പറക്കും കാര്‍ കെട്ടുകഥയല്ല, യഥാര്‍ഥ്യമാകും; ഫ്‌ളൈയിങ്ങ് കാറിന് പേറ്റന്റ് സമര്‍പ്പിച്ച് ഹ്യുണ്ടായി

പ്രതീകാത്മക ചിത്രം | Photo: Youtube|Hyundai Worldwide
പ്രതീകാത്മക ചിത്രം | Photo: Youtube|Hyundai Worldwide

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി എയര്‍ ടാക്‌സി രംഗത്ത് സാന്നിധ്യമറിയിക്കാനൊരുങ്ങുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ ഒന്നും വന്നിരുന്നില്ല. എല്ലാവരും മറന്നുതുടങ്ങിയ ഈ ആശയം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഫ്‌ളൈയിങ്ങ് കാറിനായി ഡിസൈന്‍ പേറ്റന്റ് സമര്‍പ്പിച്ചതോടെയാണ് ഹ്യുണ്ടായിയുടെ ഈ പദ്ധതി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 

ഹ്യുണ്ടായി തന്നെ വികസിപ്പിച്ചെടുത്ത ഡ്രോണും ഫ്‌ളൈയിങ്ങ് കാര്‍ കണ്‍സെപ്റ്റും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഈ രണ്ട് സംവിധാനങ്ങള്‍ ഒരുമിപ്പിക്കുന്നതോടെ ഒരോന്നിനും ഉണ്ടായേക്കാവുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ, ഈ രണ്ട് സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ ഭൂപ്രദേശങ്ങളില്‍ തടസ്സമില്ലാതെയുള്ള യാത്ര ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍.

ഇത്തരത്തിലുള്ള പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിന് അപ്പുറം ഹൈഡ്രജന്‍, സിന്തറ്റിക് ഓപ്ഷന്‍ തുടങ്ങി പ്രകൃതി സൗഹാര്‍ദമായ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഇത്തരം വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങളും ഹ്യുണ്ടായി നടത്തുന്നുണ്ടെന്നാണ് സൂചന. ഫ്‌ളൈയിങ്ങ് കാറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള മൊബൈല്‍ ചാര്‍ജിങ്ങ് സംവിധാനമായും ഡ്രോണിനെ ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഹ്യുണ്ടായിയുടെ പരിഗണനയിലാണ്. 

ഹ്യുണ്ടായി സമര്‍പ്പിച്ച പേറ്റന്റ് ചിത്രം | Photo: uspto.gov/Car and bike

വാഹനങ്ങളില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധിക്കുന്ന ഡ്രോണുകളും ഫ്‌ളൈയിങ്ങ് കാറുകളും ഭാവിയിലേക്കുള്ള ഗതാഗത സംവിധാനത്തിന്റെ സൂചനകളായാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ ഗതാഗത സംവിധാനത്തിന് നേരിട്ടേക്കാവുന്ന വെല്ലുവിളികള്‍ക്കുള്ള പരീക്ഷണമായും ഹ്യുണ്ടായി മുന്നോട്ട് വെക്കുന്ന ആശയമാണ് ഫ്‌ളൈയിങ്ങ് കാര്‍. ഗതാഗത മേഖലയില്‍ വാഹന നിര്‍മാതാക്കള്‍ ലക്ഷ്യം വയ്ക്കുന്ന വിപ്ലവമായാണ് ഫ്‌ളൈയിങ്ങ് കാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ വിശേഷിപ്പിക്കുന്നത്. 

2021-ല്‍ തന്നെ ഫ്‌ളൈയിങ്ങ് കാര്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ഹ്യുണ്ടായി വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. 2025-ഓടെ ഈ വാഹനം സാധ്യമാകുമെന്നായിരുന്നു ഹ്യുണ്ടായി അറിയിച്ചിരുന്നത്. ഹെലികോപ്റ്ററിന് സമാനമായി യാത്രക്കാരേയും ചരക്കുസാധനങ്ങളുമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന സംവിധാനമായാണ് ഫ്‌ളൈയിങ്ങ് കാറുകള്‍ വിലയിരുത്തപ്പെടുന്നത്. സീറോ എമിഷന്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമായിരിക്കും ഇവയെന്നതായിരുന്നു പ്രധാന സവിശേഷത. 

Content Highlights: Hyundai files patent application for flying car, Flying taxi, Hyundai Flying car