വീണ്ടും മുഖം മിനുക്കുന്ന ഹ്യുണ്ടായി എലൈറ്റ് ഐ20; പുതിയ പതിപ്പ് ജൂണില്‍
ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ സ്റ്റൈലിന്റെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി നിരത്തിലെത്തിക്കുന്ന എലൈറ്റ് ഐ20. രണ്ടുതവണ തലമുറ മാറ്റത്തിന് വിധേയമായ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് വരുന്ന ജൂണില്‍ നിരത്തിലെത്തും.
2008-ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2014-ല്‍ അത് എലൈറ്റ് ഐ20-യായി വികാസം പ്രാപിക്കുകയായിരുന്നു. ഈ രണ്ട് തവണത്തേതില്‍ നിന്നും വ്യത്യസ്തമായി നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് ഐ20 ഇനിയെത്തുന്നത്.
വാഹനത്തിന്റെ ഡിസൈനിലും സ്റ്റൈലിലും ഏറെ മികവ് പുലര്‍ത്തുന്ന ഐ20, പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം പകരുമെന്നും സൂചനയുണ്ട്.
കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ അടുത്ത തലമുറയിലെ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കും. നിലവിലെ ഐ20-യില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും.
മാരുതി ബലേനൊ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ടാറ്റ അല്‍ട്രോസ് എന്നിങ്ങനെ എതിരാളികളുടെ വലിയ നിരയാണ് ഹ്യുണ്ടായി ഐ20-ക്കുള്ളത്. ബിഎസ്-6 നിലവാരത്തിലുള്ള 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഐ20 എത്തുക.
Source: AutoCar
Content Highlights: Hyundai To Launch 2020 Hyundai Elite i20 in June
Content Highlights: