ഹ്യുണ്ടായിയുടെ ഭാഗ്യനക്ഷത്രം; ഇന്ത്യൻ നിരത്തുകളിൽ മാത്രം 15 ലക്ഷം ക്രെറ്റ, കടൽ കടന്നതും ലക്ഷങ്ങൾ

ഇന്ത്യയിലെ മിഡ്സൈസ് എസ്യുവി ശ്രേണിയുടെ മേധാവിത്വം കൈയാളുന്ന വാഹനമാണ് ഹ്യുണ്ടായിയുടെ ക്രെറ്റ. ഓരോ മാസവും വിൽപ്പനയുടെ പുതിയ ഉയരങ്ങൾ കീഴടക്കുന്ന ഈ വാഹനം സെപ്റ്റംബർ മാസത്തോടെ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. സെപ്റ്റംബറിലെ വിൽപ്പന കൂടി പൂർത്തിയായതോടെ ഇന്ത്യൻ വിപണിയിൽമാത്രം ക്രെറ്റ 15 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടിയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
2015 ജൂലായ് മാസത്തിലാണ് ക്രെറ്റ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 15,12,306 ക്രെറ്റകൾ ഇന്ത്യയിൽ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2026 ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ 2,95,994 ക്രെറ്റകൾ ഇന്ത്യയിൽനിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സെപ്റ്റംബർ മാസത്തിലെ കണക്ക് കൂടി ചേരുന്നതോടെ കയറ്റുമതിയിൽ മൂന്ന് ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടെന്നുമാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിച്ചത് മുതലുള്ള പാസഞ്ചർ വാഹനവിൽപ്പനയുടെ 15 ശതമാനവും ക്രെറ്റയുടെ സംഭാവനയാണ്. ക്രെറ്റയുടെ അവതരണത്തിനുശേഷം ഹ്യുണ്ടായിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ 55 ശതമാനവും കൈവരിച്ചതും ക്രെറ്റയാണെന്നാണ് റിപ്പോർട്ട്. 2026-27 സാമ്പത്തിക വർഷത്തിൽ ഇതുവരെ 89,727 ക്രെറ്റകളാണ് ഹ്യുണ്ടായി ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. 2025-26ലാണ് ഏറ്റവുമധികം ക്രെറ്റ വിറ്റഴിച്ചത്. 2,01,921 യൂണിറ്റായിരുന്നു നിരത്തിലെത്തിയത്.
പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിൽ വിപണിയിൽ എത്തുന്ന വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ. 115 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 160 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 116 എച്ച്.പി. പവർ നൽകുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ക്രെറ്റയുടെ ഐ.സി.ഇ. മോഡലിലെ എൻജിൻ ഓപ്ഷനുകൾ. നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളും ക്രെറ്റയിൽ നൽകുന്നുണ്ട്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്ക് ഒറ്റ ചാർജിങ്ങിൽ 390 കിലോ മീറ്ററാണ് റേഞ്ച് നൽകുന്നത്. 51.4 കിലോ വാട്ടിന്റെ ബാറ്ററി പാക്ക് 473 കിലോ മീറ്റർ റേഞ്ചും നൽകും. 10-80 ശതമാനം ചാർജാകാൻ വേണ്ടത് വെറും 58 മിനിറ്റു മാത്രം. 11 കിലോ വാട്ട് സ്മാർട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോഗിക്കുമ്പോൾ 10-100 ശതമാനം ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂർ ആണ്.
Content Highlights: Hyundai Creta surpassed 1.5 million units sales in India since its launch in July 2015., Export milestone crossed 300,000 units by August/September 2026., Highest annual sales for Creta was recorded in 2026 with 2,01,921 units., Available in petrol, diesel, and electric powertrains with multiple battery options.