ഇന്ത്യയില്‍ ഒന്നാമനാകുമോ ഹ്യുണ്ടായി; അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്തുന്നത് 26 പുതിയ മോഡലുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതിയില്‍ നിന്ന് ഒന്നാമനാകാനുള്ള യാത്രയിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകള്‍ കൊണ്ട് ഹ്യുണ്ടായി ഇന്ത്യയിലുണ്ടാക്കിയ നേട്ടം തുടരുന്നതിനായി വലിയ പ്ലാനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ വിശാലമായ വാഹന നിരയാണ് ഹ്യുണ്ടായിയുടെ ഭാവി പദ്ധതികളില്‍ ഏറ്റവും ആകര്‍ഷകമായ നീക്കം.
2030-ഓടെ ഇന്ത്യയില്‍ 26 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. 20 ഐസ് എന്‍ജിന്‍ വാഹനങ്ങളും ആറ് ഇലക്ട്രിക് മോഡലുകളുമാണ് ഹ്യുണ്ടായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എത്തിക്കുന്നത്. ഇതുവരെ ഹ്യുണ്ടായി കൈവെച്ചിട്ടില്ലാത്ത മോഡലായ ഹൈബ്രിഡ് വാഹനങ്ങളും ഈ 26-ല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. ഹ്യുണ്ടായിയുടെ ആദ്യ ഹൈബ്രിഡ് മോഡല്‍ ഈ വര്‍ഷം തന്നെയെത്തുമെന്നും സൂചനകളുണ്ട്.
ഇന്ത്യയിലെ വിപണിയിലേക്ക് വളരെ ആവേശത്തോടെയാണ് ഇത്രയും വിശാലമായ വാഹന നിര പ്രഖ്യാപിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദമായ ഹൈബ്രിഡ് വാഹനമുള്‍പ്പെടെ 26 മോഡലുകളാണ് ഞങ്ങളുടെ പരിഗണനയിലുള്ളത്. ഹ്യുണ്ടായി ഇന്ത്യ പൂനെയില്‍ ഒരുക്കുന്ന പ്ലാന്റില്‍ ഉള്‍പ്പെടെയായിരിക്കും പുതിയ വാഹനങ്ങള്‍ ഒരുക്കുക. ഈ പ്രഖ്യാപനം ഇന്ത്യയിലെ ഹ്യുണ്ടായിയുടെ യാത്രയ്ക്ക് കൂടുതല്‍ പ്രചോദനമേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അറിയിച്ചിരിക്കുന്നത്.
പൂനെയ്ക്ക് സമീപമുള്ള തലേഗാവ് എന്ന സ്ഥലത്ത് ഹ്യുണ്ടായി നിര്‍മിക്കുന്ന പ്ലാന്റ് 2026 പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള വാഹനം ഉള്‍പ്പെടെയുള്ള പുതിയ മോഡലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാകുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഒമ്പത് എസ്‌യുവികളും മൂന്ന് ഹാച്ച്ബാക്കുകളും രണ്ട് സെഡാന്‍ മോഡലുകളും ഉള്‍പ്പെടെ 14 വാഹനങ്ങളാണ് നിലവില്‍ ഹ്യുണ്ടായി ഇന്ത്യയുടെ വാഹന നിരയിലുള്ളത്.
Content Highlights: Hyundai India unveils ambitious plans to launch 26 new models by 2030