സൂപ്പര്‍ഹിറ്റ് ക്രെറ്റ ഇനി ഇലക്ട്രിക്കിലും; അവതരണത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി

Photo: Hyundai Design
Photo: Hyundai Design

ഹ്യുണ്ടായി ഇന്ത്യയുടെ വാഹനനിരയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലാണ് ക്രെറ്റ എന്ന മിഡ് സൈസ് എസ്.യു.വി. കോന, അയോണിക്-5 എന്നീ രണ്ട് വാഹനങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ഇലക്ട്രിക് മോഡല്‍ എന്ന ഹ്യുണ്ടായിയുടെ ആലോചന അവസാനിച്ചതും ഈ മോഡലിലായിരുന്നു. ഒടുവില്‍ ഇത് യാഥാര്‍ഥ്യമാകുകയാണ്. ഹ്യുണ്ടായി ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായ ക്രെറ്റ ജനവരി 17-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

2025 ജനുവരി 17 മുതല്‍ 22 വരെ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയുടെ ആദ്യ ദിവസമാണ് ക്രെറ്റ ഇ.വി. അവതരിപ്പിക്കുക. മഹീന്ദ്ര ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച ബി.ഇ. 6ഇ, ടാറ്റ കര്‍വ് ഇ.വി, എം.ജി. ഇസഡ്.എസ്. ഇ.വി, മാരുതിയുടെ വരാനിരിക്കുന്ന ഇ-വിത്താര തുടങ്ങിയ വാഹനങ്ങളോടായിരിക്കും ക്രെറ്റ ഇ.വിക്ക് നിരത്തില്‍ ഏറ്റുമുട്ടേണ്ടിവരിക. ഫെബ്രുവരി മാസത്തോടെ ക്രെറ്റയുടെ ഇലക്ട്രിക് മോഡലുകള്‍ നിരത്തുകളില്‍ എത്തിത്തുടങ്ങും. 

ഐസ് എന്‍ജിന്‍ ക്രെറ്റയോട് ഡിസൈന്‍ പങ്കിട്ടായിരിക്കും ഇലക്ട്രിക് പതിപ്പും എത്തുക. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവമായ ക്ലോസ്ഡ് ഗ്രില്ല്, രൂപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍, വ്യത്യസ്തമായ അലോയി വീല്‍ എന്നിവയായിരിക്കും പ്രധാനമായും വരുത്തുന്ന മാറ്റങ്ങള്‍. ഇന്റീരിയറും ക്രെറ്റയിലേതിന് സമാനമായിരിക്കും. എന്നാല്‍, അടുത്തിടെ അവതരിപ്പിച്ച പുതിയ അല്‍കസാറില്‍ നിന്ന് ഏതാനും ഫീച്ചറുകള്‍ ക്രെറ്റ ഇലക്ട്രിക്കിലേക്ക് പറിച്ചുനടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ഇരട്ട സ്‌ക്രീന്‍ ആയിരിക്കും ഇതില്‍ നല്‍കുക. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളുടേതായ സോഫ്റ്റ്‌വെയര്‍ ഇന്റര്‍ഫേസ്, ഇ.വി. ഫീച്ചറുകള്‍ എന്നിവ ഇതില്‍ നല്‍കും. ത്രീ സ്‌പോക് സ്റ്റിയറിങ് വീല്‍, ഇതിന് സമീപത്തായി നല്‍കുന്ന ഡ്രൈവ് സെലക്ടര്‍, പ്രീമിയം ഭാവം വരുത്തിയിട്ടുള്ള സെന്റര്‍ കണ്‍സോള്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും ഇന്റീരിയറില്‍ പ്രതീക്ഷിക്കാം. 

മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഹ്യുണ്ടായി നടത്തിയിട്ടില്ല. എന്നാല്‍ 138 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് റിപ്പോര്‍ട്ട്. സിംഗിള്‍ മോട്ടോര്‍ സംവിധാനത്തില്‍ എത്തുന്ന ഈ വാഹനത്തിന്റെ മുന്നിലെ ആക്‌സിലിലായിരിക്കും മോട്ടോര്‍ നല്‍കുക. 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും നല്‍കുകയെന്നാണ് സൂചനകള്‍. പ്രതിവര്‍ഷം ക്രെറ്റ ഇ.വിയുടെ 24,000 യൂണിറ്റ് ആയിരിക്കും നിര്‍മിക്കുക.

Content Highlights: Hyundai Creta`s electric version launching January 17th 2025 in India