വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ ശ്രദ്ധിക്കുക;റെന്റ് എ ക്യാബ് അംഗീകൃതമാണ്, അതുപോലെയല്ല റെന്റ് എ കാര്‍

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വാഹനങ്ങള്‍ ദിവസ, മാസ വാടകയ്ക്ക് നല്‍കാന്‍ പറ്റില്ല. സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ചെയ്ത വാഹനം ടാക്‌സിയായി ഓടിക്കാനോ വാടകവാങ്ങി മറ്റൊരാള്‍ക്ക് നല്‍കാനോ പാടില്ല എന്നാണ് മോട്ടോര്‍ വാഹനനിയമത്തിലുള്ളത്.
'റെന്റ് എ കാര്‍' ബിസിനസ് ചെയ്യുന്ന നിരവധിയാളുകള്‍ സംസ്ഥാനത്തുണ്ട്. ഇത് അനധികൃതമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നു. വാഹനത്തില്‍ കയറ്റാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ആര്‍.സി.ബുക്കില്‍ കൃത്യമായി ഉണ്ട്. അതില്‍ക്കൂടുതല്‍ ആളുകളെ കയറ്റി വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടാകും. വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളുപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ ആര്‍.സി. ഉടമയും പ്രതിയാകും.
റെന്റ് എ ക്യാബ് അംഗീകൃതം
റെന്റ് എ ക്യാബ് എന്ന സംവിധാനം ഇപ്പോള്‍ കേരളത്തില്‍ സജീവമാണ്. അത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കറുപ്പില്‍ മഞ്ഞനിറമുള്ള അക്ഷരങ്ങളിലായിരിക്കും. റെന്റ് എ ക്യാബ് ബിസിനസ് വലിയ ഒരു ഗ്രൂപ്പിനുമാത്രമേ നടത്താനാകൂ. അന്‍പത് വാഹനത്തിനുമുകളില്‍ സ്വന്തമായുള്ള, ചുരുങ്ങിയത് അഞ്ചുജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് റെന്റ് എ ക്യാബ് ലൈസന്‍സ് ലഭിക്കുക.
അവയ്ക്ക് ടൂറിസ്റ്റ് പെര്‍മിറ്റും വേണം. മോട്ടോര്‍വാഹനവകുപ്പിന്റെ നിയമമനുസരിച്ച് അഞ്ചുവര്‍ഷംമാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാന്‍ കഴിയൂ. ടാക്‌സി വാഹനങ്ങളെപ്പോലെ രണ്ടുവര്‍ഷം കൂടുമ്പോള്‍ ഈ വാഹനങ്ങളും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കണം. സ്പീഡ് ഗവണര്‍, പാനിക് ബട്ടണ്‍, ജി.പി.എസ്. എന്നിവയും ഉണ്ടാകണം.
ഈ വാഹനങ്ങള്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സുണ്ട്. അപകടമുണ്ടായാല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍, ഓരോ കമ്പനിയുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് വാഹനത്തിന്റെ നോ ക്ലെയിം ബോണസ് ഈടാക്കാറുണ്ട്. വാഹനം അപകടത്തില്‍പ്പെട്ടാലും ഉപഭോക്താക്കളില്‍നിന്ന് വലിയ തുക റെന്റ് കമ്പനികള്‍ ഈടാക്കാറില്ല.
പരിമിതികളുണ്ട്
റെന്റ് എ കാറുകളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരിശോധന നടത്താന്‍ പരിമിതികളുണ്ട്. പിടികൂടുമ്പോള്‍ ബന്ധുവിന്റെ വാഹനമാണെന്നുപറഞ്ഞ് പലരും രക്ഷപ്പെടും. ആളുകള്‍ ടാക്‌സി വാഹനങ്ങള്‍ വാടകയ്ക്ക് വിളിക്കുമ്പോള്‍ ഫിറ്റ്നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവയും പരിശോധിച്ച് ഉറപ്പുവരുത്തണം.
സി.ശ്യാം. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ., കോട്ടയം.
Content Highlights: Learn about permitted rent-a-cab services-its legal limitations and safety measures