എർട്ടിഗയ്ക്ക് XL6 പോലെ, കാരൻസിന് ക്ലാവിസ്; കിയയുടെ പ്രീമിയം MVP എത്തി, ഇനിയാണ് മത്സരം

photo:kia
photo:kia

ന്ത്യക്കാരുടെ പ്രിയപ്പെട്ട എംപിവി ശ്രേണിയിലേക്ക് പുത്തൻ മോഡലായ കാരൻസ് ക്ലാവിസ് അവതരിപ്പിച്ച് കിയ. നിലവിൽ വിൽപ്പനയിലുള്ള കാരൻസ് എംപിവിയുടെ പുതുക്കിയ പ്രീമിയം പതിപ്പായാണ് ക്ലാവിസിനെ കമ്പനി എത്തിച്ചിരിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായി XL6 എന്ന വാഹനം എത്തിയപോലെയെന്ന് ചുരുക്കം. പുതിയ ചില ഡിസൈൻ ഘടകങ്ങൾ, കൂടുതൽ ഫീച്ചറുകൾ, ആധുനിക സാങ്കേതികവിദ്യ, പരിഷ്കരിച്ച ഇൻ്റീരിയർ, ആഡാസ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാമാണ് ക്ലാവിസിന്റെ സവിശേഷതകൾ. 

ആറ് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വാഹനം വിൽപ്പനയ്‌ക്കെത്തുക. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ ഏഴ് വേരിയൻ്റുകളിൽ ലഭ്യമാകും. മേയ് ഒൻപതിന് ബ്രാൻഡിൻ്റെ വെബ്സൈറ്റിലും ഡീലർഷിപ്പുകളിലും ബുക്കിങ്ങ് ആരംഭിക്കും. 

ക്ലാവീസ് എക്സ്റ്റീരിയർ  
 
കിയയുടെ പുതിയ ‘ഡിജിറ്റൽ ടൈഗർ ഫെയ്‌സ് രൂപഭം​ഗിയിലാണ് ക്ലാവീസിന്റെ നിർമാണം. വാഹനത്തിൻ്റെ മൊത്തത്തിലുള്ള രൂപകൽപന കാരൻസ് എംപിവിയുടേതിന് സമാനമാണ്. മുൻവശം കാരൻസിൽനിന്ന് വ്യത്യസ്തമാണ്. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ഹൗസിങ്ങും ബോണറ്റിൽനിന്ന് ബമ്പറിലേക്ക് ഒഴുകിവരുന്ന രീതിയിലുള്ള ഡിആർഎല്ലുകളും മനോഹരമാണ്.

പുതിയ ഡിസൈനിലുള്ള ഡ്യുവൽ ടോൺ 17ഇഞ്ച് അലോയ് വീലുകളാണ് ഉള്ളത്. പിൻഭാഗം ഏറെക്കുറേ കാരൻസിലേതിന് സമാനമാണ്. എന്നാൽ നടുവിലുള്ള കണക്ടഡ് എൽഇഡി ലൈറ്റ് ബാർ കൂടുതൽ കട്ടിയുള്ളതാണ്.ഐവറി സിൽവർ ഗ്ലോസ്, പ്യൂറ്റർ ഒലീവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ക്ലിങ് സിൽവർ, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ് എന്നിങ്ങനെ എട്ട് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം. കാരസിലേതുപോലെ 6സീറ്റ്, 7സീറ്റ് കോൺഫിഗറേഷനുകളിൽ ക്ലാവിസ് ലഭ്യമാണ്. 

ഫീച്ചറുകളും സുരക്ഷയും

സീറ്റ് അപ്ഹോൾസ്റ്ററിയിലും ഡോർ ട്രിമ്മിലും മാറ്റങ്ങളുണ്ട്. സെൽറ്റോസിൽ കണ്ട 22.62 ഇഞ്ച് ഡ്യുവൽ സ്ക്രീൻ ആണ് ഉൾവശത്തെ പ്രധാന ആകർഷണം. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ചേർന്നതാണിത്. പുതിയ ഡിസൈനിലുള്ള എസി വെൻ്റുകളും ഓട്ടോ എസി കൺട്രോളും ഉണ്ട്. സിറോസ് എസ്.യു.വിയിലേതിന് സമാനമായ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങാണുള്ളത്.   

ഏറ്റവും ഉയർന്ന വേരിയന്റായ കാരൻസ് ക്ലാവീസ് HTX+ൽ, 4വേ പവേർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ,10.25 ഇഞ്ച് സ്ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളിഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഫംങ്ഷനുകൾ  നൽകുന്ന ലെവൽ 2 ആഡാസ് സുരക്ഷയും ഉണ്ട്.  

എൻജിനും ​ഗിയർബോക്സും

കാരൻസിൽനിന്ന് വ്യത്യസ്തമായി, 160 എച്ച്.പി 1.5 ലിറ്റർ ടർബോ പെട്രോൾ 6സ്പീഡ് മാനുവൽ എന്ന ഗിയർബോക്‌സ് ഓപ്ഷൻ അധികമായി ക്ലാവീസിന് ലഭിക്കുന്നു. 115 എച്ച്പി 1.5-ലിറ്റർ പെട്രോൾ 6സ്പീഡ് മാനുവൽ, 160 എച്ച്പി 1.5-ലിറ്റർ ടർബോ-പെട്രോൾ 6സ്പീഡ് ഐഎംടി, 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക്, 116 എച്ച്.പി 1.5ലിറ്റർ ഡീസൽ 6സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവ മാറ്റമില്ലാതെ തുടരുന്നു.

വില
വിവിധ വേരിയന്റുകളുടെ വില മേയ് അവസാനത്തോടെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 10.60 ലക്ഷം രൂപയ്ക്കും 19.70 ലക്ഷം രൂപയ്ക്കും ഇടയിലാണ് കാരെൻസിന്റെ വില. അതിനാൽ ക്ലാവീസിന് വില ഉയരുമെന്ന് ഉറപ്പാണ്. മാരുതി എർട്ടിഗ (8.97 ലക്ഷം-13.26 ലക്ഷം രൂപ), XL6 (11.83 ലക്ഷം-14.87 ലക്ഷം രൂപ), ടൊയോട്ട റൂമിയോൺ (10.54 ലക്ഷം-13.83 ലക്ഷം രൂപ) എന്നിവ ഒരറ്റത്തും ടൊയോട്ട ഇന്നോവ ക്രിസ്റ്റ (19.99 ലക്ഷം-26.82 ലക്ഷം രൂപ), ഹൈക്രോസ് (19.09 ലക്ഷം-31.34 ലക്ഷം രൂപ) എന്നിവ മറുവശത്തും മത്സരത്തിനുണ്ട്. 

Content Highlights: Kia Carens Clavis revealed