വേഗം പോലും തോൽക്കും! ഇറ്റാലിയൻ സൂപ്പർ കാർ ടെമെറാരിയോ ഇന്ത്യയിലേക്ക്

.
.

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ടെമെറാരിയോ എന്ന സൂപ്പർ കാർ ഏപ്രിൽ 30-ന് ഇന്ത്യയിലെത്തും. സൂപ്പർ ആഡംബര സ്‌പോർട്‌സ് കാറുകൾക്ക് പേരുകേട്ട ലംബോർഗിനി, റുവോൾട്ടോയ്ക്കു ശേഷം ഇന്ത്യലെത്തിക്കുന്ന മറ്റൊരു ഹൈബ്രിഡ് സൂപ്പർ കാറാണിത്.

ഹുറാക്കാന് പിൻഗാമിയായിട്ടാകും കൂടുതൽ കരുത്തുള്ള ടെമെറാരിയോ എത്തുക എന്നാണ് റിപ്പോർട്ട്. 2024 ഓഗസ്റ്റിലാണ് ടെമെറാരിയോ ആ​ഗോളവിപണിയിൽ എത്തിയത്.   

എക്സ്റ്റീരിയർ

ടെമെറാരിയോയുടെ ഡിസൈനിൽ ഹുറാക്കാന്റെ സാദൃശ്യം കാണാം. വാഹനത്തിന് ചുറ്റിലുമായി ഹെക്‌സഗണൽ ഷേപ്പിന് പ്രധാന്യം നൽകിയുള്ള ഡിസൈനുകളാണുള്ളത്. എയർ ഇൻടേക്, വിങ് മിറർ, ടെയിൽ ലൈറ്റ്, റിയർ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, ലോവർ-ലിപ് സ്‌പോയിലർ, അലോയി വീൽ, ഒആർവിഎമ്മുകൾ, ഫ്യുവൽ ടാങ്ക് ക്യാപ്  എന്നിവയിലെല്ലാം ഹെക്‌സഗണൽ ഡിസൈൻ കാണാം. 

എൽഇഡി ഡിആർഎല്ലുകൾക്കും സമാന ഡിസൈനാണുള്ളത്. നേർത്ത സെപ്റ്റ്-ബാക്ക് എൽ.ഇ.ഡി. ഹെഡ്‌ലാമ്പാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എൻജിൻ ഏരിയയിലേക്ക് എയർ എടുക്കുന്നതിനുള്ള വെന്റുകൾ നൽകിയാണ് വശങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുന്നിൽ 20 ഇഞ്ചും പിന്നിൽ 21 ഇഞ്ചും വീലുകളാണുള്ളത്. 

ഇന്റീരിയർ

ലംബോർഗിനിയുടെ ഫൈറ്റർ ജെറ്റ് തീമിലാണ് വാഹനത്തിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. റുവോൾട്ടോ എന്ന മോഡലിന് സമാനമായാണ് ഇന്റീരീയർ ഡിസൈൻ. 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെന്റർ കൺസോളിൽ നൽകിയിട്ടുള്ള വെർട്ടിക്കിൾ 8.4 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഡാഷ്ബോർഡിൽ 9.1 ഇഞ്ച് വലിപ്പമുള്ള മറ്റൊരു ഡിസ്‌പ്ലേ എന്നിവ നൽകിയിട്ടുണ്ട്. 

സീറ്റുകൾ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും വെന്റിലേഷൻ സൗകര്യമുള്ളതുമാണ്. ഡ്രൈവർ സീറ്റ് 18 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും. സ്റ്റിയറിങ്ങ് വീലിൽ ഫിസിക്കൽ കണ്ടട്രോളുകളും ഉണ്ട്. 13 ഡ്രൈവിങ്ങ് മോഡുകളും നൽകി.

എൻജിൻ

4.0 ലിറ്റർ വി8 എൻജിനാണ് വാഹനത്തെ കുതിപ്പിക്കുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സംവിധാനവും നൽകുന്നുണ്ട്.  8സ്പീഡ് ഡിസിടി ട്രാൻസ്മിഷനൊപ്പം 3.8 kWh ബാറ്ററി പായ്ക്ക് നൽകുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായാണ് ഈ എൻജിനെ സംയോജിപ്പിച്ചിരിക്കുന്നത്. 920 ബിഎച്ച്പി പവറും 800 എൻഎം പീക്ക് ടോർക്കുമാണ് എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.7 സെക്കൻഡ് മതി. 343 കിലോമീറ്ററാണ് ഉയർന്ന വേഗത. 
 

Content Highlights: Lamborghini Temerario India Launch