കിയ ക്ലാവിസ് നാളെ എത്തും, സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ ഉറപ്പ്; MPV കിങ് ആകുമോ?

ക്ലാവിസിന്റെ ടീസറിൽനിന്ന്| Photo: Kia Motors
ക്ലാവിസിന്റെ ടീസറിൽനിന്ന്| Photo: Kia Motors

ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യക്കാരുടെ പൾസ് ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു വാഹനനിർമാണ കമ്പനി ഉണ്ടായിരിക്കില്ല. വാങ്ങുന്ന പണത്തിനനുസരിച്ച് ഫീച്ചറുകൾ നൽകാൻ മടിച്ചുനിന്ന മറ്റു ബ്രാന്റുകളെകൊണ്ട് ഫീച്ചറുകൾ വാരിക്കോരി നൽകാൻ നിർബന്ധിതരാക്കിയ കമ്പനി. അതെ, പറഞ്ഞുവരുന്നത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിനെ കുറിച്ചാണ്. 

സെൽറ്റോസും സോണറ്റും നിരത്തുകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്തുതന്നെ കോംപാക്ട് എസ്.യു.വി സെ​ഗ്മെന്റിൽ സിറോസ് എന്ന പ്രീമിയം വാഹനം എത്തിച്ചതോടെ കിയ എന്താണ് ഇന്ത്യയിൽ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. കാരൻസ് എന്ന എംപിവി നിലനിൽക്കെ അതേ ശ്രേണിയിൽ പ്രീമിയം വാഹനമായി ക്ലാവിസ് എന്ന പുതിയ മോഡൽകൂടി കൊണ്ടുവരുന്നതോടെ തന്ത്രങ്ങൾ കൂടുതൽ വ്യക്തം. വ്യാഴാഴ്ച അവതരിപ്പിക്കുന്ന ക്ലാവിസ് എംപിവിയിൽ നിരവധി സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. 

ഇന്ത്യയിൽ കിയയുടെ രണ്ടാമത്തെ എംപിവിയാണിത്. ആദ്യ എംപിവിയായ കാരെൻസിന് മുകളിലായിരിക്കും ക്ലാവിസിന്റെ സ്ഥാനം. നേരത്തേ വാഹനത്തിന്റെ ടീസര്‍ കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വാഹനത്തിന്റെ ഫീച്ചറും ഡിസൈനും സംബന്ധിച്ച സൂചനകൾ ഇതിലുണ്ടായിരുന്നു. വാഹനം എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എന്തെല്ലാം ഫീച്ചറുകളായിരിക്കും പുത്തൻ ക്ലാവിസിൽ ഉണ്ടാകാൻ സാധ്യതയെന്ന് പരിശോധിക്കാം.

ക്ലാവിസിന്റെ ടീസറിൽനിന്ന് 

വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം

കാരെൻസിൻ്റെ ടോപ് മോഡലുകളിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും മിഡ് ട്രിമ്മുകളിൽ എട്ട് ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്. ക്ലാവീസ് ഇതിൽ ഒരുപടി മുന്നിലായിരിക്കും. ഇതിൽ 12.3 ഇഞ്ചിൻ്റെ വലിയ ടച്ച്‌സ്‌ക്രീൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സെഗ്‌മെൻ്റിലെ ഏറ്റവും വലുതാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ,  ആപ്പിൾ കാർപ്ലേ ലഭിക്കും. സൈരസിൻ്റെ മാതൃക പിന്തുടർന്ന്, ക്ലാവീസിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉണ്ടാകും. ഇത് മറ്റൊരു എംപിവിയിലും ലഭ്യമല്ലാത്ത ഒന്നാണ്.

അഡാസ് സുരക്ഷ 

ലെവൽ 2 അഡാസായിരിക്കും ക്ലാവീസിൽ ഉണ്ടായിരിക്കുക. ഈ സുരക്ഷാ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന കിയയുടെ ലൈനപ്പിലെ മൂന്നാമത്തെ വാഹനമായിരിക്കും ക്ലാവീസ്. എന്നാൽ സോണെറ്റിൽ ലെവൽ 1 അഡാസ് ആണ് ലഭിക്കുന്നത്. ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡിപ്പാർച്ചർ വാണിങ്ങ് തുടങ്ങിയവ അഡാസ് സുരക്ഷയിൽ ഉണ്ടാകും. 360 ഡിഗ്രി ക്യാമാറയും നല്‍കും. 

പനോരമിക് സൺറൂഫ്

ഇന്ത്യക്കാർക്ക് പൊതുവെ സൺറൂഫുകൾ ഇഷ്ടമാണെന്ന് വാഹനനിർമാതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ കിയ ക്ലാവീസിൽ ഒരു പനോരമിക് സൺറൂഫ് നൽകുമെന്ന് ഉറപ്പാണ്. ടീസറിൽ പനോരമിക് സൺറൂഫ് കാണാം. സിംഗിൾ പാനൽ സൺറൂഫുള്ള കാരെൻസിൽ നിന്നുള്ള ഒരു വലിയ മാറ്റമാകുമിത്.  

ബോസ് മോഡ്

ക്ലാവീസിൽ ബോസ് മോഡ് നൽകുമെന്നാണ് വിവരം. ഇതിലൂടെ രണ്ടാം നിരയിലെ യാത്രക്കാരന് പിന്നിൽനിന്ന് കോ-ഡ്രൈവർ സീറ്റിൻ്റെ ദൂരവും ലെഗ്‌റൂമും ക്രമീകരിക്കാൻ കഴിയും.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ മുൻ സീറ്റിലെ യാത്രക്കാരനും ഡ്രൈവർക്കും സൗകര്യപ്രദമാക്കും. കാരണം അവർക്ക് ഓരോരുത്തർക്കും താപനില വ്യക്തിഗതമായി ക്രമീകരിക്കാൻ കഴിയും. കാരെൻസിൻ്റെ സാധാരണ എയർ കണ്ടീഷനിങ്ങ് സിസ്റ്റത്തെ അപേക്ഷിച്ച് ഇതൊരു വലിയ നവീകരണമാണ്.

എൻജിൻ

എൻജിനെ സംബന്ധിച്ച സൂചനകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവില്‍ കാരന്‍സിലുള്ള എന്‍ജിന്‍ തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 160 എച്ച്പി പവറും 253 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ടര്‍ബോ പെട്രോള്‍, 116 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന ഡീസല്‍ എന്നിവയാണ് കാരന്‍സിലെ എന്‍ജിന്‍ ഓപ്ഷമുകൾ. ആറ് സ്പീഡ് മാനുവല്‍, ഐഎംടി, ഡിസിടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം.
 

Content Highlights: Kia Clavis launch on tommorrow