നടൻ കിച്ച സുദീപിന്റെ യാത്രകൾക്ക് ഇനി ഇലക്ട്രിക് കരുത്ത്; മഹീന്ദ്ര BE6 EV സ്വന്തമാക്കി താരം

അത്യാഡംബര വാഹനങ്ങളെ വെല്ലുന്ന ലുക്കിലും അങ്ങേയറ്റം ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര നിരത്തുകളിൽ എത്തിച്ചിട്ടുള്ള ബിഇ6. ഈ കാരണങ്ങൾ കൊണ്ടുതന്നെ സെലിബ്രിറ്റികളുടെ ഇഷ്ട ഇലക്ട്രിക് വാഹന ചോയിസ് ആയി മാറാനും മഹീന്ദ്രയുടെ ഈ ബോൺ ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ബിഇ6-ന്റെ സെലിബ്രിറ്റി ഉടമകളുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരമായ കിച്ച സുദീപ്.
തമിഴ് സൂപ്പർ സ്റ്റാറായ അജിത് അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. അതിനുപുറമെ, തന്റെ പുതിയ ചിത്രമായ കറുപ്പ് സൂപ്പർ ഹിറ്റായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി തമിഴ് നടൻ സൂര്യ ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ഏതാനും വ്യക്തികൾക്ക് ബി.ഇ.6 ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകിയിരുന്നു. ഈ സെലിബ്രിറ്റി ഉടമകളിലേക്കാണ് പ്രതിനായകനായി വിവിധ ഭാഷകളിൽ തിളങ്ങുന്ന മറ്റൊരു നടൻ കൂടി എത്തിയിരിക്കുന്നത്.
ബിഇ 6 ഇലക്ട്രിക് എസ്‌യുവിയുടെ ഡെസേർട്ട് മിസ്റ്റ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ബിഇ6 പാക്ക് ത്രീ പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. 19 ഇഞ്ച് അലോയി വീൽ, ഇലക്ട്രിക് ടെയിൽഗേറ്റ്, കീ ലെസ് എൻട്രി, ഫ്‌ളെഷ് ഡോർ ഹാൻഡിൽ, അഡാപ്റ്റീവ് സസ്‌പെൻഷൻ, ലൈറ്റ് ആനിമേഷൻ നൽകിയിട്ടുള്ള എൽഇഡി ടെയ്ൽലാമ്പ്, പനോരമിക് ഗ്ലാസ് റൂഫ്, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്‌പ്ലേ, സി-ഷേപ്പ് എൽഇഡി ഡിആർഎൽ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.
മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോം ഇൻഗ്ലോ അടിസ്ഥാനമാക്കിയാണ് ബിഇ6 ഒരുങ്ങിയിരിക്കുന്നത്. പാക്ക് വൺ, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബിഇ6 എത്തുന്നത്. ഇതിൽ ഉയർന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 24.50 ലക്ഷം രൂപയിലും, അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയിലും ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയിലുമാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ബിഇ6-ലുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോർ 280 പിഎസ് പവറും 380 എൻഎം ടോർക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ബിഇ6 മോഡൽ 556 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള പതിപ്പ് 682 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്.
Content Highlights: Kichcha Sudeep opted for the Desert Mist colored Mahindra BE.6 Pack 3 variant., The vehicle features advanced tech like AR Head-up display and panoramic glass roof., Built on the INGLO platform with battery options offering up to 682 km range., Pricing starts from 18.90 lakh up to 24.50 lakh (ex-showroom)., Supports fast charging (80% in 20 minutes).