്നാണ് കമ്പനിയുടെ സാങ്കേതിക വിദഗ്ധർ പറയുന്നത്. ലൈറ്റ് സ്റ്റിയറിങ് സിസ്റ്റം, മികച്ച ഹാൻഡ്ലിങ് നൽകുന്നു.

180 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാം. 59 കിലോവാട്ട് ബാറ്ററി പായ്ക്കിന്റെ റേഞ്ച് 521 കിലോമീറ്റർ വരെയാണ്. അതേസമയം വലിയ 79 കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 679 കിലോമീറ്റർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Content Highlights: 7-seater configuration based on the INGLO platform., Two battery options: 59kWh (521km range) and 79kWh (679km range)., Advanced Level 2+ ADAS with 5 radars and 12 ultrasonic sensors., Intelligent semi-active dampers for superior ride comfort., 180kW DC fast charging (0-80% in 20 minutes).