മഹീന്ദ്രയുടെ ആദ്യ 7-സീറ്റർ ഇലക്ട്രിക് SUV; പേര് XEV 9S, വരവ് ഉടൻ

photo: Mahindra
photo: Mahindra

രാനിരിക്കുന്ന 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി XEV 9S-ന്റെ ടീസർ പുറത്തിറക്കി മഹീന്ദ്ര. നിലവിലുള്ള XEV 9e-യെ അപേക്ഷിച്ച് താരതമ്യേന നീളമേറിയ വീൽബേസോടെയായിരിക്കും പുതിയ മോഡൽ വരുന്നത്. നവംബർ 27-ന് വാഹനം അവതരിപ്പിക്കും.

XEV 9e-യുടെയും അടിസ്ഥാനമായ മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും XEV 9S നിർമിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണിത്.

ഇത് വാഹനത്തിന്റെ നീളത്തിലും സീറ്റിങ് കോൺഫിഗറേഷനുകളിലും മാറ്റങ്ങൾ വരുത്താൻ അനുവദിക്കുന്നു. XEV 9e-യെ അപേക്ഷിച്ച് XEV 9S-ന്റെ കൂടിയ നീളം, മൂന്നാംനിര യാത്രക്കാരെ ഉൾക്കൊള്ളാൻ ആവശ്യമായ ഇടം ഉള്ളിൽ നൽകും.

ഫ്ലാറ്റ്-ഫ്ലോർ ലേഔട്ട്, നീളമേറിയ വീൽബേസ്, ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റുകൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശാലമായ ഉൾവശമായിരിക്കും.

ബാറ്ററി, പവർട്രെയിൻ വിവരങ്ങൾ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുകയാണ് കമ്പനി. രാജ്യത്ത് ഇതിനകം വിൽപ്പനയിലുള്ള XEV 9e-ക്ക് സമാനമായ സവിശേഷതകൾ മഹീന്ദ്ര XEV 9s-നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് നൽകുന്ന 79 kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിച്ചേക്കാം.

XEV 9e-ക്ക് 59 kWh ബാറ്ററി പായ്ക്കും ലഭിക്കുന്നുണ്ട്. ഇത് ഒറ്റ ചാർജിൽ 542 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബ്രാൻഡിന്റെ മറ്റ് ബോൺ ഇലക്ട്രിക് വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ ഈ വാഹനത്തിലും ഉണ്ടാകും. റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ ഒന്നിലധികം വേരിയന്റുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.

വാഹനത്തിന്റെ വിശദാംശങ്ങൾ മഹീന്ദ്ര  വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, XEV 9S പലതവണ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി, മഹീന്ദ്രയുടെ പുതിയ ഇവി നിരയിലെ കണക്റ്റഡ് എൽഇഡി ലൈറ്റിംഗ് ഘടകങ്ങളും XEV 9e-ൽ കണ്ടതുപോലുള്ള ത്രീ-സ്ക്രീൻ ഡിജിറ്റൽ ഡാഷ്‌ബോർഡ് സജ്ജീകരണവും പോലുള്ള ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കാം.

Content Highlights: Mahindra teases the upcoming XEV 9S, a spacious 7-seater electric SUV built on the INGLO platform. Discover its longer wheelbase, expected features, and debut date.