രണ്ട് ബാറ്ററി പാക്ക്, 520 കിലോ മീറ്റർ റേഞ്ച്; ഇലക്ട്രിക് SUV-കളിൽ കിയയുടെ പുതിയ പോരാളി വരുന്നു

ഇന്ത്യയിലെ വാഹനശ്രേണിയിൽ ഇലക്ട്രിക് മോഡലുകളുടെ എണ്ണം വിപുലമാക്കാനുള്ള നീക്കത്തിലാണ് കിയ മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി കിയയുടെ കോംപാക്ട് എസ്‌യുവി മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. കിയ ഇന്ത്യയുടെ വാഹനനിരയിലെ നാലാമത്തെ ഇലക്ട്രിക് വാഹനമാണ് സിറോസ്. എങ്കിലും, രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് മോഡലായിരിക്കും ഇത്.
കിയ സിറോസ് ഇവി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഈ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചതായാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 25,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ കിയ സിറോസ് ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെഗുലർ സിറോസിന്റെ രൂപത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും നൽകിയിരിക്കുന്നത്. വീതി കുറഞ്ഞ ഗ്രില്ലും ഐസ് ക്യൂബ് ഹെഡ്‌ലാമ്പും എൽ ഷേപ്പ് ഡിആർഎല്ലും റെഗുലർ സിറോസിൽ നിന്നുള്ളതാണ്. ബമ്പറിന്റെ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഫോഗ് ലാമ്പിന് ചുറ്റിലും നൽകിയിട്ടുള്ള ബോഡി കളർ പ്ലാസ്റ്റിക് ഇൻസേർട്ടും പുതുമായാണ്. 17 ഇഞ്ച് അലോയി വീൽ, ഫ്‌ളെഷ് ഡോർ ഹാൻഡിൽ, പിന്നിലെ എൽഇഡി ലൈറ്റുകൾ തുടങ്ങിയവ റെഗുലർ പതിപ്പിൽനിന്ന് കടംകൊണ്ടവയാണ്.
ഇന്റീരിയറിലെ ഫീച്ചറുകളും ഐസ് പതിപ്പുമായി പങ്കിട്ടായിരിക്കും സിറോസ് ഇവിയും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീലായിരിക്കും ഇതിൽ നൽകുക. പാഡിൽ ഷിഫ്‌റ്റേഴ്‌സിലായിരിക്കും റീജനറേഷൻ നിയന്ത്രിക്കുക. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ സംവിധാനം ഡാഷ്‌ബോർഡിൽ നൽകും. ഡാഷ് ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇലക്ട്രിക് പതിപ്പിലെ അടിസ്ഥാന ഫീച്ചറുകളാകും.
കാരൻസ് ക്ലാവിസ് ഇവിയിൽ നൽകിയിട്ടുള്ള ബാറ്ററി പാക്ക് തന്നെയായിരിക്കും സിറോസ് ഇവിയിലും നൽകുക. സ്റ്റാന്റേഡ് റേഞ്ച് മോഡലിൽ 42 കിലോവാട്ട് ബാറ്ററിയും ലോങ് റേഞ്ച് മോഡലിൽ 51.4 കിലോ വാട്ട് ബാറ്ററിയും ഒരുങ്ങും. സ്റ്റാന്റേഡ് റേഞ്ച് മോഡൽ 420 കിലോ മീറ്ററും ലോങ് റേഞ്ച് പതിപ്പ് 520 കിലോ മീറ്റർ റേഞ്ച് ഉറപ്പാക്കും. ലെവൽ-2 അഡാസ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ സിറോസ് ഇവിയുടെ സുരക്ഷ കാര്യക്ഷമമാക്കും.
Content Highlights: Kia Syros EV offers up to 520km range in the long-range variant., Dual battery options: 42 kWh and 51.4 kWh packs., Unofficial bookings are now open at dealerships for ₹25,000., Features include Level-2 ADAS, dual-screen setup, and dashcam., Expected market launch by the end of this month.