ഈ കാറിന്റെ ലോകത്തിലെ ആദ്യ ഉടമ, ഇന്ത്യയിലെത്തുന്നതും ആദ്യമായി; വീണ്ടുമൊരു ഫെരാരിയുമായി ഗൗതം സിംഘാനിയ

#Auto Desk
ഗൗതം സിംഘാനിയയും അദ്ദേഹം സ്വന്തമാക്കിയ ഫെരാരി 296 സ്‌പെഷ്യാലെയും | Photo: X/Gautam Singhania, PTI
ഗൗതം സിംഘാനിയയും അദ്ദേഹം സ്വന്തമാക്കിയ ഫെരാരി 296 സ്‌പെഷ്യാലെയും | Photo: X/Gautam Singhania, PTI

ഇന്ത്യയിൽ ഏറ്റവുമധികം സൂപ്പർ കാറുകൾ സ്വന്തമായുള്ള വ്യവസായി ഒരുപക്ഷേ റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിംഘാനിയ ആയിരിക്കും. ഏറ്റവും വേഗതയേറിയതും കരുത്തുറ്റ എൻജിനുകൾ ഉള്ളതുമായ വാഹനങ്ങൾ കണ്ടെത്തി സ്വന്തമാക്കുന്ന അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലേക്ക് ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നതും ഒരു സ്‌പെഷ്യൽ വാഹനമാണ്. ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരിയുടെ 296 സ്‌പെഷ്യാലെ ആണ് അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഏറ്റവുമൊടുവിൽ എത്തിയ വാഹനം.

പേര് പോലെ തന്നെ അൽപ്പം സ്‌പെഷ്യലാണ് ഗൗതം സിംഘാനിയയുടെ ഫെരാരിയും. ലോകത്തിൽ 296 സ്‌പെഷ്യാലെയുടെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഗൗതം സിംഘാനിയ. ഇന്ത്യയിലെ ആദ്യത്തെ ഫെരാരി 296 സ്‌പെഷ്യാലെയും സിംഘാനിയയുടെ ഈ കാറാണ്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷവും അതിന്റെ സവിശേഷതയും അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘’ലോകത്തിലെ തന്നെ ആദ്യത്തെ ഫെരാരി 296 സ്‌പെഷ്യാലെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ ഉടമയായതിൽ അഭിമാനം. ഇത് തന്നെയാണ് ഇന്ത്യയിലെയും ആദ്യത്തെ 296 സ്‌പെഷ്യലെ. ഇന്നോവേഷന്റെയും പെർഫോമെൻസിന്റെയും ഡിസൈനിന്റെയും അപൂർവ്വ സംയോജനമായ ഈ വാഹനം സ്വന്തമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുകയും വിലമതിക്കുകയും ചെയ്യുന്നു’’ – എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫെരാരി 296 സ്‌പെഷ്യാലെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.

ഫെരാരി ജിയാലൊ മൊഡേന എന്ന് വിശേഷിപ്പിക്കുന്ന യെല്ലോ നിറത്തിലുള്ള വാഹനമാണ് സിംഘാനിയ തിരഞ്ഞെടുത്തത്. സിൽവർ ഫിനിഷിങ് അലോയി പരമ്പരാഗത ഡിസൈനിന്റെ പ്രതീകമാണ്. ഫെരാരിയുടെ 296 ജിടിഎസ് സൂപ്പർ കാറിന്റെ ലിമിറ്റഡ് പ്രൊഡക്ഷൻ ട്രാക്ക് പതിപ്പായാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 6.5 കോടി രൂപയാണ് സാധാരണ ഈ വാഹനത്തിന്റെ വിലയെങ്കിലും ഗൗതം സിംഘാനിയയുടെ വാഹനം റൈറ്റ് ഹാൻഡ് ഡ്രൈവ് പതിപ്പായി എത്തിയിരിക്കുന്നതിനാൽ തന്നെ ഇതിന്റെ കൃത്യമായ വില ലഭ്യമല്ല.

ഫെരാരി 296 ജിടിഎസിൽ നൽകിയിട്ടുള്ള 3.0 ലിറ്റർ ട്വിൻ ടർബോ വി6 എൻജിനാണ് സ്‌പെഷ്യാലെയിലും നൽകിയിരിക്കുന്നത്. എന്നാൽ, ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ സ്റ്റാന്റേഡ് മോഡലിനെക്കാൾ 37 ബിഎച്ച്പി അധികമാണ്. അതായത് 700 ബിഎച്ച്പി പവറാണ് സ്‌പെഷ്യാലെ ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം ഈ പതിപ്പിൽ ഭാരം കുറഞ്ഞ ക്രാങ്ക് ഷാഫ്റ്റ്, കരുത്തുറ്റ പിസ്റ്റണുകൾ, റീഡിസൈൻ ചെയ്ത ടർബോചാർജറുകൾ എന്നിവ നൽകുന്നതാണ് റെഗുലർ മോഡലിൽ നിന്നുള്ള മാറ്റങ്ങൾ.

സൂപ്പർ കാറുകളുടെ വലിയ നിരയിലേക്കാണ് സിംഘാനിയ പുതിയ ഫെരാരി കൂടി എത്തിച്ചിരിക്കുന്നത്. മസരാറ്റി എം.സി.20, മക്ലാരൻ 720 എസ്, മക്ലാരൻ 570 എസ്, ഫെരാരി 488 പിസ്റ്റ, ഫെരാരി 296 ജി.ടി.ബി, ഫെരാരി 458 ഇറ്റാലിയ, ഫെരാരി 458 ചലഞ്ച്, ഫെരാരി എസ്.എഫ്90 സ്ട്രാഡാസ്, ഫോർഡ് റാട്രോഡ്, പോണ്ടിയാക് ഫയർബേർഡ് ട്രാൻസാം, ലോട്ടസ് എലിസ്, ഹോണ്ട് എസ്200 തുടങ്ങി നിരവധി ആഡംബര സ്പോർട്സ് കാറുകളും വിന്റേജ് കാറുകളുമാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.

Content Highlights: Gautam Singhania becomes the world's first owner of a Right-Hand Drive Ferrari 296 Speciale., This vehicle is the first-ever Ferrari 296 Speciale to be delivered in India., The supercar is a limited-production track version with a powerful 700 bhp, 3.0L twin-turbo V6 engine.