ബിവൈഡിയോട് മുട്ടാന്‍ ഹ്യുണ്ടായി; വമ്പന്‍ റേഞ്ചില്‍ ഇലക്ട്രിക് SUV എലക്‌സിയോ ചൈനയില്‍ എത്തുന്നു

Photo: Team BHP
Photo: Team BHP

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനമായിരുന്ന ടെസ്‌ലയെ വരെ തറപറ്റിച്ച പാരമ്പര്യമാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിക്കുള്ളത്. ജന്മനാടായ ചൈനയ്ക്ക് പുറമെ, ലോകത്തുടനീളം ഇലക്ട്രിക് വാഹന വിപണിയില്‍ ബിവൈഡി തരംഗമാണ്. ഈ സഹചര്യം നിലനില്‍ക്കുമ്പോഴും ബിവൈഡിയെ അതിന്റെ സ്വന്തം നാട്ടില്‍ നേരിടാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. അതും ഒരു ഇലക്ട്രിക് വാഹനവുമായി. 

ചൈനീസ് ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരിക്കുന്നതിനായി എലക്‌സിയോ എന്ന ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായി എത്തിക്കുന്നത്. ഈ ഉദ്യമത്തില്‍ ഹ്യുണ്ടായിക്ക് എല്ലാ ഗ്രൗണ്ട് സപ്പോര്‍ട്ടും ഉറപ്പാക്കി ചൈനീസ് വാഹന നിര്‍മാതാക്കളായ ബിഎഐസി മോട്ടോറും കൂടെയുണ്ട്. അതായത് ഹ്യുണ്ടായി-ബിഎഐസി മോട്ടോര്‍ സംയുക്ത സംരംഭത്തിലാണ് എലക്‌സിയോ എന്ന ഇലക്ട്രിക് എസ്‌യുവി ചൈനയിലെ നിരത്തുകളില്‍ എത്തുന്നത്. ആദ്യ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ വാഹനം വൈകാതെ നിരത്തിലെത്തിയേക്കും. 

സംയുക്തമായി വികസിപ്പിക്കുന്ന വാഹനമാണെങ്കിലും സാങ്കേതിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും ഹ്യുണ്ടായിയുടേതാണ്. ജെനിസിസ്, ഹ്യുണ്ടായി, കിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലാണ് എലക്‌സിയോ ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, ഹ്യുണ്ടായി പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഹ്യുണ്ടായിയുടെ അയോണിക് വാഹനങ്ങളുമായി രൂപസാദൃശ്യവും ഈ മോഡലിനുണ്ട്.

നാല് എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയാണ് ഹെഡ്‌ലാമ്പ് ചേംമ്പര്‍ ഒരുങ്ങിയിരിക്കുന്നത്. ബമ്പറിലുടനീളമുള്ള എല്‍ഇഡി പൊസിഷന്‍ ലൈറ്റും നല്‍കുന്നുണ്ട്. ബ്ലാക്ക്-വൈറ്റ് നിറങ്ങളിലാണ് ബമ്പര്‍, 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്. പുതുമയുള്ള ഡിസൈനിലാണ് അലോയി വീല്‍ ഒരുങ്ങയിരിക്കുന്നത്. ഫ്‌ളെഷ് ഡോര്‍ ഹാന്‍ഡില്‍ ബോഡി ക്ലാഡിങ്ങുകള്‍, എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ഡോര്‍ നിറയുന്ന ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കി ഒരുക്കിയിരിക്കുന്ന റിയര്‍ ബമ്പര്‍ എന്നിങ്ങനെയാണ് എലക്‌സിയോയുടെ ഡിസൈന്‍. 

ഇന്റീരിയറിലെ ഫീച്ചറുകള്‍ മെക്കാനിക്കല്‍ സവിശേഷതകള്‍ എന്നിവ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായിയുടെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ തന്നെ ഫീച്ചര്‍ സമ്പന്നമായായിരിക്കും ഈ വാഹനത്തിന്റെയും അകത്തളം. ഒറ്റത്തവണ ചാര്‍ജില്‍ 700 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിപാക്ക് ആയിരിക്കും എലക്‌സിയോയില്‍ നല്‍കുകയെന്നാണ് മറ്റൊരു സൂചന. 27 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയാനുള്ള ശേഷിയും ഈ വാഹനത്തിന്റെ സവിശേഷതയാണ്.

Content Highlights: Hyundai`s new EleXio electric SUV, developed with BAIC Motor, aims to compete with BYD