വീണ്ടും താരമാകാൻ ഥാർ; റോക്സിന്റെ ഫീച്ചറുകളോടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ? പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര ഥാര്‍ | Photo: Mahindra
മഹീന്ദ്ര ഥാര്‍ | Photo: Mahindra

3-ഡോർ ഥാറിന് ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ മഹീന്ദ്ര ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുത്തൻ മോഡൽ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ മൂടിപ്പുതച്ച നിലയിലാണ് വാഹനം നിരത്തിൽ പ്രത്യക്ഷപ്പെട്ടത്. ഥാർ റോക്സിന്റെ രൂപകൽപനയോട് പുതിയ ഥാറിന് കൂടുതൽ സാമ്യമുണ്ടാകാനാണ് സാധ്യത. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് വീതി കൂടുതലാണെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ നൽകുന്ന സൂചന. 2020-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഈ എസ്‌യുവിക്ക് ഇതാദ്യമായാണ് ഒരു അപ്ഡേറ്റ് ലഭിക്കുന്നത്.

പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

Gen-4 ഷാസി അടിസ്ഥാനമാക്കിയുള്ളതാവാം പുതിയ ഥാർ എന്നാണ് കരുതുന്നത്. ഇത് നിലവിലുള്ള ഥാറിലും സ്കോർപിയോ ക്ലാസിക്കിലും ഉപയോഗിക്കുന്ന മൂന്നാം തലമുറ പ്ലാറ്റ്‌ഫോമിനേക്കാൾ മികച്ചതാണ്. ഗ്രില്ലും ഹെഡ്‌ലാമ്പ് അസംബ്ലികളും പുതിയതാകാം. നിലവിലുള്ള ഥാറിന് സാധാരണ 7സ്ലോട്ട് ഗ്രില്ലാണുള്ളത്. എന്നാൽ പരീക്ഷണയോട്ടത്തിൽ കണ്ട വാഹനത്തിന് ഥാർ റോക്സിന് 6 സ്ലോട്ട് ഗ്രില്ലാണുള്ളത്. 'സിക്‌സ്-പാക്ക് ഗ്രിൽ' എന്നാണ് മഹീന്ദ്ര ഇതിനെ വിളിക്കുന്നത്. 

ഹെഡ്‌ലാമ്പുകൾ വൃത്താകൃതിയിലുള്ള യൂണിറ്റുകളായിരിക്കും. എന്നാൽ, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പ് (ഡിആർഎൽ) വന്നേക്കാം. റോക്സിന് 'C' ആകൃതിയിലുള്ള ഡിആർഎല്ലുകളാണുള്ളത്. എന്നാൽ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റിന് വ്യത്യസ്തമായ ഡിസൈൻ ഉണ്ടാകാം. റോക്സുമായുള്ള സാമ്യം പരീക്ഷണ വാഹനത്തിന്റെ മുൻ ബമ്പറിന്റെയും ഫോഗ് ലാമ്പ് കെയ്‌സുകളുടെയും രൂപകൽപ്പനയിൽ കാണാം. ടെയിൽ ലാമ്പുകൾക്ക് റോക്സിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ലഭിക്കാൻ സാധ്യതയുണ്ട്. പിൻ വൈപ്പറും ഉണ്ടാകും.

ഉൾവശത്തേക്ക് വരുമ്പോൾ, ഏറ്റവും വലിയ മാറ്റം വലുപ്പമേറിയ 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ആയിരിക്കും. നിലവിലുള്ള മോഡലിന് 7 ഇഞ്ച് യൂണിറ്റാണുള്ളത്. ഇതിന്റെ ഡിസ്പ്ലേ നിലവാരം റോക്സുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 

സെന്റർ കൺസോളിന്റെ രൂപകൽപ്പന റോക്സിലേതിനു സമാനമാണ്. സ്റ്റിയറിങ് വീലും റോക്സിൽനിന്ന് എടുത്തതാണെന്നാണ് പരീക്ഷണയോട്ട ചിത്രങ്ങൾ നൽകുന്ന സൂചന. നിലവിലുള്ള മോഡലിന് സമാനമായ ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിൽ കാണുന്നത്. പുതിയ ഥാറിന് റോക്സിലെ വലിയ ഓൾ-ഡിജിറ്റൽ ഡിസ്പ്ലേ ലഭിക്കില്ലെന്നാണ് കരുതുന്നത്. 

അഡാസ് സുരക്ഷാ സംവിധാനം സൂചിപ്പിക്കുന്ന ഒന്നുംതന്നെ ടെസ്റ്റ് വാഹനത്തിൽ കാണുന്നില്ല. റോക്സിൽ മാത്രം അഡാസ് പരിമിതപ്പെടുത്താനാകും സാധ്യത. 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ നൽകുമോ എന്ന് കണ്ടറിയണം. ഈ വർഷാവസാനം ഥാർ ഫെയ്‌സ്‌ലിഫ്റ്റ് മഹീന്ദ്ര പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Content Highlights: Mahindra Thar Facelift Seen Testing