ഫെരാരിയെക്കാള്‍ പവര്‍ വേണം, ചീറിപായണം; സൂപ്പര്‍കാര്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനി

Representational Image | Photo: Great Wall Motors
Representational Image | Photo: Great Wall Motors

ഇന്ത്യയിലെ വാഹന വിപണിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഒരു കമ്പനിയായിരുന്നു ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് (ജിഡബ്ല്യുഎം). ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിന് വരെ എത്തിയിരുന്നെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മറ്റ് ആഗോള വിപണികളില്‍ കരുത്തോടെ തുടരുന്ന ജിഡബ്ല്യുഎം വേഗതയും കരുത്തുമുള്ള വാഹനങ്ങളുടെ കാര്യത്തില്‍ ഒരു മത്സരത്തിനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

സൂപ്പര്‍ കാറുകളുടെ നിര്‍മാണത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനത്തിലൂടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് നടത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയോടാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ മത്സരമെന്നും കമ്പനി മേധാവി വ്യക്തമാക്കി കഴിഞ്ഞു. ഫെരാരിയുടെ വാഹന നിരയിലെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍ കാറായ എസ്എഫ്90 എന്ന മോഡലിനെക്കാള്‍ മികച്ച മോഡലായിരിക്കും ജിഡബ്ല്യുഎം പുറത്തിറക്കുകയെന്നാണ് അവകാശപ്പെടുന്നത്. 

ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസറായ വു ഹുയിക്‌സാവോ ചൈനയിലെ ഒരു സാമൂഹിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ കാര്‍ സെഗ്മെന്റിലേക്കുള്ള പ്രവേശനം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കമ്പനിയുടെ ആദ്യ സൂപ്പര്‍കാര്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജിഡബ്ല്യുഎം ഈ സൂപ്പര്‍കാറിന്റെ പണിപ്പുരയിലാണെന്നാണ് അറിയിച്ചിരിക്കുന്നത്. 

താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ സൂപ്പര്‍കാര്‍ നിര്‍മിക്കുന്നതിലാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ശ്രദ്ധചെലുത്തുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഈ വാഹനം ഒരു അദ്ഭുതമായിരിക്കുമെന്നാണ് വു ഹുയിക്‌സാവോ പറയുന്നത്. ഈ കാര്‍ ഓടിക്കുന്ന വാഹനപ്രേമികളില്‍ അഡ്രിനാലിന്‍ റെഷ് സൃഷ്ടിക്കുന്ന ഒരു മോഡല്‍ നിര്‍മിക്കുകയെന്ന ഐഡിയയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ളതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.  

985 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫെരാരി എസ്എഫ്90 എന്ന സൂപ്പര്‍ കാറിനെക്കാള്‍ കരുത്തുള്ള വാഹനം എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അറിയിച്ചു. എന്നാല്‍, ഏത് എന്‍ജിനായിരിക്കും ജിഡബ്ല്യുഎമ്മിന്റെ സൂപ്പര്‍കാറില്‍ നല്‍കുകയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, കമ്പനിയുടെ വലിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനായിരിക്കും നല്‍കുകയെന്നാണ് വിലയിരുത്തുലുകള്‍. 

വാഹനത്തില്‍ ഉപയോഗിക്കുന്നതിനുള്ള കാര്‍ബണ്‍ ഫൈബര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വു ഹുയിക്‌സാവോ അറിയിച്ചു. ഈ വാഹനത്തിന് കരുത്തേകുന്നതിനായി പുതിയ എന്‍ജിന്‍ കൂടി കമ്പനി വികസിപ്പിക്കുമോയെന്നും അല്ലെങ്കില്‍ ഇവരുടെ തന്നെ വാഹനങ്ങളില്‍ നല്‍കുന്ന മറ്റ് എന്‍ജിനുകള്‍ നല്‍കുമോയെന്നുമാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

Source

Content Highlights: Great Wall Motors aims to rival Ferrari with a new supercar, boasting more power than the SF90