ഗതാഗതമന്ത്രിയുടെ യാത്രകള്‍ക്ക് വേഗമേകാന്‍ പുതിയ SUV; സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കി ഗണേഷ് കുമാര്‍

മഹീന്ദ്ര സ്‌കോര്‍പിയോ എൻ, മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ | Photo: Facebook
മഹീന്ദ്ര സ്‌കോര്‍പിയോ എൻ, മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ | Photo: Facebook

കെഎസ്ആര്‍ടിസിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ കൈയിടാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് ലഭിക്കുന്നത്. കെഎസ്ആര്‍ടിസിയിലേക്ക് നിരവധി പുതിയ ബസുകള്‍ എത്തിച്ചതിന് പിന്നാലെ തന്റെ യാത്രകള്‍ക്ക് വേഗമേകുന്നതിനായി ഒരു പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മന്ത്രി. മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവുമധികം ആരാധകരുള്ള സ്‌കോര്‍പിയോ എന്‍ ആണ് ഗണേഷ് കുമാര്‍ തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

 വാഹനപ്രേമിയായ ഗണേഷ് കുമാറിന്റെ വാഹന ശേഖരത്തിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോയിട്ടുണ്ട്. വാഹനങ്ങളെ കുറിച്ച് ഏറെ സംസാരിക്കുന്ന അദ്ദേഹം ഏറ്റവുമധികം ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത്‌ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഓമ്‌നി വാനിനെ കുറിച്ചുമായിരിക്കും. ഒരു വിദേശ യാത്രയില്‍ കണ്ട് ഇഷ്ടമായ മിനി കൂപ്പറും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഗണേഷ് കുമാറിന്റെ വാഹനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് നില നിറത്തിലുള്ള ടൊയോട്ട ക്വാളീസാണ്.

മന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലാണ് ഇപ്പോള്‍ സ്‌കോര്‍പിയോ എന്‍. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 13.85 ലക്ഷം രൂപ മുതല്‍ 24.17 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്പി. കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്പി. കരുത്തും 300 എന്‍എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.

മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. അതിനാല്‍ സസ്പെന്‍ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലീഫ് സ്പ്രിങ് സസ്പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്പെന്‍ഷനാണ് പുതിയ സ്‌കോര്‍പിയോ എന്നിന് നല്‍കിയത്. സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലെവല്‍-2 അഡാസ് ആണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. സ്‌കോര്‍പിയോ എന്‍ നിരയിലെ ഉയര്‍ന്ന പതിപ്പായ Z8L എന്ന വേരിയന്റിലാണ് അഡാസ് നല്‍കിയിരിക്കുന്നത്.

Content Highlights: Kerala Transport Minister K.B. Ganesh Kumar has acquired a new Mahindra Scorpio-N SUV for his official travels. Discover the features and why he chose this popular vehicle.