ജീപ്പ് കോംപസിലെ സ്‌പെഷ്യല്‍, നൈറ്റ് ഈഗിള്‍ എഡിഷന്‍ അവതരിപ്പിച്ചു; വില 20.14 ലക്ഷം മുതല്‍

ജീപ്പ് കോംപസിന്റെ പ്രത്യേക പതിപ്പ് നൈറ്റ് ഈഗിള്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്ന് വേരിയന്റിലെത്തുന്ന ഈ എസ്‌യുവിക്ക് 20.14 ലക്ഷം രൂപ മുതല്‍ 23.31 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. കോംപസിന്റെ ആദ്യ ഗ്ലോബല്‍ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് നൈറ്റ് ഈഗിള്‍ എന്നാണ് റിപ്പോര്‍ട്ട്.
വോക്കല്‍ വൈറ്റ്, എക്‌സോട്ടിക്ക റെഡ്, ബ്രില്ല്യന്റ് ബ്ലാക്ക്, മഗ്നീഷ്യോ ഗ്രേ എന്നീ നാല് നിറങ്ങളിലാണ് നൈറ്റ് ഈഗിള്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീല്‍, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഈ പതിപ്പ് മുമ്പ് തന്നെ അവതരിപ്പിച്ചിരുന്നു. 1.4 പെട്രോള്‍, 2.0 ഡീസല്‍ എന്‍ജിനുകളില്‍ 4x4, 4x2 ഡ്രൈവ് മോഡുകളിലാണ് നൈറ്റ് ഈഗിള്‍ എത്തുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ കറുപ്പാണ് ഈ വാഹനത്തിന്റെ അകത്തളത്തെയും പുറംഭാഗത്തേയും മോടിപിടിപ്പിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ല്, ബംമ്പര്‍, റൂഫ് പാനല്‍ എന്നിവ ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. വിന്‍ഡോ ലൈറ്റുകളിലും, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളിലും കറുപ്പ് പൂശിയാണ് അലങ്കരിച്ചിരിക്കുന്നത്.
അകത്തളത്തിനും കറുപ്പാണ് മിഴിവേകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഡാഷ്‌ബോര്‍ഡില്‍ ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഡിസൈനുകളുള്ളതും ബ്ലാക്ക് ടെക്‌നോ ലെതറില്‍ ഒരുങ്ങിയിട്ടുള്ള സീറ്റുകളുമാണ് നൈറ്റ് ഈഗിള്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് പാനല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ റെഗുലര്‍ കോംപസിലേതാണ് ഇതിലുമുള്ളത്.
വാഹനത്തിന് സുരക്ഷയൊരുക്കുന്നതിനായി റിവേഴ്‌സ് പാര്‍ക്കിങ്ങ് ക്യാമറ, സെന്‍സര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രാണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രീക്വന്‍സി ഡാപ്ഡ് സസ്‌പെന്‍ഷന്‍ തുടങ്ങി ഫീച്ചറുകളും നൈറ്റ് ഈഗിള്‍ എഡിഷനില്‍ നല്‍കിയിട്ടുണ്ട്.
1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ മള്‍ട്ടി എയര്‍ ടര്‍ബോ എന്‍ജിനാണ് പെട്രോള്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 160 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിലെ കരുത്ത്. ഇത് 173 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
Content Highlights: Jeep Compass Night Eagle Edition Launched In India
Content Highlights: