ടെസ്‌ലയെ ക്ഷണിച്ച് മഹാരാഷ്ട്ര സര്‍ക്കാരും; മന്ത്രിമാര്‍ ടെസ്‌ല അധികൃതരുമായി ചര്‍ച്ച നടത്തി

അമേരിക്കന്‍ ഇലക്ട്രിക് വാഹനനിര്‍മതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് വരവിനൊരുങ്ങുന്നു എന്നത് രഹസ്യമല്ല. 2021-ഓടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടെസ്‌ല തന്നെ മുമ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയും വ്യവസായ മന്ത്രി സുഭാഷ് ദേശായിയുമാണ് ടെസ്‌ലയുടെ ഇന്ത്യയിലെ പ്ലാന്റ് മഹാരാഷ്ട്രയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെസ്‌ല അധികൃതരുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ അറിയിച്ചു.
മഹാരാഷ്ട്രയ്ക്ക് പുറമെ, കര്‍ണാടകയും മുമ്പ് ടെസ്‌ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ ഐ.ടി നഗരമായ ബെംഗളൂരു ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമായ നഗരമാണെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍, പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഇന്ത്യയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്ലാന്റ് സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ടെസ്‌ല കൃത്യമായ സൂചന നല്‍കിയിട്ടില്ല. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വിലയിരുത്തിയ ശേഷമായിരിക്കും പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും സൂചനയുണ്ട്. വാഹനം ഇറക്കുമതി ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം സി.ഇ.ഒ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ടെസ്ല വേണമെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച ഒരു ചിത്രം ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് 2021-ല്‍ ടെസ്‌ല ഇന്ത്യയില്‍ എത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്. ടെസ്‌ലയുടെ വാഹനങ്ങളെ കാത്തിരിക്കുന്നതിന് നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു.
ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനം മുമ്പുതന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ഇന്ത്യയിലേക്കുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. ടെസ്ല കഴിഞ്ഞ വര്‍ഷം ചൈനയില്‍ പ്ലാന്റ് തുറന്നിരുന്നു. പ്രധാനമായും മോഡല്‍3 കാറിന്റെ നിര്‍മാണമാണ് ഈ പ്ലാന്റില്‍ നടക്കുന്നത്.
Content Highlights: Maharashtra Invites Electric Car Manufacture Tesla To The State
Content Highlights: