നിര്‍മിക്കുന്നത് 300 എണ്ണം, വാഹനം നിറയെ ഡാര്‍ക്ക്‌നൈറ്റ് തീം; ബിഇ 6 ബാറ്റ്മാന്‍ എഡിഷനുമായി മഹീന്ദ്ര

Photo: Mahindra
Photo: Mahindra

ഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ ബിഇ 6-ന്റെ ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി നിര്‍മാതാക്കള്‍. പൂര്‍ണമായും കറുപ്പ് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള ഈ പ്രത്യേക പതിപ്പിന് 27.79 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓഗസ്റ്റ് 23-ന് ബുക്കിങ് ആരംഭിക്കുന്ന ഈ പതിപ്പ് 21,000 രൂപ അഡ്വാന്‍സ് തുക നല്‍കി ബുക്കുചെയ്യാം. ഇന്റര്‍നാഷണല്‍ ബാറ്റ്മാന്‍ ഡേയായ സെപ്റ്റംബര്‍ 20-ന് ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 

ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ വെറും 300 യൂണിറ്റുകള്‍ മാത്രമായിരിക്കും നിര്‍മിക്കുക. പാക്ക് ത്രീ വേരിയന്റിന്റെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ ഒരുങ്ങുന്നതെങ്കിലും റെഗുലര്‍ പതിപ്പിനെക്കാള്‍ 89,000 രൂപ അധികമായിരിക്കും ഈ പ്രത്യേക പതിപ്പിന്റെ വില. വാര്‍ണര്‍ ബ്രദേഴ്‌സുമായി സഹകരിച്ചാണ് ബാറ്റ്മാന്‍ എഡിഷന്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ വാഹന ചരിത്രത്തില്‍ ആദ്യമായാണ് ഒരു വാഹന നിര്‍മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്‌സുമായി സഹകരിക്കുന്നതെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. 

പൂര്‍ണമായും കറുപ്പ് നിറത്തിലാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. ഫെന്‍ഡറില്‍ സ്വര്‍ണ നിറത്തിലുള്ള ബാറ്റ്മാന്‍ ലോഗോ നല്‍കിയിരിക്കുന്നതിനൊപ്പം ഫെന്‍ഡറിലും ഡോറിലുമായി ബാറ്റ്മാന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍, ക്ലാഡിങ് എന്നിവ ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് നല്‍കിയിട്ടുള്ളത്. സസ്‌പെന്‍ഷന്‍ സ്പ്രിങ്, ബ്രേക്ക് കാലിപര്‍ എന്നിവയില്‍ സ്വര്‍ണ നിറം നല്‍കിയിട്ടുള്ളതിനൊപ്പം പിന്നില്‍ ബിഇ 6 എക്‌സ് ദി ഡാര്‍ക്ക് നൈറ്റ് എന്ന ബാഡ്ജിങ്ങും നല്‍കുന്നുണ്ട്. 

കറുപ്പും സ്വര്‍ണ നിറവും നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സീറ്റിലും സണ്‍റൂഫിലും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലുമെല്ലാം ബാറ്റ്മാന്‍ ലോഗോ പതിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ് സീറ്റുകളില്‍ സ്വര്‍ണ നിറത്തിലെ നൂലുകള്‍ ഉപയോഗിച്ചുള്ള തുന്നലും കാണാം. ഇല്ലുമിനേറ്റഡ് ബാറ്റ്മാന്‍ ലോഗോയാണ് സണ്‍റൂഫിലുള്ളത്. സീറ്റുകള്‍, ഇന്റീരിയര്‍ ഡോര്‍ ഹാന്‍ഡില്‍, പാസഞ്ചര്‍ സൈഡ് ഡാഷ്‌ബോര്‍ഡ്, ബൂസ്റ്റ് ബട്ടണ്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഡാര്‍ക്ക് നൈറ്റ് ലോഗോകള്‍ പതിപ്പിച്ചിരിക്കുന്നത് കാണാം. 

പാക്ക് ത്രീ പതിപ്പിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റാണ് ബാറ്റ്മാന്‍ എഡിഷന്‍ ആകുന്നത്. 79 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 682 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റിയര്‍ വീല്‍ ഡ്രൈവ് മോഡലായ ഈ വാഹനത്തില്‍ 286 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കല്‍ സംവിധാനങ്ങള്‍ റെഗുലര്‍ മോഡലില്‍ നിന്ന് കടംകൊണ്ടവയാണ്.

Content Highlights: Mahindra BE.6 Batman Edition: Limited Release, Dark Knight Theme, and Enhanced Features