കോംപസ് ഇനി ഡീസല്‍ എന്‍ജിനില്‍ മാത്രം; പെട്രോള്‍ എന്‍ജിന് വിട നല്‍കി ജീപ്പ്

ഇന്ത്യയിലെ പ്രീമിയം എസ്.യു.വികളിലെ മുന്‍നിര മോഡലുകളിലൊന്നായ ജീപ്പ് കോംപസിന്റെ പെട്രോള്‍ മോഡല്‍ നിരത്തൊഴിയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ ഇതൊരു അഭ്യൂഹം ആയിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍മാതാക്കള്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജീപ്പ് കോംപസ് നിരയില്‍ അവശേഷിച്ചിരുന്ന പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് നിര്‍മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പ്രീമിയം എസ്.യു.വി. വാഹനങ്ങളില്‍ ഡീസല്‍ എന്‍ജിന്‍ മോഡലുകളോടുള്ള താല്‍പ്പര്യം ഉയരുകയാണ്. അതിനാല്‍ തന്നെ ജീപ്പ് ഇന്ത്യ കൂടുതല്‍ ടോര്‍ക്ക് നല്‍കുന്നതും മലിനീകരണം കുറഞ്ഞതും മികച്ച ഇന്ധനക്ഷമത നല്‍കുന്നതുമായ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തും. ഇതിനുപുറമെ, കൂടുതല്‍ പ്രൊഡക്ടുകള്‍ വിപണിയില്‍ എത്തിക്കാനും ജീപ്പ് ഇന്ത്യ പദ്ധതികള്‍ ഒരുക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്റെ മോഡലിന്റെ നിര്‍മാണമാണ് കമ്പനി നിര്‍ത്തിയിരിക്കുന്നത്. 2023 ഏപ്രില്‍ ഒന്നിന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന ബി.എസ്.6 ഫെയ്‌സ് 2 മാനദണ്ഡത്തിലേക്ക് ഉയര്‍ത്താതെയാണ് ഈ എന്‍ജിനുള്ളി വാഹനം പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ പെട്രോള്‍ എന്‍ജിനിലുള്ള മാനുവല്‍ മോഡലുകളുടെ നിര്‍മാണം ജീപ്പ് അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഓട്ടോമാറ്റിക് മോഡലുകളുടെ നിര്‍മാണം അവസാനിപ്പിച്ചിരിക്കുകയാണ്.
ജീപ്പ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്ന കോംപസുകളില്‍ 50 ശതമാനവും പെട്രോള്‍ മോഡലായിരുന്നുവെന്നാണ് കണക്ക്. വിദേശ രാജ്യങ്ങളില്‍ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കോംപസുകളുടെ നിര്‍മാണം മുമ്പുതന്നെ അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വിദേശ രാജ്യങ്ങളില്‍ കോംപസ് എസ്.യു.വി. എത്തിയിരുന്നത്. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ മുഖംമിനുക്കലിന് ശേഷവും 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്.
പെട്രോള്‍ എന്‍ജിന്‍ നിര്‍ത്തുന്നതോടെ മെറിഡിയന് സമാനമായ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് കോംപസും എത്തുക. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിനാണ് കോംപസില്‍ നല്‍കിയിട്ടുള്ളത്. ഇത് 170 എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം അവസാനിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 160 എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ കോംപാസ് എത്തുന്നുണ്ട്.
Content Highlights: Jeep stop production of petrol engine compass, Jeep Compass