ഫസ്റ്റ് അല്ല ബെസ്റ്റ് ആകാനാണ് ഇഷ്ടം; ഇലക്ട്രിക് വാഹനങ്ങളുടെ വരവില്‍ നിലപാട് അറിയിച്ച് ലംബോര്‍ഗിനി

Representational Image | Photo: Lamborghini
Representational Image | Photo: Lamborghini

ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ തന്നെ ഭൂരിഭാഗം വാഹന നിര്‍മാതാക്കളും കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും അവരവരുടെ വാഹന നിരയില്‍ എത്തിച്ചുകഴിഞ്ഞു. എന്നാല്‍, ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ വാഹനനിരയില്‍ മാത്രം ഇപ്പോഴും ഇലക്ട്രിക് മോഡലിന്റെ അഭാവം നിഴലിക്കുന്നുണ്ട്. ഇതിനെ ഒരു കുറവായോ പദ്ധതിയുടെ കാലതാമസമായോ ആയി കാണുന്നില്ലെന്നും കമ്പനിയുടെ തീരുമാനമാണെന്നുമാണ് ലംബോര്‍ഗിനി മേധാവിയെ ഉദ്ധരിച്ച് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാഹനങ്ങളുടെ കാര്യത്തില്‍ ആദ്യത്തേത് എന്നതിനെക്കാള്‍ ഏറ്റവും മികച്ചത് ആകുകയെന്ന ആശയത്തിലാണ് ലംബോര്‍ഗിനി വിശ്വസിക്കുന്നതെന്നാണ് ഓട്ടോമൊബൈലി ലംബോര്‍ഗിനി  ഏഷ്യ പസഫിക് മേഖല ഡയറക്ടറായ ഫ്രാന്‍സെസ്‌കോ സ്‌കാര്‍ഡോണി അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ സ്ട്രാറ്റജി നിര്‍ണയിച്ചപ്പോള്‍ ഒരു വാഹനം എത്തേണ്ടത് ഏറ്റവും യോജിച്ച സമയത്താകണമെന്ന് തീരുമാനിച്ചതെന്നും, അതിന് കുറച്ച് സമയം ആവശ്യമാണെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്.

2030-ഓടെ ആയിരിക്കും ലംബോര്‍ഗിനിയുടെ ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങുകയെന്നാണ് കമ്പനി മേധാവി അറിയിച്ചിരിക്കുന്നത്. 2+2 ജിടി ആയിരിക്കും ഈ വാഹനം. ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഞങ്ങള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയെ കാണുന്നത്. ഞങ്ങളുടെ ഉപയോക്താക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും ഹൈബ്രിഡ് വാഹനങ്ങള്‍ക്കാണ്. രണ്ടുവര്‍ഷത്തേക്കുള്ള റുവെല്‍ട്ടോ വിറ്റുത്തീര്‍ന്നത് ഹൈബ്രിഡ് വാഹങ്ങള്‍ക്കുള്ള സ്വീകാര്യതയുടെ തെളിവാണെന്നും സ്‌കാര്‍ഡോണി പറഞ്ഞു.

ലംബോര്‍ഗിനിയെ സംബന്ധിച്ച് ഹൈബ്രിഡ്‌വത്കരണത്തിന് യാതൊരു തടസ്സങ്ങളും നേരിടുന്നില്ല. വാഹനത്തിന് കരുത്തും ഫീച്ചേഴ്‌സും കൂട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നത്. അതിലൂടെ വാഹനത്തിന് കൂടുതല്‍ പവറും ഡ്രൈവബിലിറ്റിയും ഉറപ്പാക്കാന്‍ സാധിക്കുന്നതിനൊപ്പം കുറഞ്ഞ എമിഷനും സാധ്യമാകും. ടെമെരാരിയോ എന്ന വാഹനത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ മുന്നിലെ ആക്‌സിലില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കുന്നതിനാല്‍ തന്നെ കൂടുതല്‍ വേഗമെടുക്കാനും സാധിക്കുന്നുണ്ടെന്നും ലംബോര്‍ഗിനി മേധാവി പറയുന്നു. 

ലംബോര്‍ഗിനിയുടെ വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവിലെ ട്രെന്റ് തുടര്‍ന്നാല്‍ 2024-ല്‍ ഉണ്ടായ വില്‍പ്പന നേട്ടത്തെ മറികടക്കാന്‍ 2025-ല്‍ സാധിക്കുമെന്നും ഫ്രാന്‍സെസ്‌കോ സ്‌കാര്‍ഡോണി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ലംബോര്‍ഗിനി ഇന്ത്യയുടെ വാഹന നിരയിലേക്ക് ടെമെരാരിയോ എന്ന പെര്‍ഫോമെന്‍സ് കാര്‍ എത്തിയത്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നല്‍കിയാണ് ഈ വാഹനവും എത്തിയിട്ടുള്ളത്.

Source

Content Highlights: Lamborghini confirms its first electric model arriving in 2030