ഇന്ത്യക്ക് പുതിയ കോംപസില്ല, എത്തിക്കുക പുതിയ പതിപ്പ് മാത്രമെന്ന് ജീപ്പ്

ജീപ്പ് കോംപസിന്റെ പുതുതലമുറ മോഡല്‍ പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലെ ജീപ്പ് ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ്. കോംപസിന്റെ പുതുതലമുറ മോഡല്‍ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പകരം നിലവിലെ കോംപസിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയില്‍ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 2026-ലാണ് പുതുതലമുറ കോംപസ് എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.
പുതുതലമുറ ജീപ്പിനായി നിര്‍മിക്കുന്ന എസ്.ടി.എല്‍.എ-എം പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനുള്ള ഭാരിച്ച ചിലവ് കണക്കിലെടുത്താണ് ഈ പിന്മാറ്റമെന്നാണ് പ്രാഥമിക നിഗമനം. വിവിധ തരത്തിലുള്ള ബോഡികളും ഇലക്ട്രിക്, ഐസ് തുടങ്ങിയ പവര്‍ട്രെയിനുകളും സപ്പോര്‍ട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ ഇത് ചിലവേറിയതാണെന്നാണ് ജീപ്പ് വിലയിരുത്തിയത്.
പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടിരുന്നതിനെക്കാള്‍ 1.7 മടങ്ങി അധികം ചിലവാണ് വന്നിട്ടുള്ളതെന്നാണ് കണക്ക്. ഇത് ഏകദേശം 400 മുതല്‍ 500 മില്ല്യണ്‍ ഡോളറിന്റെ (3344 കോടി രൂപ-4180 കോടി രൂപ) അധിക നിക്ഷേപമാണ് ആവശ്യമായി വന്നത്. കോംപസ് എസ്.യു.വിക്ക് പുറമെ, മലേഷ്യന്‍ വിപണിയില്‍ എത്തിക്കുന്ന പ്യൂഷോ എസ്.യു.വികള്‍ക്കും കൂടിയാണ് ഈ പ്ലാറ്റ്‌ഫോം നിര്‍മിച്ചിത്.
പുതുതലമുറ മോഡലില്‍ നിന്ന് പിന്മാറിയെങ്കിലും ഇന്ത്യന്‍ നിരത്തുകള്‍ക്കായി കോംപസ് മുഖംമിനുക്കിയെത്തിക്കുമെന്നാണ് സ്റ്റെല്ലാന്റിസ് നല്‍കുന്ന ഉറപ്പ്. 2017 ജൂലായിയില്‍ എത്തിയ കോംപാസ് 2021-ലാണ് മുഖംമിനുക്കലിന് വിധേയമായത്. 2026-ല്‍ തന്നെയായിരിക്കും അടുത്ത മാറ്റത്തിന് വിധേയമാകുന്നതെന്നാണ് വിവരം.
സ്റ്റെല്ലാന്റിസിന് ഇന്ത്യന്‍ വിപണിയോട് ഉയര്‍ന്ന പ്രതിബദ്ധതയാണുള്ളതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. യു.എസിന് പുറമെ, ജീപ്പിന്റെ നാല് മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നുള്ളതാണ് സ്റ്റെല്ലാന്റിസിന് ഇന്ത്യയുമായുള്ള പ്രധാനബന്ധം. ഇന്ത്യയിലെത്തുന്ന പുതിയ വാഹനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലെങ്കിലും നിലവിലെ ഉത്പന്നങ്ങളില്‍ മാറ്റമില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
Content Highlights: Jeep cancel the new generation compass for India says report