മാരുതിയുടെ എന്‍ജിന്‍, ആള്‍ട്ടോയുടെ ടയര്‍; യുട്യൂബ് നോക്കി പഠിച്ച് യുവാവ് ഉണ്ടാക്കിയത് 'ലംബോര്‍ഗിനി'

#ജെയ്‌വിന്‍ ടി.സേവ്യർ
ലംബോര്‍ഗിനി ഹുറാകാന്‍ മാതൃകയില്‍ നിര്‍മിച്ച കാറും, നിര്‍മാതാവായ ബിബിനും.
ലംബോര്‍ഗിനി ഹുറാകാന്‍ മാതൃകയില്‍ നിര്‍മിച്ച കാറും, നിര്‍മാതാവായ ബിബിനും.

ഒരു സൂപ്പര്‍ കാര്‍ സ്വന്തമാക്കുകയെന്നത് ഏതൊരു വാഹനപ്രേമിയുടെയും സ്വപ്‌നമാണ്. എന്നാല്‍, സ്വപ്‌നം കാണുന്ന അത്ര എളുപ്പമല്ല ഇത് സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ആഗ്രഹങ്ങള്‍ മുളയിലേ നുള്ളുകയാണ് സാധാരണയായി ആളുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സ്വപ്‌നങ്ങളുടെ പിന്നാലെ സഞ്ചരിക്കാന്‍ മടിക്കുന്ന ആളുകളില്‍ വ്യത്യസ്തനാണ് എറണാകുളം തിരുവാണിയൂരിലെ ബിബിന്‍ ചാക്കോ എന്ന ചെറുപ്പക്കാരന്‍. താന്‍ സ്വപ്‌നം കണ്ടിരുന്ന വാഹനം വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അത് സ്വയം നിര്‍മിച്ചെടുത്താണ് ബിബിന്‍ വ്യത്യസ്തനാകുന്നത്. 

ലംബോര്‍ഗിനി വാഹനങ്ങളുടെ കടുത്ത ആരാധാകനാണ് ബിബിന്‍ ചാക്കോ. പ്രത്യേകിച്ച് ഹുറാകാന്‍ പോലെയുള്ള സ്‌പോര്‍ട്‌സ് കാറുകളോടാണ് കൂടുതല്‍ പ്രിയം. ഇത്തരത്തിലുളള ഒരു സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ സമീപകാലത്ത് സാധിക്കില്ലെന്ന തിരിച്ചറിവാണ് ബിബിനെ ഒരു വാഹന നിര്‍മാതാവ് ആക്കിയത്. വാങ്ങാന്‍ കഴിയാത്ത ലംബോര്‍ഗിനിയെ ബിബിന്‍ സ്വന്തമായി തന്നെ നിര്‍മിച്ചെടുക്കുകയായിരുന്നു. യുട്യൂബ് വീഡിയോകളുടെ സഹായത്തോടെ താന്‍ പഠിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ മികവും പ്രയോജനപ്പെടുത്തിയാണ് ബിബിന്റെ സ്വന്തം ലംബോര്‍ഗിനി ഒരുക്കിയിരിക്കുന്നത്. 

കുട്ടിക്കാലം മുതല്‍ തന്നെ ചെറുകാറുകള്‍ ഉണ്ടാക്കുന്ന ശീലം ബിബിന് ഉണ്ടായിരുന്നു. താന്‍ വളരുന്നതിനൊപ്പം ഉണ്ടാക്കുന്ന വാഹനത്തിന്റെ വലിപ്പം കൂടി ഒന്ന് വര്‍ധിപ്പിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വലിയ കാര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതോടെ അതിന്റെ രൂപവും ഡിസൈനും ഏതായിരിക്കണമെന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല. തന്റെ ഇഷ്ടവാഹനവും സ്വന്തമാക്കണമെന്ന് ഏറെ ആഗ്രഹിക്കുകയും ചെയ്യുന്ന ലംബോര്‍ഗിനി ഹുറാകാന്റെ രൂപമാണ് മനസില്‍ തെളിഞ്ഞത്. 

വാഹനം നിര്‍മിക്കാനുള്ള ആദ്യ ആത്മവിശ്വാസം ലഭിക്കുന്നത് യുട്യൂബ് വീഡിയോകളില്‍ നിന്നാണെന്നാണ് ബിബിന്‍ പറയുന്നത്. വിദേശ രാജ്യങ്ങളിലും മറ്റും നിരവധി ആളുകള്‍ സ്വന്തമായി കാറുകള്‍ നിര്‍മിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. വാഹനത്തിന്റെ പണി തുടങ്ങുന്ന കാലത്ത് ലംബോര്‍ഗിനി ഹുറാകാന്‍ എന്ന വാഹനം ബിബിന്‍ നേരിട്ട് കണ്ടിട്ടില്ലായിരുന്നു എന്നതാണ് ഇതിലെ പ്രധാന കൗതുകം. ഫോട്ടോയുടെ സഹായത്തോടെയാണ് വാഹനത്തിന്റെ ബോഡി നിര്‍മിച്ച് തുടങ്ങിയത്. അതുകൊണ്ടുതന്നെ അതിന്റേതായ കുറവുകള്‍ ഉണ്ടാകുമെന്നാണ് ബിബിന്‍ പ്രഥമികമായി പറയുന്നത്. 

മൂന്ന് വര്‍ഷത്തോളമായി ബിബിന്‍ ഈ ലംബോര്‍ഗിനിയുടെ പണിപ്പുരയിലാണ്. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷയുടെ എന്‍ജിനായിരുന്നു നല്‍കിയിരുന്നതെങ്കില്‍ പിന്നീട് ഇത് മാരുതി സുസുക്കി 800-ന്റെ എന്‍ജിനിലേക്ക് മാറുകയായിരുന്നു. ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. മാരുതി ആള്‍ട്ടോയുടെ ടയറാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഷാസിയും പ്ലാറ്റ്‌ഫോമും നിര്‍മിച്ച ശേഷം എന്‍ജിനും നല്‍കി വാഹനം ഓടാന്‍ കഴിയുമെന്ന് ഉറപ്പാക്കിയ ശേഷം എട്ട് മില്ലീമീറ്റര്‍ കമ്പി ഉപയോഗിച്ച് ബോഡി ഫ്രെയിം ഒരുക്കിയ ശേഷമാണ് ഫൈബറിലുള്ള ബോഡി നിര്‍മിച്ചത്.

ഡോര്‍ ഹിഞ്ച് ഉള്‍പ്പെടെയുള്ളവ ബിബിന്‍ തന്നെ തയാറാക്കിയതാണ്. പൂര്‍ണമായും പണി കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇന്റീരിയറിലെ അപ്‌ഹോള്‍സ്റ്ററി വര്‍ക്ക്, ലൈറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വര്‍ക്കുകള്‍, നല്ല സീറ്റുകള്‍ വയ്ക്കണം, എന്‍ജിന്‍ കവര്‍ ചെയ്യുന്നതിനുള്ള സംവിധാനം, പെയിന്റിങ് തുടങ്ങിയവയാണ് ബാക്കിയുള്ള പണികള്‍. സാമ്പത്തികമായി സഹായം നല്‍കാനുള്ള സ്ഥിതി കൂടുംബത്തില്‍ ഇല്ലെങ്കില്‍ തന്റെ ഈ നിര്‍മിതിയില്‍ പൂര്‍ണ പിന്തുണ കുടുംബാംഗങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ബിബിന്‍ പറയുന്നത്. ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇതുവരെ ചിലവായത്.

Content Highlights: Kerala Man Builds Lamborghini Huracán Replica- A Testament to DIY Ingenuity