വലിയ റേഞ്ച് തരുന്ന കുഞ്ഞന്‍ എസ്.യു.വി; ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ഇ.വി. ജൂണ്‍ 27-ന് അവതരിപ്പിക്കും

ഇലക്ട്രിക് വാഹനവിപണിയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനായി പുതിയ വാഹനം പുറത്തിറക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. മുമ്പ് എത്തിയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന എന്‍ട്രി-ലെവല്‍ ഇലക്ട്രിക് എസ്.യു.വിയായാണ് പുതിയ മോഡല്‍ എത്തുന്നത്. ഹ്യുണ്ടായി ഇന്‍സ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ വാഹനം ജൂണ്‍ 27-ന് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ 27 മുതല്‍ ജൂലായ് ഏഴ് വരെ നടക്കുന്ന കൊറിയയുടെ വാഹന പ്രദര്‍ശനമായ ബുസാന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2024-ല്‍ ആയിരിക്കും ഈ വാഹനം അവതരിപ്പിക്കുക. മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാറായി ഹ്യുണ്ടായി പുറത്തിറക്കുന്ന ഈ വാഹനം ആദ്യം ദക്ഷിണ കൊറിയയിലും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു.
വാഹനത്തിന്റെ രൂപവും ലൈറ്റുകളും ബാഡ്ജിങ്ങും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഹ്യുണ്ടായി പങ്കുവെച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍എല്ലുമാണ് മുഖഭാവത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചാര്‍ജിങ്ങ് സ്ലോട്ടും മുന്നിലാണ് നല്‍കിയിട്ടുള്ളത്. സണ്‍റൂഫ്, റൂഫ് റെയില്‍ എന്നിവയും ഇതിലുണ്ട്. അയോണിക്-5 മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായാണ് ഇതിലെ ടെയ്ല്‍ലാമ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഈ വാഹനം സംബന്ധിച്ചുള്ള മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 300 കിലോമീറ്ററിന് മുകളില്‍ റേഞ്ചുള്ള ചെറിയ ഇലക്ട്രിക് കാറുകള്‍ എത്തിക്കുമെന്നത് ഹ്യുണ്ടായിയുടെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഈ വാഹനത്തിന് ഉയര്‍ന്ന റേഞ്ചായിരിക്കും ഹൈലൈറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയര്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലെങ്കിലും ഫീച്ചര്‍ സമ്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഒന്നും ഹ്യുണ്ടായി നടത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യയില്‍ വിശാലമായ ഇലക്ട്രിക് വാഹന പദ്ധതികള്‍ക്കായി വലിയ നിക്ഷേപമാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ എത്തുന്നത്. 2023ല്‍ ആരംഭിക്കുന്ന നിക്ഷേപം 2032 വരെ നീളുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിനായി തമിഴ്നാട്ടില്‍ ബാറ്ററിപാക്ക് അസംബ്ലി പ്ലാന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിവര്‍ഷം 1.78 ലക്ഷം ബാറ്ററി പാക്കുകള്‍ വികസിപ്പിക്കാനുള്ള ശേഷിയിലായിരിക്കും ഈ പ്ലാന്റ് ഒരുങ്ങുക. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി സ്മാര്‍ട്ട് ഇ.വി എന്ന പദ്ധതി പ്രഖ്യാപിച്ചാണ് ഹ്യുണ്ടായിയുടെ പ്രവര്‍ത്തനം. ഈ പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപയില്‍ താഴെ 200 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഇലക്ട്രിക് മിനി എസ്.യു,വിയും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Hyundai Motors will showcased Inster electric suv on june 27th