ഉത്സവ സീസണ്‍ കളറാക്കാന്‍ ഹ്യുണ്ടായി; ഗ്രാന്റ് ഐ10 നിയോസിന്റെ 'കോര്‍പറേറ്റ് എഡിഷന്‍' അവതരിപ്പിച്ചു

ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് | Photo: Hyundai India
ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസ് | Photo: Hyundai India

ഹ്യുണ്ടായിയുടെ വാഹനനിരയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനക്കാരനായ ഗ്രാന്റ് ഐ10 നിയോസിന്റെ നിര വലുതാകുന്നു. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി നിയോസ് മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കി കോര്‍പറേറ്റ് എഡിഷന്‍ എന്ന വേരിയന്റാണ് ഹ്യുണ്ടായി പുതുതായി എത്തിച്ചിരിക്കുന്നത്. മാഗ്നയെക്കാള്‍ 19,000 രൂപ കോര്‍പറേറ്റ് എഡിഷന് അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍, ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ കോര്‍പറേറ്റ് എഡിഷന്‍ മോഡല്‍ എത്തുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന് 6.10 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 6.63 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ഡീസല്‍ എന്‍ജിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. ഇതിന് 7.19 ലക്ഷം രൂപയാണെന്ന് വില.

മാഗ്ന വേരിയന്റിനെക്കാള്‍ ഏതാനും ഫീച്ചറുകള്‍ കോര്‍പറേറ്റ് എഡിഷനില്‍ അധികമായി നല്‍കുന്നുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ഗണ്‍ മെറ്റല്‍ ഗ്രേ ഫിനീഷിങ്ങിലുള്ള 15 ഇഞ്ച് അലോയി വീല്‍, കോര്‍പറേറ്റ് ബാഡ്ജിങ്ങ് എന്നിവയാണ് ഇതില്‍ അധികമുള്ളത്. എല്‍ഇഡി ഡിആര്‍എല്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്ല്, ഫോളോ മീ ഹോം ഹെഡ് ലാമ്പ് എന്നിവ ഈ വേരിയന്റിലുമുണ്ട്.

നേരിയ മാറ്റങ്ങള്‍ അകത്തളത്തിലും ഒരുക്കുന്നുണ്ട്. 2 ഡിന്‍ സ്റ്റീരിയോ സിസ്റ്റത്തിന് പകരം 6.75 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്റി ബാക്ടീരിയര്‍ ആന്റി ഫംഗല്‍ സീറ്റിങ്ങ്, ഹാപ്പ ഫില്‍ട്ടര്‍ നല്‍കിയുള്ള എയര്‍ പ്യൂരിഫയര്‍ എന്നിവ ഈ വേരിയന്റില്‍ അധികമായി നല്‍കും. വയര്‍ലെസ് ചാര്‍ജിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ മാഗ്ന വേരിയന്റിലേത് തുടരും.

1.2 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് കോര്‍പറേറ്റ് എഡിഷന്‍ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Hyundai Launch Corporate Edition Of Grand i10 Nios

Content Highlights: