കാര്‍ വില്‍പ്പനയുടെ പകുതിയും ആറ് സംസ്ഥാനങ്ങളില്‍ നിന്ന്; കേരളം അഞ്ചാമത്, മുന്നിൽ മഹാരാഷ്ട്ര, യുപി

മുംബൈ: രാജ്യത്തെ കാര്‍വില്‍പ്പനയില്‍ 30 ശതമാനംവരെ മൂന്നു സംസ്ഥാനങ്ങളില്‍നിന്ന്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് മൊത്തം കാര്വില്പ്പനയുടെ 30.9 ശതമാനം വരുന്നതായാണ് കാര്‍നിര്‍മാതാക്കളുടെ കൂട്ടായ്മയായ 'സിയാമി'ന്റെ കണക്ക്. ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്താകെ 10.39 ലക്ഷം കാറുകളാണ് വിറ്റഴിഞ്ഞത്. ഇക്കാലത്ത് 55.62 ലക്ഷം ഇരുചക്രവാഹനങ്ങളും വിറ്റഴിഞ്ഞു.
കേരളമടക്കമുള്ള ആറുസംസ്ഥാനങ്ങളിലാണ് രാജ്യത്തെ കാര്വില്പ്പനയുടെ പകുതിയിലധികവും വരുന്നത്. മഹാരാഷ്ട്രയില്‍ 1.32 ലക്ഷം വാഹനങ്ങളാണ് ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ വിറ്റഴിഞ്ഞത്. ആകെ വില്‍പ്പനയുടെ 12.7 ശതമാനം വരുമിത്. ഉത്തര്‍പ്രദേശില്‍ 9.7 ശതമാനമാനവും ഗുജറാത്തില്‍ 8.5 ശതമാനവുമാണ് വിപണിവിഹിതമെന്ന് സിയാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
7.4 ശതമാനം വിപണിവിഹിതമുള്ള കര്‍ണാടകയാണ് നാലാമത്. അഞ്ചാമതുള്ള കേരളത്തിന്റെ വിഹിതം 6.7 ശതമാനം വരും. ആറാമത് തമിഴ്നാടാണ്. 6.6 ശതമാനം. ഈ ആറു സംസ്ഥാനങ്ങള്‍ ചേര്‍ന്നാല്‍ മൊത്തം വില്‍പ്പനയുടെ 51.6 ശതമാനമാണ്.
ഹരിയാണ (6.5 ശതമാനം), രാജസ്ഥാന് (5.5 ശതമാനം), ഡല്‍ഹി (4.7 ശതമാനം), മധ്യപ്രദേശ് (4.1 ശതമാനം), പഞ്ചാബ് (3.7 ശതമാനം), തെലങ്കാന (3.7 ശതമാനം), പശ്ചിമബംഗാള്‍ (2.7 ശതമാനം), ആന്ധ്രപ്രദേശ് (2.5 ശതമാനം), ബിഹാര്‍ (രണ്ട് ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഇരുചക്രവാഹനവില്‍പ്പനയില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. 6.93 ലക്ഷം യൂണിറ്റുകളാണ് രണ്ടാംപാദത്തില്‍ സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. മൊത്തം വില്‍പ്പനയുടെ 12.5 ശതമാനം വരുമിത്. 11.3 ശതമാനം വിപണിവിഹിതവുമായി മഹാരാഷ്ട്ര രണ്ടാമതുവരുന്നു. കേരളത്തിന് 2.9 ശതമാനം മാത്രമാണ് ഇരുചക്രവാഹനവിപണിയിലെ വിഹിതം. എല്ലാവിഭാഗത്തിലും ഗുജറാത്ത് ആദ്യ മൂന്നില്‍ വരുന്നുണ്ട്. കാര്‍വില്‍പ്പനയില്‍ 8.5 ശതമാനം, ഇരുചക്രവാഹനം -എട്ടുശതമാനം, മുച്ചക്രവാഹനം -9.8 ശതമാനം, വാണിജ്യവാഹനം -9.4 ശതമാനം എന്നിങ്ങനെയാണ് ഗുജറാത്തിന്റെ വിപണിവിഹിതം.
Content Highlights: Discover which Indian states, including Kerala, dominate car sales. UP and Gujarat lead the pack. See full sales breakdown from SIAM.