വില പ്രഖ്യാപിക്കും മുമ്പേ ഹിറ്റായി ഹ്യുണ്ടായി ടൂസോണ്‍; 15 ദിവസത്തില്‍ നേടിയത് 3000 ബുക്കിങ്ങുകള്‍

ഹ്യുണ്ടായി ടൂസോണ്‍ | Photo: Hyundai
ഹ്യുണ്ടായി ടൂസോണ്‍ | Photo: Hyundai

ജൂലായ്‌ രണ്ടാം വാരമാണ് ഹ്യുണ്ടായി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ടൂസോണ്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന്റെ അവതരണവും വിലപ്രഖ്യാപനവും ഓഗസ്റ്റ് 10-ാം തീയതിയാണ് നടക്കുന്നത്. എന്നാല്‍, വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത സ്വീകാര്യതയാണ് പുതിയ ടൂസോണിന് ലഭിക്കുന്നതെന്നാണ് ഇതുവരെ ലഭിച്ച ബുക്കിങ്ങ് കണക്ക് നിരത്തി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബുക്കിങ്ങ് തുറന്ന് 15 ദിവസങ്ങള്‍ പിന്നിട്ടതോടെ 3000 ബുക്കിങ്ങുകള്‍ ഈ വാഹനത്തെ തേടി എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഈ വാഹനത്തിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഹ്യുണ്ടായി അല്‍കസാര്‍, പെര്‍ഫോമെന്‍സ് മോഡലായ ഐ20 എന്‍ലൈന്‍ തുടങ്ങിയ വാഹനങ്ങള്‍ വില്‍ക്കുന്ന ഹ്യുണ്ടായി സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പിലൂടെയായിരിക്കും ടൂസോണും വില്‍പ്പനയ്ക്ക് എത്തുന്നത്. 

ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലും ന്യൂജനറേഷന്‍ ഫീച്ചറുകളുമായാണ് ടൂസോണ്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. മുമ്പുണ്ടായിരുന്ന ക്രോമിയം ലൈന്‍ ഗ്രില്ലിന് പകരം ഡാര്‍ക്ക് ക്രോമിയം ഫിനിഷിങ്ങിലുള്ള പാരാമെട്രിക് ഗ്രില്ലാണ് ടൂസോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്രില്ലിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് ഡി.ആര്‍.എല്‍. ബമ്പറില്‍ ഉള്ളില്‍ സുരക്ഷിതമായാണ് ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് ലൈറ്റുകളാണ് ഹെഡ്ലൈറ്റ് ആകുന്നത്. സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പറും ചേരുന്നതോടെ മുന്‍ഭാഗത്തെ പുതുമ പൂര്‍ണമാകുന്നു.

ഏറ്റവും കുറഞ്ഞ സ്വിച്ചുകള്‍ നല്‍കി സ്‌ക്രീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങിയിട്ടുള്ള അകത്തളാണ് ടൂസോണിന്റെ സവിശേഷത. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇതിന്റെ തുടര്‍ച്ചയെന്നോണം നല്‍കിയിട്ടുള്ള ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, സ്റ്റോറേജ് സ്പേസ് തുടങ്ങി ആംറെസ്റ്റില്‍ അവസാനിക്കുന്ന കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോളാണ് ഇതിലുള്ളത്. മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവയും അകത്തളത്തെ സമ്പന്നമാക്കുന്നുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ മോഡലാണ് ടൂസോണ്‍. ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്) ആണ് ഇതില്‍ പ്രധാനമായി സുരക്ഷ ഉറപ്പാക്കുന്നത്. സാധാരണ സുരക്ഷ സംവിധാനങ്ങള്‍ക്ക് പുറമെ, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലെയില്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയില്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ്, ബ്ലൈന്‍ഡ് സ്പോട്ട് കൊളീഷന്‍ അവോയിഡന്‍സ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്റ്റോപ്പ് ആന്‍ഡ് ഗോ തുടങ്ങി 16 സുരക്ഷ ഫീച്ചറാണ് അഡാസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ ഇത്തവണയും തുടരുന്നുണ്ട്. 156 പി.എസ്. പവറും 192 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 186 പി.എസ്. പവറും 416 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ വി.ജി.ടി. ടര്‍ബോ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഡീസല്‍ എന്‍ജിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Hyundai tucson gets 3000 bookings in 15 days, Hyundai Tucson Premium SUV