ജയിലര്‍ ആഘോഷത്തിലെ സമ്മാനപ്പെരുമ; സംഗീത സംവിധായകനും 1.5 കോടിയുടെ പോര്‍ഷെ | Video

സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദിറിന് കലാനിധി മാരന്‍ പോര്‍ഷെ കാര്‍ സമ്മാനിക്കുന്നു | Photo: Twitter
സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദിറിന് കലാനിധി മാരന്‍ പോര്‍ഷെ കാര്‍ സമ്മാനിക്കുന്നു | Photo: Twitter

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ജയിലര്‍. ഇതിനോടകം തന്നെ 600 കോടി രൂപ കളക്ഷന്‍ നേടിയ ഈ സിനിമയുടെ വിജയാഘോഷം അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് നിര്‍മാതാക്കള്‍ ആഘോഷിക്കുന്നത്. ഇതിന്റെ നയകനനും സംവിധായകനും ആഡംബര കാറുകള്‍ സമ്മാനിച്ചതിന് പിന്നാലെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും വാഹനം സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ്.

ജയിലറിന്റെ സംവിധായകന്‍ നെല്‍സണിന് സമ്മാനിച്ചതിന് സമാനമായി പോര്‍ഷെ മകാന്‍ സൂപ്പര്‍ എസ്.യു.വി. തന്നെയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനും നിര്‍മാതാവായ കലാനധി മാരന്‍ സമ്മാനിച്ചത്. സംഗീത സംവിധായകന് വാഹനവും ഒരു ചെക്കും സ്മ്മാനിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടവയാണ്. ഇത് കണക്കിലെടുത്താണ് അദ്ദേഹം സമ്മാനം നല്‍കിയിട്ടുള്ളത്. 

ആദ്യ രണ്ടുപേര്‍ക്കും നല്‍കിയത് പോലെ തന്നെ ഒന്നിലധികം വാഹനങ്ങളുമായാണ് കലാനിധി മാരന്‍ അനിരുദ്ധിനെ കാണാന്‍ എത്തിയത്. ഇതില്‍ പോര്‍ഷെ മകാന്‍, ബി.എം.ഡബ്ല്യു എക്‌സ്5, ബി.എം.ഡബ്ല്യു ഐ.എക്‌സ് എന്നീ മൂന്ന് വാഹനങ്ങളാണ് അദ്ദേഹത്തിന് മുന്നില്‍ നിരത്തിയത്. ഈ മൂന്ന് വഹനങ്ങളും അനിരുദ്ധ് പരിശോധിക്കുന്നതിന്റേയും ഒടുവില്‍ പോര്‍ഷെ കാര്‍ ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സണ്‍ പിക്‌ചേഴ്‌സ് പങ്കിട്ടിരിക്കുന്നത്. സംവിധായകന്‍ നെല്‍സണും ഈ വാഹനമാണ് സ്വീകരിച്ചത്. 

മകാന്‍, മകാന്‍ എസ്, മകാന്‍ ജി.ടി.എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. 88.06 ലക്ഷം രൂപ മുതല്‍ 1.53 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതിലെ മകാന്‍ മോഡലില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 241 ബി.എച്ച്.പി. പവറും 370 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. മറ്റ് രണ്ട് മോഡലുകളിലും 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 434 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 

ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മൂന്ന് മോഡലുകളിലും പ്രവര്‍ത്തിക്കുന്നത്. ഇതിലെ മകാന്‍ മോഡല്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.4 സെക്കന്റാണ് എടുക്കുന്നത്. 232 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം, മകാന്‍ എസ്, ജി.ടി.എസ്. മോഡലുകള്‍ 4.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും പരമാവധി 272 കിലോമീറ്റര്‍ വേഗതയും നല്‍കിയിട്ടുണ്ട്. മകാന്‍ എസ്, ജി.ടി.എസ്. മോഡലുകള്‍ക്ക് യഥാക്രമം 1.44 കോടി, 1.53 കോടി രൂപയാണ് എക്സ്ഷോറൂം വില.

Content Highlights: Jailer movie success, Kalanithi Maran gift Porsche car to music director Anirudh Ravichander